സ്വര്‍ണ നേട്ടത്തില്‍ പിന്നിലായിട്ടും മാര്‍ബേസില്‍ തന്നെ ചാംപ്യന്‍മാര്‍
തേഞ്ഞിപ്പലം: കിരീടം കൈവിട്ട എറണാകുളത്തിനു ആശ്വാസമായി കോതമംഗലം മാര്‍ബേസിലിന്റെ സ്‌കൂള്‍ ചാംപ്യന്‍ പട്ടം. ട്രാക്കിലും ഫീല്‍ഡിലും നിറഞ്ഞാടിയാണ് മാര്‍ബേസില്‍ വീണ്ടും ചാംപ്യന്‍പട്ടം നിലനിര്‍ത്തിയത്. സ്‌കൂള്‍ വിഭാഗത്തില്‍ 117 പോയിന്റ് നേട്ടവുമായാണ് മാര്‍ബേസില്‍ മലപ്പുറത്തിന്റെ മണ്ണിലും ചാംപ്യന്‍മാരായത്.
കല്ലടി കുമരംപുത്തൂര്‍ എച്ച്.എസിനെ 15 പോയിന്റ് വ്യത്യാസത്തിലാണ് മാര്‍ബേസില്‍ പിന്നിലാക്കിയത്. 2015 ല്‍ കോഴിക്കോട് നടന്ന സ്‌കൂള്‍ മീറ്റില്‍ അഞ്ച് പോയിന്റ് വ്യത്യാസത്തിലാണ് പാലക്കാട് പറളി എച്ച്.എസിനെ മാര്‍ബേസില്‍ മറികടന്നത്. അന്ന് മാര്‍ബേസിലിന്റെ സമ്പാദ്യം 91 പോയിന്റായിരുന്നു. 14 സ്വര്‍ണവും 13 വെള്ളിയും എട്ടു വെങ്കലവും നേടിയാണ് ഏറനാടിന്റ മണ്ണിലും മാര്‍ബേസില്‍ ചാംപ്യന്‍ പട്ടം നിലനിര്‍ത്തിയത്. സ്വര്‍ണ നേട്ടത്തില്‍ കല്ലടിക്ക് പിന്നിലായി പോയത് മാര്‍ബേസിലിന്റെ ചാംപ്യന്‍ പട്ടം നിറം മങ്ങുന്നതായി. 15 സ്വര്‍ണമാണ് കല്ലടിയുടെ സമ്പാദ്യം. പല ഇനങ്ങളിലായി കിട്ടിയ വെള്ളിയാണ് മാര്‍ബേസിലിനെ തുണച്ചത്. 13 വെള്ളി മാര്‍ബേസില്‍ നേടിയപ്പോള്‍ ഏഴെണ്ണമാണ് കല്ലടിയുടെ സമ്പാദ്യം. എങ്കിലും 2015 ലെ സ്വര്‍ണ നേട്ടം ഒന്‍പതില്‍ നിന്നു 14 ആക്കി ഉയര്‍ത്താന്‍ കഴിഞ്ഞത് നേട്ടമായി.
17 വര്‍ഷമായി കായിക രംഗത്തുള്ള ഷിബി മാത്യു എന്ന പരിശീലകയുടെ നേതൃത്വത്തില്‍ 28 ആണ്‍കുട്ടികളും 24 പെണ്‍കുട്ടികളും ഉള്‍പ്പെട്ട സംഘമാണ് മാര്‍ബേസിലിന് ചാംപ്യന്‍പട്ടം സമ്മാനിച്ചത്. ബിബിന്‍ ജോര്‍ജ്, അമല്‍ പി രാഘവ്, ശ്രീഹരി എന്നിവരാണ് മാര്‍ബേസിലിന്റെ കരുത്ത്. അനുമോള്‍ തമ്പിക്ക് കല്ലടിയുടെ സി ബബിത വെല്ലുവിളി ഉയര്‍ത്തിയത് തിരിച്ചടിയായി. മൂന്നു സ്വര്‍ണം പ്രതീക്ഷിച്ച് ട്രാക്കിലിറങ്ങി അനുമോള്‍ക്ക് 5000 മീറ്ററില്‍ മാത്രമാണ് സുവര്‍ണ നേട്ടം ഓടി പിടിക്കാനയത്. 2009, 2011, 2015 വര്‍ഷങ്ങളിലാണ് ഇതിന് മുന്‍പ് മാര്‍ബേസില്‍ കിരീടത്തില്‍ മുത്തമിട്ടത്. മാര്‍ബേസില്‍ ചാംപ്യന്‍ പട്ടം നേടിയെങ്കിലും സ്‌കൂള്‍ മീറ്റില്‍ എറണാകുളം ജില്ലയുടെ അപ്രമാദിത്വം അവസാനിക്കുന്ന മുന്നറിയിപ്പാണ് മലപ്പുറം മേള നല്‍കുന്നത്.
കായിക മേളകളിലെ സൂപ്പര്‍ സ്റ്റാറുകളായിരുന്നു കോതമംഗലം സെന്റ്‌ജോര്‍ജിന്റെ പ്രതാപം പടിയിറങ്ങിയതും മേഴ്‌സിക്കുട്ടന്‍ അക്കാദമിയിലെ മെഡല്‍ പ്രതീക്ഷകളായിരുന്ന ലിനറ്റ് ജോര്‍ജ്, ഗൗരി നന്ദന എന്നിവരുടെ മങ്ങിയ പ്രകടനവും എറണാകുളത്തിനു തിരിച്ചടി സമ്മാനിച്ചു. ഒപ്പം മാതിരപ്പള്ളിയുടെ നിരാശജനകമായ മുന്നേറ്റവും എറണാകുളത്തെ കാര്യമായി തന്നെ ബാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."