ജയലളിതയുടെ വേര്‍പാട്: പ്രമുഖര്‍ അനുശോചിച്ചു
ദ്രാവിഡ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വം: വി.എസ്
തിരുവനന്തപുരം: ജയലളിതയുടെ നിര്യാണത്തില്‍ ഭരണപരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ അനുശോചിച്ചു.
ജനപ്രിയ സിനിമാതാരം എന്ന നിലയില്‍നിന്ന് രാഷ്ട്രീയത്തിന്റെ പടവുകള്‍ കയറി ദ്രാവിഡ ജനഹൃദയങ്ങളില്‍ മുന്നേറ്റമുണ്ടാക്കുകയും ചിരപ്രതിഷ്ഠ നേടുകയും ചെയ്ത അപൂര്‍വ വ്യക്തിത്വമായിരുന്നു ജയലളിതയുടേതെന്നു വി.എസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സാധാരണക്കാരായ തമിഴ് ജനവിഭാഗത്തിന്റെ ദൈനംദിന ജീവിതാവശ്യങ്ങള്‍ കണ്ടറിഞ്ഞ് ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ചു എന്നതാണ് ജയലളിതയെ വ്യത്യസ്തയാക്കിയത്. തമിഴ് ജനങ്ങള്‍ക്കുണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നതായും വി.എസ് പറഞ്ഞു.
വേദനാജനകം: മന്ത്രി മൊയ്തീന്‍
തിരുവനന്തപുരം: 30 വര്‍ഷത്തോളം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജയലളിതയെന്ന തമിഴകത്തിന്റെ പ്രിയ നേതാവിന്റെ മരണം വേദനാജനകമാണെന്ന് മന്ത്രി എ.സി മൊയ്തീന്‍.
സവിശേഷമായ നേതൃപാടവും ഭരണനൈപുണ്യവും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജയലളിതയെ വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാക്കി. ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമരുളുന്ന ഒട്ടനവധി നടപടികളിലൂടെ അവര്‍ക്ക് തമിഴ് ജനതയുടെ ആകെ സ്‌നേഹവിശ്വാസങ്ങള്‍ ആര്‍ജിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷത ശക്തിപ്പെടുത്തിയ നേതാവ്: കോടിയേരി
തിരുവനന്തപുരം: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മതനിരപേക്ഷതയും ഫെഡറിലസവും ശക്തിപ്പെടുത്താന്‍ കരുത്തുറ്റ സംഭാവനകള്‍ നല്‍കിയ ഭരണാധികാരിയും രാഷ്ട്രീയ നേതാവുമായിരുന്നു ജയലളിതയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.എം.ജി.ആറിന്റെ പിന്‍ഗാമിയായി രാഷ്ട്രീയത്തിലും അധികാരത്തിലുമെത്തിയ ജയലളിത വിസ്മയകരമായ വ്യക്തിത്വമായി മാറുകയായിരുന്നു. കോണ്‍ഗ്രസിന്റെ ജനദ്രോഹ ഭരണത്തിനെതിരേയും ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വിപത്ത് തടയാനും പല ഘട്ടങ്ങളിലും ഇടതുപക്ഷവുമായി അവര്‍ സഹകരിച്ചു. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന കേന്ദ്ര- സംസ്ഥാന ബന്ധങ്ങളില്‍ സംസ്ഥാനത്തിന്റെ അധികാരം സംരക്ഷിക്കുന്നതിനും സംസ്ഥാനങ്ങളുടെ അഭിമാനം ഉയര്‍ത്തുന്നതിനും മുഖ്യമന്ത്രിയെന്ന നിലയില്‍ അവര്‍ നടത്തിയ ഇടപെടലുകള്‍ സ്മരിക്കപ്പെടുമെന്നും കോടിയേരി പറഞ്ഞു.
സാധാരണക്കാര്‍ക്കൊപ്പം നിന്ന ഭരണാധികാരി: കാനം
തിരുവനന്തപുരം: എന്നും സാധാരണക്കാര്‍ക്കൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ഭരണനടപടികള്‍ സ്വീകരിക്കുന്ന ഭരണാധികാരിയായിരുന്നു ജയലളിതയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
വ്യത്യസ്ത ചേരികളില്‍ നില്‍ക്കുമ്പോഴും തമിഴ്‌നാട്ടിലെ സി.പി.ഐയോടും പാര്‍ട്ടി നേതാക്കളോടും ജയലളിത അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എല്ലാ പ്രതിബന്ധങ്ങളെയും അവര്‍ അതിജീവിച്ചു. രാജ്യത്തിന്റെ ഫെഡറലിസവും മതേതരത്വവും കാത്തുരക്ഷിക്കാന്‍ ജയലളിത മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചുവെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."