കാര്‍ട്ടൂണ്‍ നഗരമായി കൊച്ചിയെ നടന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു
കൊച്ചി: കാര്‍ട്ടൂണ്‍ നഗരമായി കൊച്ചിയെ നടന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. കേരളാ കാര്‍ട്ടൂണ്‍ അക്കാദമി എറണാകുളം ദര്‍ബാര്‍ഹാളില്‍ നടത്തുന്ന ദേശീയ കാര്‍ട്ടൂണ്‍-കാരിക്കേച്ചര്‍ ഉല്‍സവത്തില്‍ പങ്കെടുത്തുകൊണ്ടാണ് മോഹന്‍ലാല്‍ പ്രഖ്യാപനം നടത്തിയത്.
എപ്പോഴും ചിരിക്കാന്‍ ഇഷ്ടപെടുന്ന താന്‍ വരകളുടെ ഭാഗമാകാന്‍ കഴിയുന്നത് അംഗീകാരമായിട്ടാണ് കരുതുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റു ശങ്കറിന്റെ കാര്‍ട്ടൂണുകളുടെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കാര്‍ട്ടൂണുകള്‍ക്ക് പത്രത്തിലെ മുഴുവന്‍ പേജുകളേക്കാള്‍ ഉള്‍ക്കാഴ്ച നല്കാന് കഴിയും. രാജ്യം പോക്കറ്റ് കാര്‍ട്ടൂണുകളെ ഭയപെട്ടിരുന്നു. വിമര്‍ശിച്ചും ചിരിപ്പിച്ചും കാര്ട്ടൂണുകള് വിമലീകരിക്കുകയാണ് ചെയ്യുന്നത്. കുഞ്ചനും, ചാക്യാരുമെല്ലാം ചെയ്തിരുന്ന പരിഹാസം തന്നെയാണ് ഇപ്പോള്‍ കാര്‍ട്ടൂണുകളും നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഹൈബി ഈഡന് എം.എല്‍.എ, മേയര്‍ സൗമിനി ജെയിന്, സി.പി.എം ജില്ലാ സെക്രട്ടറി പി.രാജീവ് എന്നിവര്‍ പങ്കെടുത്തു. എറണാകുളം സുഭാഷ്ബോസ് പാര്‍ക്ക്, ലളിതകലാ അക്കാദമി, ചില്‍ഡ്രന്‍സ് പാര്‍ക്ക്, കുട്ടികളുടെ തീയറ്റര്‍, എറണാകുളം പ്രസ്ക്ലബ് ആര്‍ട്ട് ഗാലറി, എറണാകുളം ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലായി നടക്കുന്ന മേള 25 ന് സമാപിക്കും. കേന്ദ്ര സാംസ്കാരിക വകുപ്പ്, കൊച്ചി കോര്പറേഷന്, ജി.സി.ഡി.എ, എറണാകുളം പ്രസ്ക്ലബ്, ഡി.ടി.പി.സി എന്നിവയുടെ സഹകരണത്തോടെയണ് പരിപാടി സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."