വാഹന പാര്‍ക്കിങ് തോന്നിയപടി: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് ദുരിതം
നെടുമങ്ങാട്: സ്വകാര്യ വാഹനങ്ങളുടെ തോന്നുംപടിയുള്ള പാര്‍ക്കിങ് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ രോഗികളെ ദുരിതത്തിലാക്കുന്നു.
ഒ.പി യില്‍ എത്തുന്നവരുടെയും സന്ദര്‍ശകരുടെയും വാഹനങ്ങള്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുന്നില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുകയാണ്. ഇതുകാരണം ക്യാഷ്വാലിറ്റിയില്‍ എത്തേണ്ട ആംബുലന്‍സുകളും അത്യാസന്ന നിലയിലുള്ള രോഗികളെ കൊണ്ടു വരുന്ന വാഹനങ്ങളും കുരുക്കില്‍പ്പെട്ട് ഏറെ നേരം വഴിയില്‍ കിടക്കേണ്ട സ്ഥിതിയാണ്.
അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിലവില്‍ ഓര്‍ത്തോ, ദന്തല്‍ വിഭാഗങ്ങള്‍ കൂടാതെ ഇന്‍ജക്ഷന്‍, ഒ.പി ടിക്കറ്റ് കൗണ്ടര്‍ എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസം ആയിരക്കണക്കിനു പേരാണ് ആശുപത്രിയിലെത്തുന്നത്. ഇവര്‍ക്കായി കൃത്യമായ പാര്‍ക്കിങ് സംവിധാനം ഒരുക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. ആശുപത്രി വളപ്പില്‍ പ്രവേശിക്കുന്ന വാഹന ഉടമകളില്‍ നിന്നും പാര്‍ക്കിങ് ഫീസ് ഈടാക്കാറുണ്ടെങ്കിലും എവിടെ പാര്‍ക്ക് ചെയ്യണമെന്ന നിര്‍ദേശം ബന്ധപ്പെട്ടവര്‍ നല്‍കുന്നില്ല.
പുതിയ കെട്ടിട നിര്‍മാണം നടക്കുന്നതിനാല്‍ മോര്‍ച്ചറിക്ക് സമീപം മുമ്പുണ്ടായിരുന്ന പാര്‍ക്കിങ് സൗകര്യം ഇപ്പോള്‍ നിലവിലില്ല.പുതിയ കാന്റീന്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തിനു സമീപവും ആശുപത്രിയിലേക്കുള്ള വഴിയരികിലും ഇരു ചക്ര വാഹന പാര്‍ക്കിങിന് സൗകര്യമൊരുക്കിയാല്‍ തിരക്ക് ഒരല്‍പ്പം കുറയ്ക്കാനാകുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
അത്യാഹിത വിഭാഗത്തിനു മുന്നില്‍ ഓട്ടോറിക്ഷകളുടെ പാര്‍ക്കിങ് ഒഴിവാക്കിയാല്‍ മാത്രം ഏറെ സ്ഥലസൗകര്യം ഉണ്ടാകുമെന്നും നിര്‍ദേശമുണ്ട്.
പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഒന്നിലധികം ആംബുലന്‍സുകള്‍ ഒരുമിച്ച് എത്തേണ്ട അടിയന്തര സാഹചര്യം ഉണ്ടായാല്‍ കടുത്ത ദുരിതമായിരിക്കും നേരിടേണ്ടി വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."