വെട്ടു കേസ് അന്വേഷിക്കാനെത്തിയ പൊലിസ് സംഘത്തിനു നേരെ കൊടുവാള് ആക്രമണം: ഒരാള്‍ പിടിയില്‍
കോവളം: വിഴിഞ്ഞത്ത് വാക്കു തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് യുവാക്കള്‍ക്ക് വെട്ടേറ്റ സംഭവം അന്വേഷിക്കാനെത്തിയ എസ്.ഐ യെയും സംഘത്തെയും വെട്ടിപ്പരുക്കേല്‍പ്പിക്കാന്‍ ശ്രമിച്ചവരില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്നും കഞ്ചാവും പൊലിസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച വാളുള്പടെയുള്ള ആയുധങ്ങളും പിടിച്ചടുത്തു.
വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനി സ്വദേശി ഇന്‍ഷാദാണ് (20)പിടിയിലായത്.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: തിങ്കളാഴ്ച രാത്രി 11 മണിയോടെ വിഴിഞ്ഞം പോസ്റ്റാഫിസിന് എതിര്‍വശത്തെ ഒഴിഞ്ഞ പുരയിടത്തില്‍ തമ്പടിച്ചിരുന്ന പ്രതിയും സുഹൃത്തുക്കളും പുല്ലൂര്‍ക്കോണം സ്വദേശികളായ യുവാക്കളുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നു വീട്ടിലേക്ക് പോവുകയായിരുന്ന യുവാക്കളെ പിന്തുടര്ന്നെത്തിയ പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്ന്പേരെയും വെട്ടിപ്പരുക്കേല്പിക്കുകയായിരുന്നു. പുല്ലൂര്‍ക്കോണം സ്വദേശികളായ വിഷ്ണു (23), വിവേക് (19), ശരത് (20) എന്നിവര്‍ക്ക് വെട്ടേറ്റത്.ഇവര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.
വിവരമറിഞ്ഞ് ഇന്നലെ രാവിലെ അന്വേഷണം നടത്താനെത്തിയ വിഴിഞ്ഞം എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലിസുകാരെ കസ്റ്റഡിയിലായ പ്രതിയും സുഹൃത്തും കൊടുവാളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന്
ബലപ്രയോഗത്തിലൂടെ പിടികൂടുന്നതിനിടയില്‍ രണ്ടാമന് രക്ഷപ്പെട്ടു.
ഇവര്‍ നിരവധി ക്രിമിനല്‍കേസുകളിലെ പ്രതികളാണെന്നും യുവാവിനെ ആക്രമിച്ച സംഘത്തിലേതടക്കം അഞ്ചു പേര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും വിഴിഞ്ഞം എസ്.ഐ രതീഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."