ജയലളിതയുടെ വേര്‍പാട്: അതിര്‍ത്തി ജില്ലകള്‍ നിശ്ചലം
തിരുവനന്തപുരം: ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന് കേരളത്തിന്റെ അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ നിശ്ചലമായി. കേരള സര്‍ക്കാര്‍ കൂടി അവധി പ്രഖ്യാപിച്ചതോടെ തിരക്ക് വളരെ കുറഞ്ഞു. കടകള്‍ അടഞ്ഞു കിടന്നു. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരത്തിലിറങ്ങിയില്ല. എല്ലാ കവലകളിലും ജയലളിതയുടെ പടംവച്ച് പ്രാര്‍ത്ഥിക്കുന്ന അണികള്‍ മാത്രം.
കളിയിക്കാവിള, വെള്ളറട, നാഗര്‍കോവില്‍, മാര്‍ത്താണ്ഡം, ചെങ്കോട്ട തുടങ്ങി കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലെ കടകള്‍ മിക്കതും അടച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ മരണം ഒദ്യോഗികമായി പ്രഖ്യാപിച്ചതോടെ വാഹന ഗതാഗതവും നിലച്ചു.
വടശേരി, അണ്ണാ, കന്യാകുമാരി ബസ് നിലയങ്ങള്‍ മരണ വിവരം പുറത്തു വന്ന രാത്രി തന്നെ അടച്ചു.
സുരക്ഷയുടെ ഭാഗമായി കന്യാകുമാരി ജില്ലയൊട്ടാകെ രണ്ടായിരത്തോളം പൊലിസിനെ വിന്യസിച്ചിട്ടുള്ളതായി കന്യാകുമാരി ജില്ലാ പൊലിസ് സൂപ്രണ്ട് ഓഫീസ് അറിയിച്ചു. തിരുവനന്തപുരം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന പാറശാല, വെള്ളറട, പൊഴിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ തമിഴ് വംശജര്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലങ്ങളില്‍ പട്രോളിങും, നിരീക്ഷണവും ശക്തമാക്കി. നാഗര്‍ കോവിലിലെ ഏറ്റവും തിരക്കേറിയ വടശേരി മാര്‍ക്കറ്റുള്‍പ്പെടെ കമ്പോളങ്ങള്‍ പൂര്‍ണമായും നിശ്ചലമായി.
ബസ് സര്‍വീസുകള്‍ നിലച്ചത് തമിഴ്‌നാട്ടിലേക്കുള്ള ട്രെയിനുകളിലെ തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായി. തലസ്ഥാനത്തുനിന്ന് കന്യാകുമാരി, മധുര, നാഗര്‍കോവില്‍ റൂട്ടുകളിലേക്കുള്ള മുംബയ്, കന്യാകുമാരി ജയന്തി ജനത, പുനലൂര്‍ മധുര പാസഞ്ചര്‍, തിരുവനന്തപുരം സെന്‍ട്രല്‍ ചെന്നൈ എഗ്മൂര്‍ ട്രെയിനുകളില്‍ യാത്രക്കാരുടെ നല്ലതിരക്ക് അനുഭവപ്പെട്ടു. സംസ്ഥാനത്തും അതീവ ജാഗ്രത തുടര്‍ന്നുവരികയാണ്. ശബരിമലയുള്‍പ്പെടെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."