വിസ വീട്ടുഡ്രൈവര്‍, ജോലി മണല്‍ കാട്ടിലെ ഒട്ടക ഫാമില്‍; ദുരിതത്തിലായ മലയാളി മോചിതനായി നാട്ടിലേക്ക് തിരിച്ചു
ദമ്മാം: ഹൗസ് ഡ്രൈവര്‍ വിസയില്‍ കൊണ്ടുവന്ന് മരുഭൂമിയില്‍ ഒട്ടകത്തെ മേയ്ക്കാന്‍ നിര്‍ബന്ധിതനായതിനാല്‍ ദുരിതത്തിലായ മലയാളി യുവാവിന് ഒടുവില്‍ മണല്‍ കാട്ടില്‍ നിന്നും മോചനം. കൊല്ലം പള്ളിമുക്ക് സ്വദേശിയായ ദീപു ദേവരാജനാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലിനെ രക്ഷപ്പെട്ട് ഒടുവില്‍ ജന്മ നാട്ടിലേക്ക് മടങ്ങാനായത്
ഒന്‍പതു മാസങ്ങള്‍ക്ക് മുന്‍പാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ ദീപു അല്‍ഹസ്സയില്‍ എത്തിയത്. പള്ളിമുക്കില്‍ തന്നെയുള്ള അയല്‍വാസിയായ ഒരു ഏജന്റ് ആണ്, ഒരു ലക്ഷം രൂപ വാങ്ങി ദീപുവിന് വിസ നല്‍കിയത്.
എന്നാല്‍ സഊദിയില്‍ എത്തിയപ്പോള്‍ സ്‌പോണ്‍സര്‍ മരുഭൂമിയുടെ ഉള്ളിലുള്ള ഒരു ഒട്ടകഫാമിലേക്കാണ് കൊണ്ടുപോയത്. അവിടത്തെ ഒട്ടകങ്ങളെ മേയ്ക്കുകയും, പരിചരിയ്ക്കുകയും ചെയ്യുന്ന ജോലിയാണ് ദീപുവിന് നല്‍കിയത്.
ചില സുഡാനികളും, സഊദികളും മാത്രമായിരുന്നു ഫാമില്‍ ജോലിയ്ക്ക് ഉണ്ടായിരുന്നത്. മരുഭൂമിയിലെ ചൂടിലും വെയിലിലും, പുറംലോകവുമായി ബന്ധമില്ലാതെ, പലപ്പോഴും ഭക്ഷണമോ, വെള്ളമോ ആവശ്യത്തിന് സമയത്ത് കിട്ടാതെ, ദീപുവിന്റെ ജീവിതം ദുരിതമയമായി മാറുകയായിരുന്നു. പലപ്പോഴും ചെയ്യുന്ന ജോലിയില്‍ കുറ്റം കണ്ടുപിടിച്ച് കൂടെയുള്ള സുഡാനികളും സ്വദേശികളും ദീപുവിനെ മര്‍ദ്ദിയ്ക്കാനും തുടങ്ങിയതോടെ ജീവിതം തന്നെ നരക തുല്യമായി മാറിയിരുന്നു.
ഇതിനിടയില്‍, ഫാമില്‍ വെള്ളവും മറ്റു സാധനങ്ങളും കൊണ്ട് വരുന്ന മലയാളികളെ കണ്ടതോടെയാണ് ആശ്വാസമായത്. നവയുഗം പ്രവര്‍ത്തകരെ ബന്ധപ്പെട്ട് തന്റെ ദയനീയാവസ്ഥ വിവരിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ മരുഭൂമിയില്‍ ഇവരെ കണ്ടെത്തുക ഏറെ പ്രയാസമായിരുന്നു. തുടര്‍ന്ന് പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ മരുഭൂമിയ്ക്കുള്ളില്‍ ദീപു ജോലി ചെയ്യുന്ന ഒട്ടകഫാമില്‍ നിന്ന് ദീപുവിനെ കണ്ടെത്തി. അവരുടെ നിര്‍ദ്ദേശപ്രകാരം ആരും കാണാതെ ഫാമില്‍ നിന്നും പുറത്തു കടന്ന ദീപുവിനെ ജീവകാരുണ്യ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി അല്‍ ഹസ്സയില്‍ കൊണ്ടുവന്നു അഭയം നല്‍കുകയായിരുന്നു.
തുടര്‍ന്ന് ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട് ദീപുവിന്റെ കേസില്‍ ഇടപെടാന്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ഹുസൈന്‍ കുന്നിക്കോട് അനുമതിപത്രം വാങ്ങി ഇവരുടെ സഹായത്തോടെ ദീപു ലേബര്‍ കോടതിയില്‍ സ്‌പോണ്‍സര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. ലേബര്‍ കോടതിയില്‍ മൂന്നു തവണ കേസ് വിളിച്ചപ്പോഴും സ്‌പോണ്‍സര്‍ കോടതിയില്‍ ഹാജരായില്ല.
തുടര്‍ന്ന് കോടതി പോലീസില്‍ വിവരമറിയിച്ചപ്പോള്‍, അപകടം മണത്ത സ്‌പോണ്‍സര്‍ കോടതിയില്‍ ഹാജരായി. ദീപുവിന്റെ നോട്ടക്കുറവ് കൊണ്ട് തന്റെ ഒരു ഒട്ടകത്തിന്റെ കുട്ടി മരണപ്പെട്ടു പോയെന്നും, അതിന് നഷ്ടപരിഹാരമായി 8000 രൂപ തരണമെന്നും സ്‌പോണ്‍സര്‍ കോടതിയില്‍ വാദിച്ചു. ഇത് തെറ്റായ ആരോപണമാണെന്നും പണം നല്‍കാന്‍ കഴിയില്ലെന്നും തര്‍ക്കപരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ ഈ കേസ് മേല്‍ക്കോടതിയിലേയ്ക്ക് റഫര്‍ ചെയ്യണമെന്നുമുള്ള ഉറച്ച നിലപാട് സ്വീകരിച്ചു. തുടര്‍ന്ന് കേസ് മറ്റൊരു തീയതിയിലേയ്ക്ക് മാറ്റി വെച്ചു.
ഇതിനിടയില്‍, ദീപുവിന് വിസ നല്‍കിയ ഏജന്റിനെ പലതവണ ബന്ധപ്പെട്ടെങ്കിലും, അയാള്‍ ഒരു സഹായവും ചെയ്യാന്‍ തയ്യാറല്ലായിരുന്നു. കൂടാതെ, കോടതിയുടെ പുറത്ത് സ്‌പോണ്‍സറുമായി പലപ്രാവശ്യം ഒത്തുതീര്‍പ്പ് ചര്‍ച്ചയും നടത്തി. എന്നാല്‍ വിസയ്ക്കും മറ്റുമായി തനിയ്ക്ക് ചെലവാക്കേണ്ടി വന്ന ഭീമമായ തുകയുടെ കണക്കുകള്‍ പറഞ്ഞ സ്‌പോണ്‍സര്‍ ഒടുവില്‍ 2000 രൂപ നഷ്ടപരിഹാരം നല്‍കിയാല്‍ ഒത്തുതീര്‍പ്പിന് തയ്യാറാകാമെന്ന് അറിയിച്ചു.
സാമൂഹ്യ പ്രവര്‍ത്തകര്‍ പണം സമ്പാദിച്ച് നല്‍കിയതിനെ തുടര്‍ന്ന് ഒടുവില്‍ സ്‌പോണ്‍സര്‍ ദീപുവിന്റെ പാസ്സ്‌പോര്‍ട്ടും ഫൈനല്‍ എക്‌സിറ്റും നല്‍കുകയായിരുന്നു. ജീവ കാരുണ്യ പ്രവര്‍ത്തകര്‍ തന്നെ വിമാന ടിക്കറ്റും സംഘടിപ്പിച്ചു നല്‍കിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് ദുരിത ജീവിതത്തില്‍ നിന്നും മോചനമായത്.തന്നെ സഹായിച്ചവര്‍ക്ക് നിറഞ്ഞ കണ്ണുകളോടെ നന്ദി രേഖപ്പെടുത്തി ദീപു നാട്ടിലേയ്ക്ക് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."