അമിത ജല ചൂഷണം; പെപ്‌സിക്ക് മുന്നില്‍ ജനകീയ പാര്‍ലിമെന്റ് നടത്തുമെന്ന്
പാലക്കാട്: പുതുശേരി മേഖലയിലെ ജലചൂഷണ കമ്പനികളെ നിയന്ത്രിക്കണമെന്നും പെപ്‌സിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രചരണ - പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാന്‍ ജലചൂഷണ വിരുദ്ധ സമിതി രൂപീകരിച്ചു. എം ബി രാജേഷ് എം പി ചെയര്‍മാനും സുഭാഷ് ചന്ദ്രബോസ് കണ്‍വീനറുമായ സമിതയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്ത് ഏറ്റവും അധികം ഭുഗര്‍ഭ സ്ഥലമുള്ളത് ശാസ്ത്രീയ രീതിയില്‍ കണ്ടെത്തിയത് പുതുശേരി പഞ്ചായത്തില്‍ പെപ്‌സി കമ്പനി വന്‍തോതിലാണ് ജലചൂഷണം നടത്തുന്നത്. ഇതു പോലെ മൂന്നിലധികം വന്‍കിട ഡിസ്റ്റലറികളും ഏതാനും കുടിവെള്ള കമ്പനികളും പഞ്ചായത്തിലുണ്ട്. ഇവയെല്ലാം ഭുഗര്‍ഭ ജലചൂഷണം നടത്തുന്നത് മൂലം ഈ മേഖല കടുത്ത വരള്‍ച്ചയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. പെപ്‌സി കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പുതുശേരി പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും കമ്പനിയുടെ പ്രവര്‍ത്തനം തുടരുകയാണ്.
ഇത്തരമൊരു സഹാചര്യത്തിലാണ് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചതെന്ന് കണ്‍വീനര്‍ സുഭാഷ് ചന്ദ്രബോസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി ഒന്‍പതിന് രാവിലെ പത്തിന് പെപ്‌സി കമ്പനി പരിസരത്ത് ജനകീയ പാര്‍ലിമെന്റ് സംഘടിപ്പിക്കും. വി.എസ് അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സി.കെ രാജേന്ദ്രന്‍, എം.ബി രാജേഷ് എം.പി, എ പ്രഭാകരന്‍, കെ.വി വിജയദാസ് എം.എല്‍.എ പങ്കെടുക്കും.
ജലചൂഷണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങളുടെ ഒപ്പ് ശേഖരണം നടത്തും. ജനുവരിയില്‍ തദ്ദേശസ്വയഭരണം സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുംജലചൂഷണ വിരുദ്ധ സമിതി ഭാരവാഹികളും ചേര്‍ന്ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തി കേന്ദ്രസര്‍ക്കാറിന് ഒപ്പ് ശേഖരണം സമര്‍പിക്കും. ഫെബ്രുവരിയില്‍ ജലചൂഷണത്തിനെതിരേ പഞ്ചായത്തില്‍ ബോധക്ലിനിക്കുകളുും ജാഥയും നടത്തും.
പുതുശേരി പഞ്ചായത്തിലെ ജലചൂഷണ രീതികള്‍, കുടിവെള്ള സ്രോതസുകള്‍ നശിപ്പിക്കല്‍, മലിനപ്പെടുത്തല്‍, കമ്പനികളുടെ കൊള്ള തുടങ്ങിയവയെക്കുറിച്ച് സമിതിയുടെ നേതൃത്വത്തില്‍ വിഗ്ദധ സമിതി രൂപീകരിച്ച് പഠനവും സര്‍വേയും നടത്തി രേഖ പ്രസിദ്ധികരിക്കും.
ഈ രേഖ മുന്‍നിര്‍ത്തി ജലചൂഷണത്തിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുന്ന ധവളപത്രം പുറപ്പെടുവിക്കുവാന്‍ ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെടുമെന്നും സമിതി കണ്‍വീനര്‍ എസ് സുഭാഷ് ചന്ദ്രബോസ് അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പുതുശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍, റഷീദ് കണിച്ചേരി, പ്രദോഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."