മീലാദുന്നബി ആഘോഷത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി
മാള: സ്‌നേഹത്തിന്റെ ദീപ്ത സ്മരണകളുമായി വിരുന്നെത്തുന്ന മീലാദുന്നബി ആഘോഷത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. ഹിജ്‌റാബ്ദത്തിലെ മൂന്നാമത്തെ മാസമായ റബീഉല്‍ അവ്വല്‍ പിറന്നതോടെ നാടെങ്ങും മീലാദുന്നബി ആഘോഷത്തിന് സ്‌നേഹോഷ്മള തുടക്കം. തിരുനബിക്ക് മാനവരോടുള്ള അതിരറ്റ സ്‌നേഹവും വിശ്വാസികള്‍ക്ക് പുണ്യ റസൂലിനോടുള്ള അവാച്യ സ്‌നേഹവും വിളംബരം ചെയ്യുന്ന മൗലീദുകളുടെ താളാത്മക ഇശലുകളാല്‍ റബീഅ് 12 വരെയുള്ള രാപ്പകലുകള്‍ ധന്യമാകും. പ്രവാചക സ്‌നേഹത്തിന്റെ ദീപ്ത സ്മരണകളിലേക്കാണ് മൗലീദുകള്‍ വിശ്വാസികളെ നയിക്കുന്നത്. മസ്ജിദുകളിലും മദ്‌റസകളിലും വീടുകളിലുമെല്ലാം നബികീര്‍ത്തന സദസുകള്‍ക്ക് തുടക്കമായി.
മദ്‌റസകളില്‍ മീലാദ് കലോത്സവത്തിന്റെ പരിശീലന പരിപാടികള്‍ ആരംഭിച്ചു. മീലാദുന്നബി കലോത്സവങ്ങള്‍ പ്രവാചക സ്‌നേഹത്തിന്റെ സര്‍ഗാത്മക വസന്തം വിരിയുന്ന മേളകളാണ്. നബിദിനത്തെ സ്വാഗതം ചെയ്യുന്ന കമനീയമായ കമാനങ്ങളും കട്ടൗട്ടുകളും ബാനറുകളും പോസ്റ്ററുകളും നാടെങ്ങും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു.
മദ്‌റസകളും മസ്ജിദുകളും അങ്കണങ്ങളും അരങ്ങുകളാലും അലങ്കാര ബള്‍ബുകളാലും അണിഞ്ഞൊരുങ്ങി കൊണ്ടിരിക്കുകയാണ്.
മനോഹരമായ നബിദിനാശംസ കാര്‍ഡുകളും സ്‌ററിക്കറുകളും കലണ്ടറുകളും കൊടികളും തൊപ്പികളും സപ്‌ളിമെന്റെുകളും വിതരണത്തിന് തയ്യാറായികൊണ്ടിരിക്കുന്നു. മീലാദുന്നബി നാടുണര്‍ത്തല്‍, സന്ദേശ യാത്ര,വിളംബര റാലി , ഘോഷയാത്ര, പതാക ഉയര്‍ത്തല്‍ അന്നദാനം, മീലാദ് പ്രഭാഷണങ്ങള്‍, റിലീഫ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും ആഘോഷത്തിന്റെ ഭാഗമായി നടക്കും.
മാരേക്കാട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 12 ന് രാവിലെ 8 ന് പ്രസിഡന്റ് കെ എ ഇബ്‌റാഹീം പതാക ഉയര്‍ത്തും. 8 30 ന് ഘോഷയാത്ര,11 30 ന് മൗലീദ് സദസ്, 7 ന് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കലാമത്സരങ്ങള്‍,എന്നിവ നടക്കും. രാത്രി 8 ന് പ്രവാചക ദര്‍ശനം എന്ന വിഷയത്തില്‍ അഷറഫ് അഷറഫി പന്താവൂര്‍ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."