തീരമണല്‍ അനധികൃതമായി കടത്തുന്ന മണല്‍ മാഫിയസംഘം വീണ്ടും സജീവമാകുന്നു
ചാവക്കാട്: മുനക്കക്കടവ് അഴിമുഖത്ത് തീരമണല്‍ അനധികൃതമായി കുഴിച്ചെടുത്ത് കടത്തുന്ന മണല്‍ മാഫിയ സംഘം വീണ്ടും സജീവമാകുന്നു. പരാതി നേരിട്ട് പറഞ്ഞിട്ടും പൊലിസ് അധികൃതര്‍ നിസംഗതയില്‍. കടപ്പുറം പഞ്ചായത്തിലെ മുനക്കക്കടവ് അഴിമുഖത്ത് മഖത്ത് പണി പൂര്‍ത്തിയായ നിര്‍ദിഷ്ട തീരദേശ പൊലിസ് സ്റ്റേഷന്‍ കെട്ടിടത്തിനു പുറകില്‍ പുഴയിലും പുഴയോരത്തുമായാണ് അനധികൃതമായി മണല്‍ കുഴിച്ചെടുക്കല്‍ സജീവമായത്. വൈകുന്നേരം ഏഴോടെയാണ് മണല്‍ മാഫിയ സജീവമാകുന്നത്.
മുനക്കക്കടവ് അഴിമുഖം റോഡില്‍ നിന്ന് രാത്രികാലത്ത് ആരുമെത്തില്ലെന്ന തിരിച്ചറിവിലാണ് മണല്‍ മാഫിയ ഈ പ്രദേശത്ത് തമ്പടിച്ച് പുഴയോരത്തെ മണല്‍ കുഴിച്ചെടുക്കുന്നത്. വഞ്ചികളില്‍ കയറ്റിയ മണ്ണ് അക്കരെ ചേറ്റുവ ഭാഗത്തും കൂരിക്കാട്, വെന്മേനാട്, ഇടിയഞ്ചിറ എന്നിവിടങ്ങളിലും സംഭരിച്ചാണ് വില്‍പന നടത്തുന്നത്.
ഈ ഭാഗങ്ങളിലെത്തുന്ന ഉപ്പു മണല്‍ കഴുകി വൃത്തിയാക്കി ഭാരതപ്പുഴയിലേയും , പട്ടാമ്പിയിലേയും മണലാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കെട്ടിട നിര്‍മാണത്തിനുള്ള ആവശ്യക്കാര്‍ക്കെത്തിക്കുന്നത്. ഇത്തരം മണലിന് വന്‍ വില നല്‍കിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വാങ്ങുന്നത്. വെള്ളമടിച്ചു കഴുകിയാലും മണലില്‍ ഉപ്പിന്റെ അംശം കൂടുതല്‍ ഉള്ളതിനാല്‍ ഇതുപയോഗിച്ചുള്ള നിര്‍മാണം കെട്ടിടങ്ങളുടെ ബലക്ഷയത്തിന് കാരണമാകുന്നുണ്ട്. മേഖലയില്‍ നിര്‍മാണത്തിനിടെ നിലം പതിച്ച പല കെട്ടിടങ്ങള്‍ക്കും ഉപ്പ് മണല്‍ ഉപയോഗിച്ചതാണെന്ന ആരോപണമുണ്ടായിട്ടുമുണ്ട്. ഒട്ടേറെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നതിനാല്‍ അഴിമുഖത്തുനിന്നുള്ള മണല്‍ക്കടത്ത് നിയമംമൂലം നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ രാത്രിയുടെ മറവില്‍ പൊലിസ് ഉള്‍പ്പടെയുള്ളവരുടെ കണ്ണുവെട്ടിച്ചാണ് മണല്‍ക്കടത്ത് സജീവമായി നടക്കുന്നത്. മദ്യ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ളവരാണ് മേഖലയിലെ മണല്‍ കടത്തിലെ പ്രധാനികള്‍. ക്രിമിനല്‍ സംഘങ്ങള്‍ നേതൃത്വത്തില്‍ മാഫിയ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കെതിരെ പ്രതികരിക്കാന്‍ നാട്ടുകാര്‍ക്കും ഭയമാണ്. കരയില്‍ നിന്നെടുക്കുന്ന കുഴികള്‍ വേലിയേറ്റത്തില്‍ നേരം വെളുക്കുമ്പോള്‍ തന്നെ മൂടിപ്പോകുന്നതിനാല്‍ മണലെടുക്കുന്നത് അറിയാതെ പോകുകയാണ്. തീരത്തേക്ക് വെള്ളം കയറിയാണ് ഇത്തരം കുഴികള്‍ അപ്രത്യക്ഷമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."