ആയിരം കിലോ തൂക്കമുള്ള 'സുല്‍ത്താന്‍' താരമാകുന്നു
മതിലകം: ആയിരം കിലോ തൂക്കമുള്ള പോത്ത് താരമാകുന്നു. മതിലകം സി.കെ വളവിനടുത്ത് പൂവ്വാലുപറമ്പില്‍ അമീറിന്റെ വീട്ടിലാണ് ആയിരം കിലോയോളം തൂക്കം വരുന്ന കൂറ്റന്‍പോത്തുള്ളത്. 'സുല്‍ത്താന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ പോത്തിന് അഞ്ചടിയിലേറെയാണ് ഉയരം. മുറ എന്ന ഇനത്തില്‍പെട്ട ഈ പോത്തിന്‍ കൂറ്റനെ രണ്ട് വര്‍ഷം മുമ്പ് മതിലകം സ്വദേശി കുട്ടനാണ് ഹരിയാനയില്‍ നിന്നും മതിലകത്തെത്തിച്ചത്. മാടുകളുടെ മൊത്തക്കച്ചവടക്കാരനായ ഇയാളില്‍ നിന്നും ആറ് മാസം മുമ്പ് അമീര്‍ സ്വന്തമാക്കുകയായിരുന്നു. രണ്ടര വയസുമാത്രമുള്ള 'സുല്‍ത്താന്‍' ഇതിനോടകം തന്നെ നാട്ടില്‍ താരമായിക്കഴിഞ്ഞു. ആരുമായും ഇണങ്ങുന്ന പ്രകൃതമാണ് 'സുല്‍ത്താന്'. മൂക്കു കയറില്‍ പിടിച്ചാല്‍ ആള്‍പ്പൊക്കത്തേക്കാള്‍ ഉയരത്തില്‍ തലയെടുപ്പും കാണിക്കും. പന്ത്രണ്ട് തരം തീറ്റകളാണ് ഇവനായി അമീര്‍ ശേഖരിച്ച് വെച്ചിരിക്കുന്നത്. ഒരു മാസത്തെ തീറ്റക്ക് പതിനയ്യായിരം രൂപയാണ് ചെലവ്. പോത്തിന്റെ പരിചരണവും മേയ്ക്കലുമെല്ലാം അമീറും സുഹൃത്തുക്കളുമാണ് നിര്‍വഹിക്കുന്നത്. അമീര്‍ പോത്തിന്റെ ഉയരവും തലയയെടുപ്പും കണ്ടാണ് സ്വന്തമാക്കിയത്. തൂക്കവും ഉയരവും തലയെടുപ്പും കൊണ്ട് നാട്ടിലെ താരമായ 'സുല്‍ത്താനെ' മതിലകം പഞ്ചായത്ത് ഗ്രാമസഭ ആദരിച്ചിരുന്നു. തൃശൂരില്‍ നടന്ന മേളയില്‍ 'സുല്‍ത്താനെ' പ്രദര്‍ശിപ്പിച്ചിരുന്നു. പത്ത് ലക്ഷം രൂപയ്ക്ക് വാങ്ങാനാളെത്തിയെങ്കിലും കൈവിടാന്‍ അമീര്‍ തയ്യാറല്ല. ഈ മാസം കൊല്ലത്ത് നടക്കുന്ന പ്രദര്‍ശത്തിനായി സുല്‍ത്താനെ ഒരുക്കിയെടുക്കുകയാണ് അമീര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."