അജിതയുടെ മൃതദേഹം വിട്ടുനല്‍കണമെന്ന് മാവോയിസ്റ്റ് നേതാവ്
കോഴിക്കോട്: നിലമ്പൂര്‍ വനത്തില്‍ പൊലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിത എന്ന കാവേരിയുടെ മൃതദേഹം വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം.എല്‍ പീപ്പിള്‍സ് ലിബറേഷന്‍ നേതാവ് . അജിതയുടെ ഭര്‍ത്താവാണെന്ന് അവകാശപ്പെട്ടാണ് തമിഴ്‌നാട് മാവോയിസ്റ്റ് സംഘടനാ നേതാവ് വിനായകം രംഗത്തെത്തിയത്. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളാരുമെത്താത്തതിനെത്തുടര്‍ന്ന് പൊലിസ് സംസ്‌കരിക്കാന്‍ തയാറെടുക്കുന്നതിനിടയിലാണ് വിനായകത്തിന്റെ വരവ്.
ഒളിവിലായിരുന്നപ്പോള്‍ താന്‍ അജിതയെ വിവാഹം ചെയ്തിരുന്നെന്നും എന്നാല്‍ അതിനുള്ള തെളിവുകളൊന്നും തന്റെ കൈയിലില്ലെന്നും വിനായകം പറയുന്നു. 2002 സെപ്റ്റംബറിലാണ് താന്‍ അജിതയെ വിവാഹം ചെയ്തത്. മാവോയിസ്റ്റ് അനുകൂല പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രണ്ടു മാസം കഴിഞ്ഞ് ഇരുവരും അറസ്റ്റിലായി. ജാമ്യത്തിലിറങ്ങിയശേഷം ആറു വര്‍ഷം ഒന്നിച്ച് താമസിച്ചെന്നും അതിനുശേഷമാണ് അജിത കുപ്പുദേവരാജന്റെ സംഘത്തിലെത്തിയതെന്നും ഇദ്ദേഹം വെളിപ്പെടുത്തി. അതേസമയം, വിനായകം ഇതുവരേ പൊലിസിനെ സമീപിച്ചിട്ടില്ല.
ബന്ധം തെളിയിക്കുന്ന രേഖകളുമായി വന്നാല്‍ അതിലെ വസ്തുത പരിശോധിച്ച് ബന്ധം സ്ഥിരീകരിച്ചാല്‍ മൃതദേഹം വിട്ടുകൊടുക്കാന്‍ തയാറാണെന്ന നിലപാടിലാണ് പൊലിസ്. നേരത്തെ ബന്ധം തെളിയിക്കുന്ന രേഖകള്‍ ലഭിച്ചശേഷമാണ് കുപ്പുദേവരാജന്റെ മൃതദേഹം കാണാന്‍ സഹോദരനെ പൊലിസ് അനുവദിച്ചത്. അജിതയുടെ മൃതദേഹം കാണാനോ ഏറ്റുവാങ്ങാനോ അവകാശികളാരും എത്തിയിരുന്നില്ല. ബന്ധുക്കള്‍ ഏറ്റുവാങ്ങിയില്ലെങ്കില്‍ പൊലിസ് തന്നെ സംസ്‌കരിക്കാനായിരുന്നു തീരുമാനം. മൃതദേഹം ഏറ്റുവാങ്ങാനുള്ള സന്നദ്ധത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നെങ്കിലും ബന്ധുക്കള്‍ക്കു മാത്രമേ വിട്ടുനല്‍കൂ എന്ന നിലപാടിലായിരുന്നു പൊലിസ്. മൃതദേഹങ്ങള്‍ ഇന്നു കൂടി മോര്‍ച്ചറിയില്‍ സൂക്ഷിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."