മാപ്പുപറഞ്ഞാല്‍ മതിയാകില്ല ഈ പാതകത്തിന്
സത്യത്തില്‍ ഉള്ള് കിടുങ്ങിയെങ്കിലും എല്ലാവരും ആശ്ചര്യത്തോടെയായിരുന്നു ആ വാര്‍ത്ത ശ്രവിച്ചത്. കള്ളത്തരത്തോട് രാജിയാകാന്‍ കഴിയാത്തവന്റെ മനോവികാരമായിരുന്നു ആ ആവേശത്തിന് പിന്നില്‍. ആവശ്യമായ പണം എത്തിക്കാന്‍ സംവിധാനം കാണാതെ ഒരു ഭരണാധികാരിയും മണ്ടത്തരം കാണിക്കില്ലെന്ന് ജനം വിശ്വസിച്ചു. രാജ്യസ്‌നേഹത്തിന്റെ പേരില്‍ അവര്‍ എല്ലാം സഹിച്ചു. പക്ഷെ, ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ കറന്‍സി പിന്‍വലിക്കല്‍ വന്‍ പരാജയമായി മാറുകയായിരുന്നോ എന്നു പരക്കെ സംശയം ഉയര്‍ത്തുന്നു. ഡിസംബര്‍ മൂന്നു വരെ പിന്‍വലിച്ച കറന്‍സികളില്‍ 12.6 ലക്ഷം കോടി രൂപയ്ക്കുള്ളതു ബാങ്കുകളില്‍ എത്തി. പിന്‍വലിച്ച കറന്‍സികള്‍ ആകെ 15.44 ലക്ഷം കോടി രൂപയുടേതായിരുന്നു. ബാങ്കിലടയ്ക്കാന്‍ 27 ദിവസം ബാക്കിനില്‍ക്കെ എത്തിയ തുക മൊത്തം റദ്ദാക്കപ്പെട്ടതിന്റെ 81.6 ശതമാനം.
കറന്‍സി പിന്‍വലിച്ചപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞതു കള്ളപ്പണവും കള്ളനോട്ടും അഴിമതിയും ഭീകരതയും അവസാനിപ്പിക്കാനുള്ള നടപടിയാണിത് എന്നായിരുന്നു. ആ ദിവസങ്ങളില്‍ സര്‍ക്കാര്‍ വക്താക്കള്‍ അനൗപചാരികമായി പറഞ്ഞതു മൂന്നു ലക്ഷം കോടി മുതല്‍ അഞ്ചു ലക്ഷം കോടി വരെ രൂപയ്ക്കുള്ള കറന്‍സി മടങ്ങി എത്തില്ലെന്നാണ്. ജി.ഡി.പിയുടെ 20 ശതമാനം മുതല്‍ 30 ശതമാനം വരെ കള്ളപ്പണം ഉണ്ടെന്ന നിഗമനത്തിലാണ് ആ തുക പറഞ്ഞത്.എന്നാല്‍, ഇതിനകം 12.6 ലക്ഷം കോടി വന്ന നിലയ്ക്ക് 30ാം തീയതിയോടെ 15 ലക്ഷം കോടി രൂപയ്ക്കടുത്തുള്ള കറന്‍സി എത്തുമെന്നാണു പൊതു വിലയിരുത്തല്‍. അതായതു പൂഴ്ത്തിവച്ച കള്ളപ്പണം വളരെ ചെറിയ തുക മാത്രമായിരിക്കാം. അല്ലെങ്കില്‍ ഉണ്ടായിരുന്ന കള്ളപ്പണമത്രയും വെളുപ്പിക്കാന്‍ സാധിച്ചതാകാം.
രണ്ടായാലും രാജ്യത്തിന് നഷ്ടം. ഭരണാധിപര്‍ക്ക് അധരവ്യായാമം മതിയല്ലോ? പാവം ജനങ്ങള്‍ ഈ ദിവസങ്ങളില്‍ അനുഭവിച്ചതും ഇനി തുടര്‍ന്നും അനുഭവിക്കാനിരിക്കുന്നതുമായ ദുരിതങ്ങള്‍ ഈ കണക്കിലെ തെറ്റിന്റെയോ തന്ത്രത്തിലെ പിഴവിന്റെയോ ഫലമാണെന്ന് ഓര്‍ക്കണം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കുണ്ടാകുന്ന തിരിച്ചടിയും അതു വഴിയുള്ള വരുമാന തൊഴില്‍ നഷ്ടങ്ങളും നികത്താവുന്നതല്ല. നമ്മുടെ വിപ്ലവകാരികളായ ഭരണാധിപര്‍ രാജ്യത്തോട് കാണിച്ച ഈ പാതകത്തിന് മാപ്പുപറഞ്ഞത് കൊണ്ടോ ജനമധ്യത്തില്‍ കരച്ചില്‍ അഭിനയിച്ചത് കൊണ്ടോ കാര്യമില്ല.
ഫാത്തിമ നുജൈബ, പുത്തന്‍ പീടിക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."