തൊഴിലാളികളെ പിരിച്ചുവിട്ടതില്‍ പ്രതിഷേധം ശക്തം
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്റ്‌ലിങ് വിഭാഗത്തിലെ 50 ഓളം തൊഴിലാളികളെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു.
എയര്‍ ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്റ്‌ലിങ് പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ എടുത്തിരുന്ന കുള്ളര്‍, മിസ്‌ക്കാന്‍, ഇമ്മാനുവല്‍ തുടങ്ങിയ പുറം കമ്പനികളില്‍ നിന്നും ഗ്രൗണ്ട് ഹാന്റ്‌ലിങ് പ്രവര്‍ത്തനങ്ങള്‍ എ.ഐ.ടി.എ.എസ്.എല്‍ ഏറ്റെടുത്തതോടെയാണ് അന്‍പതോളം തൊഴിലാളികളെ ഒഴിവാക്കിയത്. ഈ നടപടിയാണ് ബാക്കിയുള്ള തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷക്കാലമായി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനതാവളത്തില്‍ ഗ്രൗണ്ട് ഹാന്റ്‌ലിങ് രംഗത്ത് ജോലി ചെയ്തു വന്നിരുന്ന തൊഴിലാളികളെയാണ് യാതൊരു കാരണവുമില്ലാതെ ഒഴിവാക്കിയിരിക്കുന്നത്. ഇവര്‍ക്ക് പകരം മുന്‍ പരിചയമില്ലാത്ത ആളുകളെയാണ് നിയമിച്ചിരിക്കുന്നതെന്നും പുതിയ നിയമനങ്ങളില്‍ അഴിമതി നടന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
വളരെ കുറഞ്ഞ കൂലിയിലാണ് ഒഴിവാക്കപ്പെട്ട തൊഴിലാളികള്‍ ഇത്രയും നാള്‍ ജോലികള്‍ ചെയ്ത് വന്നിരുന്നത്. ഇങ്ങനെയുള്ള തൊഴിലാളികളെ ഒഴിവാക്കിയതിലും സൂപ്പര്‍വൈസര്‍ ഉള്‍പ്പടെയുള്ള തസ്തികകളിലേയ്ക്ക് യോഗ്യതയില്ലാത്തവരെ നിയോഗിക്കുവാന്‍ ശ്രമിക്കുന്നതിലും തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് തൊഴിലാളികളുടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം.പിമാരായ എം.ബി രാജേഷ്, ഇന്നസെന്റ്, അന്‍വര്‍ സാദത്ത് എം.എല്‍.എ തുടങ്ങിയവര്‍ എയര്‍ ഇന്ത്യ സി.എം.ഡിയ്ക്ക് നിവേദനം നല്‍കി. തൊഴിലാളികളെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ ആരംഭിക്കുമെന്ന് വിവിധ യൂണിയന്‍ നേതാക്കളായ വി.പി ജോര്‍ജ്, എന്‍.സി മോഹനന്‍, ജീമോന്‍ കൈയ്യാല, കെ.ജെ ഐസക്ക്, കെ.ടി കുഞ്ഞുമോന്‍, എ.എസ് സുരേഷ് തുടങ്ങിയവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."