ലേബര്‍ ക്യാംപില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ രക്ഷിക്കണം: പ്രേമചന്ദ്രന്‍
കൊല്ലം: സൗഊദി അറേബ്യയിലെ അബ്ക്വാഖ് എസ്.ഐ.എഫ് ലേബര്‍ ക്യാംപില്‍ ഭക്ഷണവും മരുന്നുമില്ലാതെ കുടുങ്ങി കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കേന്ദ്ര വിദേശകാര്യ മന്ത്രിയോടും സൗദി അറേബ്യന്‍ അംബാസിഡറോടും നോര്‍ക്ക അധികൃതരോടും ആവശ്യപ്പെട്ടു.
സൗദി അറേബ്യയിലെ അല്‍ക്കോബാര്‍ എസ്.എ.എ.ഡി കമ്പനിയിലെ തൊഴിലാളികളാണ് ലേബര്‍ ക്യാംപില്‍ ദുരിതം അനുഭവിക്കുന്നത്. അഞ്ഞൂറോളം മലയാളികള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം ഇന്ത്യാക്കാര്‍ ജോലി ചെയ്യുന്ന കമ്പനിയാണിത്. ആറ് മാസമായി ഇവിടെ ശമ്പളം നല്‍കുന്നില്ല. ശമ്പളം ആവശ്യപ്പെട്ട തൊഴിലാളികള്‍ക്ക് ഭക്ഷണവും മരുന്നും ലഭ്യമാക്കാതെ ലേബര്‍ ക്യാംപില്‍ കുരുക്കിയിരിക്കുകയാണ്. ഭക്ഷണവും മരുന്നുമില്ലാതെ മരണപ്പെട്ട ആന്ധ്രയിലെ തൊഴിലാളിയുടെ മൃതദേഹം പോലും നാട്ടിലേയ്ക്കയക്കുവാന്‍ കമ്പനി തയാറാകുന്നില്ല. കരാര്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കി തൊഴിലാളികളെ നാട്ടിലേക്കയക്കാനോ അക്കാമ പുതുക്കി തൊഴില്‍ നല്‍കുവാനോ തയാറാകാതെ നിയമകുരുക്കില്‍പ്പെടുത്തുവാനാണ് കമ്പനി ശ്രമിക്കുന്നത്. ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങളുടെയും തൊഴില്‍ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. സത്വരമായ നയതന്ത്ര ഇടപെടലുകള്‍ നടത്തി തൊഴിലാളികളുടെ അവകാശവും ക്ഷേമവും ഉറപ്പു വരുത്തണം. അല്ലാത്തപക്ഷം മലയാളികള്‍ ഉള്‍പ്പെടെ ഒട്ടനവധി ഇന്ത്യാക്കാരുടെ ജീവന്‍ അപകടത്തിലാകുമെന്നും എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."