കേന്ദ്ര സര്‍ക്കാര്‍ ആരോപണം വാസ്തവവിരുദ്ധം: സഹകരണബാങ്കുകള്‍
ന്യൂഡല്‍ഹി: നോട്ട് നിരോധിച്ചതിനെ തുര്‍ന്നുള്ള ഇടപാടുകളില്‍ നിന്ന് സഹകരണബാങ്കുകളെ മാറ്റിനിര്‍ത്തിയതിന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അറിയിച്ച കാരണങ്ങള്‍ ചോദ്യംചെയ്തു സഹകരണ ബാങ്കുകളുടെ എതിര്‍സത്യവാങ്മൂലം. സുപ്രിംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ക്കെതിരേ ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതക്കു നിരക്കാത്തതാണെന്നു ചൂണ്ടിക്കാട്ടിയാണ് എതിര്‍സത്യസാങ്മൂലം സമര്‍പ്പിച്ചത്.
സഹകരണബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കള്ളനോട്ട് കണ്ടെത്താനുള്ള സംവിധാനം സഹകരണ ബാങ്കുകളിലുമുണ്ടെന്നും ഹരജിയില്‍ പറയുന്നു. എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചു റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ തന്നെയാണ് സഹകരണ ബാങ്കുകളും പ്രവര്‍ത്തിക്കുന്നത്. ഷെഡ്യൂള്‍ഡ് ബാങ്കുകളിലുള്ളതുപോലെ അടിസ്ഥാനസൗകര്യങ്ങള്‍ സഹകരണബാങ്കിലുമുണ്ടെന്നും കേരളത്തിലെ 14 ജില്ലാ സഹകരണബാങ്കുകള്‍ക്കു വേണ്ടി ഇടുക്കി ജില്ലാ സഹകരണബാങ്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു.
കോര്‍ ബാങ്കിങ് സൗകര്യം, ചെക്ക് ഡെപ്പോസിറ്റ് ചെയ്യാനുള്ള സൗകര്യം, ഇന്റര്‍നെറ്റ് ഇടപാടുകള്‍, എ.ടി.എം ഇടപാട് തുടങ്ങി പ്രഫഷനല്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്കു നല്‍കുന്ന എല്ലാ സൗകര്യങ്ങളും ജില്ലാ സഹകരണ ബാങ്കുകളിലും ലഭ്യമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സഹകരണബാങ്കുകള്‍ കെ.വൈ.സി മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന നബാര്‍ഡ് റിപ്പോര്‍ട്ടും സത്യവാങമൂലത്തിനൊപ്പം സുപ്രിംകോടതിയില്‍ ഹാജരാക്കി. കെ.വൈ.സി മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നടപടി നേരിട്ട 13 വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പഴയ നോട്ട് ഉപയോഗിച്ച് ഇടപാട് നടത്താന്‍ അനുവാദം നല്‍കിയ കാര്യം സഹകരണ ബാങ്കുകള്‍ക്കു വേണ്ടി ഹാജരാവുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
നോട്ട് പിന്‍വലിച്ചതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ തിങ്കളാഴ്ച സഹകരണ ബാങ്കുകള്‍ക്കെതിരേ ശക്തമായ ആരോപണങ്ങളായിരുന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഉന്നയിച്ചിരുന്നത്. റിസര്‍വ് ബാങ്കിന്റെ വ്യവസ്ഥകള്‍ കാരണം സഹകരണബാങ്കുകള്‍ നേരിടുന്നത് അതീവഗുരുതരമായ പ്രതിസന്ധിയാണെന്നും ഗ്രാമീണ മേഖലയില്‍ സഹകരണ ബാങ്കുകളെ ആശ്രയിക്കുന്ന ജനങ്ങളുടെ അസൗകര്യവും ബുദ്ധിമുട്ടും പരിഹരിക്കാന്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്നും കേസ് പരിഗണിക്കുന്നതിനിടെ സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു.
കേരളത്തെ കൂടാതെ ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സഹകരണബാങ്കുകളും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും നാളെ ചീഫ്ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."