തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി വണ്ടികളെത്തിയില്ല; വില കുത്തനെ കൂടി
സ്വന്തം ലേഖിക
കൊച്ചി:ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി വണ്ടികള്‍ എത്താത്തതിനാല്‍ ഇന്നലെ പച്ചക്കറിക്ക് പൊള്ളുന്ന വിലയായിരുന്നു വിപണിയില്‍.എറണാകുളം മാര്‍ക്കറ്റില്‍ ദിവസവും 25 ലോഡ് പച്ചക്കറിയും 20 ലോഡ് പഴവര്‍ഗ്ഗങ്ങളുമാണ് എത്തുന്നത്. ഇതില്‍ മുന്തിയ പങ്കും തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നുമാണ് എത്താറ്.
എന്നാല്‍ ഇന്നലെ ഇവിടങ്ങളില്‍ നിന്നുള്ള ലോഡ് എത്താതിരുന്നതാണ് പച്ചക്കറി വില കുത്തനെ കൂടാന്‍ കാരണം.ഈ ആഴ്ച മുഴുവന്‍ വില ഉയര്‍ന്നു നില്‍ക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.ആവശ്യത്തിന് പച്ചക്കറി എത്താത്തതിനെതുടര്‍ന്ന് സ്റ്റോക്കുണ്ടായിരുന്നവയ്ക്ക് ഉയര്‍ന്ന വില ഈടാക്കിയതായും പരാതി ഉയര്‍ന്നു.പാലക്കാട്,കൊടുവായൂര്‍ എന്നിവിടങ്ങളില്‍ നിന്ന് മാത്രമാണ് ഇന്നലെ പച്ചക്കറി എത്തിയത്.തക്കാളിക്കും പച്ചമുളകിനും ക്യാരറ്റിനുമൊക്കെ ഇരട്ടിയിലധികം വിലയാണ് ഇന്നലെ നല്‍കേണ്ടി വന്നത്.മുപ്പത് കിലോയുടെ 250രൂപയുണ്ടായിരുന്ന ഒരു തക്കാളിപ്പെട്ടിക്ക് ഇന്നലത്തെ വില 400 രൂപയായി ഉയര്‍ന്നു.മുരിങ്ങക്കയ്ക്കും കൊത്തമരക്കും വെണ്ടക്കയ്ക്കുമൊക്കെ ഇന്നലെ കടുത്ത ക്ഷാമം നേരിട്ടു.24രൂപയുണ്ടായിരുന്ന പച്ചമുളകിന്റെ വില ഇന്നലെ 40 രൂപയായി ഉയര്‍ന്നു.40 രൂപയുണ്ടായിരുന്ന പയറിന് 50 രൂപയായും 24 രൂപയുണ്ടായിരുന്ന കൊത്തമരയ്ക്ക് 50 രൂപയായും ഉയര്‍ന്നു.16 രൂപയുണ്ടായിരുന്ന പടവലത്തിന്റെ വില 24 രൂപയായി.മുരിങ്ങക്കയുടെ വില 60 രൂപ കൂടി 120 രൂപയിലെത്തി.
ദിണ്ഡിഗലിലെ ഒട്ടന്‍ചത്രം മാര്‍ക്കറ്റ് അവധിയായതിനാല്‍ വരും ദിവസങ്ങളിലും പച്ചക്കറി വരവ് കുറവായിരിക്കുമെന്നാണ് സുചന.മേട്ടുപാളയത്തില്‍ നിന്നാണ് ക്യാരറ്റ് ലോഡ് എത്തുന്നതിനാല്‍ ക്യാരറ്റിനും ഇന്നലെ ക്ഷാമം നേരിട്ടു.ചില്ലറ വിപണിയെയാണ് വില വര്‍ധനവ് കൂടുതലായി ബാധിച്ചത്.ഇരട്ടിയിലധികം വിലയാണ് ഇന്നലെ ചില്ലറവിപണിയില്‍ മുരിങ്ങക്കയ്ക്കും ക്യാരറ്റിനുമൊക്കെ നല്‍കേണ്ടിവന്നത്.പച്ചക്കറികളുടെ ദൗര്‍ലഭ്യം മൂലം ഇന്നലെ വൈകിട്ട് എറണാകുളം മാര്‍ക്കറ്റില്‍ ചില്ലറവ്യാപാരം നടന്നില്ല.വഴിയോരത്ത് ചെറിയവണ്ടികളിലും പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചുമൊക്കെ കച്ചവടം നടത്തുന്നവര്‍ക്കാകട്ടെ ആവശ്യത്തിന് മാര്‍ക്കറ്റില്‍ നിന്നും പച്ചക്കറി ലഭിച്ചില്ല.കഴിഞ്ഞ കുറേമാസങ്ങളായി പച്ചക്കറി വിലയില്‍ കാര്യമായ വര്‍ധനയില്ലാതെ നില്‍ക്കുന്നതിനാല്‍ ഇന്നലെ അനുഭവപ്പെട്ട വിലക്കയറ്റം ആവശ്യക്കാരെ വലച്ചു.
നോട്ടുപിന്‍വലിച്ചതിനെതുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നതിനാല്‍ പച്ചക്കറിക്ക് ഇരട്ടിവില നല്‍കേണ്ടിവന്നത് ഇവര്‍ക്ക് തിരിച്ചടിയായി.തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും പച്ചക്കറിവണ്ടികള്‍ എത്തുന്നതുവരെ വിലക്കയറ്റം തുടരുമെന്നത് ആശങ്കയ്ക്ക് വകനല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."