കുളം നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു
കാക്കനാട്: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഉപയോഗശൂന്യമായിക്കിടന്ന കുളം നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. തൃക്കാക്കര നഗരസഭയിലെ 24ാം ഡിവിഷനായ ടി.വി സെന്റര്‍ താണപാടത്ത് സ്ഥിതിചെയ്യുന്ന പറയന്‍കുളമാണ് ശുചീകരിച്ചത്. സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്റെ ഭാഗമായിട്ടാണ് ഉപയോഗശൂന്യമായിക്കിടന്ന താണപാടം പറയന്‍കുളം തൃക്കാക്കര നഗരസഭ ബുധനാഴ്ച നവീകരിച്ചത്. കുളത്തിലെ ചെളിയും ചപ്പുചവറുകളും മറ്റും നീക്കി.
ശുചീകരണം നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.കെ. നീനു കുളത്തില്‍ ഇറങ്ങി വൃത്തിയാക്കി ഉദ്ഘാടനം ചെയ്തു. വൈസ്. ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജിജോ ചിങ്ങംതറ, ഷബന മെഹറലി, സെക്രട്ടറി പി.എസ്. ഷിബു, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.
പതിനഞ്ച് വര്‍ഷം മുന്‍പ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍പ്പെടുത്തി കുളത്തിന് ചുറ്റും സംരക്ഷണഭിത്തി നിര്‍മിച്ചതല്ലാതെ മറ്റു നവീകരണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെനടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കുളം വൃത്തിയാക്കിയതോടെ 200ലധികം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന മൈക്രോ കുടിവെള്ള പദ്ധതിക്കായി ഇത് പ്രയോജനപ്പെടുത്തുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ എം.എം. നാസര്‍ പറഞ്ഞു. ഇതിനായി 15 ലക്ഷംരൂപയുടെ പദ്ധതി ഉടന്‍ നഗരസഭയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."