ബിനാലെയ്ക്ക് ചുമട്ടുതൊഴിലാളികള്‍ 30 ശതമാനം കൂലിയിളവു നല്‍കും
കൊച്ചി: കൊച്ചി ബിനാലെ മൂന്നാം ലക്കത്തിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ തൊഴിലാളി യൂണിയനുകളുമായി ഫൗണ്ടേഷന് കരാറിലെത്തി.
കയറ്റിറക്കു കൂലിയില്‍ 30 ശതമാനത്തിന്റെ കുറവാണ് തൊഴിലാളി യൂണിയനുകള്‍ വരുത്തിയത്. ബിനാലെയുടെ 12 വേദികള്‍ സ്ഥിതി ചെയ്യുന്നത് പശ്ചിമ കൊച്ചിയിലാണ്. വാഹനത്തില്‍ നിന്ന് സാമഗ്രികള്‍ ഇറക്കുന്നതിനും അവ അതത് വേദികളില്‍ സ്ഥാപിക്കുന്നതും ചുമട്ടു തൊഴിലാളികളായിരിക്കും. ബിനാലെ രണ്ടാം ലക്കത്തില്‍നിന്ന് 30 ശതമാനം കുറവാണ് ഇക്കുറി യൂണിയനുകള്‍ വരുത്തിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ബിനാലെയുമായി ബന്ധപ്പെട്ട കയറ്റിറക്കിനിടെ തൊഴിലാളി യൂണിയനുകളും ഫൗണ്ടേഷനും തമ്മില്‍ കൂലിതര്ക്കങ്ങളുണ്ടായിരുന്നു.
ഇത് ഒഴിവാക്കാനാണ് ഫൗണ്ടേഷന് ഭാരവാഹികളും സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി തുടങ്ങിയ യൂണിയനുകളുടെ നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയത്. നൂറോളം ചുമട്ടുതൊഴിലാളികളാണ് ബിനാലെയുമായി ബന്ധപ്പെട്ട സാധന സാമഗ്രികള്‍ ഇറക്കുന്നതിനുവേണ്ടി സജ്ജരായിരിക്കുന്നത്.ഏതുതരം വാഹനത്തിലായാലും കലാസാമഗ്രികള്ക്ക് ഏകീകൃത നിരക്കായിരിക്കും ഈടാക്കുക.വാഹനത്തില്‍നിന്ന് സാധനങ്ങള്‍ ഇറക്കിവയ്ക്കുക മാത്രമാണ് സാധാരണ ചുമട്ടു തൊഴിലാളികള്‍ ചെയ്യുന്നത്. എന്നാല്‍ ബിനാലെയ്ക്കുവേണ്ടി ഇവ പ്രദര്‍ശനസ്ഥലത്ത് എത്തിച്ചുകൊടുക്കാനും ധാരണയായിട്ടുണ്ടെന്ന് ഐ.എന്‍.ടി.യു.സി നേതാവ് എ.എം അയൂബും സി.ഐ.ടി.യു നേതാവ് ബി.ഹംസയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."