തൊടുപുഴയില്‍ ഡെങ്കിപ്പനി പടരുന്നു; ജാഗ്രത പുലര്‍ത്തണമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍
തൊടുപുഴ: തൊടുപുഴ മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു. മുനിസിപ്പാലിറ്റിയിലെ ഒളമറ്റം, കോലാനി, മുതലക്കോടം, വെങ്ങല്ലൂര്‍, ഉണ്ടപ്ലാവ് എന്നിവിടങ്ങളില്‍ നിന്നായി എട്ട് പേര്‍ക്ക് ഡെങ്കിപ്പനി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സഹകരണം ഉണ്ടാകണമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ അഭ്യര്‍ത്ഥിച്ചു.
ജലദൗര്‍ലഭ്യം മൂലം ഒരാഴ്ച്ചയില്‍ കൂടുതല്‍ ജലം വീടുകളില്‍ ശേഖരിച്ചു സൂക്ഷിക്കുന്നതും ഇടവിട്ടുള്ള വേനല്‍മഴയും ഈഡിസ് കൊതുകിന്റെ ഉറവിടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഫ്രിഡ്ജ്, ജല സസ്യ പാത്രങ്ങള്‍, ബയോഗ്യാസ് പ്ലാന്റുകള്‍, പ്ലാസ്റ്റിക് പടുതകള്‍, ടയറുകള്‍, ടാര്‍വീപ്പകള്‍, കൊക്കോത്തോട് എന്നിവയിലാണ് ഈഡിസ് കൊതുകുകളെ കൂടുതലായി കണ്ടത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നത് സംബന്ധിച്ച് ജില്ലാ ആശുപത്രിയില്‍ യോഗം ചേര്‍ന്നു. മാലിന്യങ്ങള്‍ ശരിയായി സംസ്‌കരിക്കാതെ കണ്ടെത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നോട്ടീസ് നല്‍കി നിയമനടപടി സ്വീകരിക്കാനും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അങ്കണവാടികള്‍, റസിഡന്റ്‌സ് അസ്സോസിയേഷനുകള്‍ എന്നിവരുടെ സഹകരണത്തോടെ ബോധവത്കരണ ക്ലാസുകള്‍ നടത്താനും തീരുമാനിച്ചു. നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റിനി ജോഷി, ജില്ലാ സര്‍വെയ്‌ലെന്‍സ് ഓഫീസര്‍ ഡോ. സിതാര മാത്യു, ജില്ലാ റൂറല്‍ ഹെല്‍ത്ത് ആഫീസര്‍ കെ.എന്‍. വിനോദ്, ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ഉമാദേവി, ആര്‍.എം.ഒ ഡോ പി.എന്‍. അജി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."