റിയല്‍ എസ്റ്റേറ്റ് ഇടപാട്: സരിതാ നായര്‍ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരായി
ഏറ്റുമാനൂര്‍: സോളാര്‍ കേസിലെ പ്രതി സരിതാ നായര്‍ ഇന്നലെ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. ഏറ്റുമാനൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്് എന്‍.പി.തോമസ് നല്‍കിയ പരാതിയിന്മേലുള്ള കേസിലാണ് സരിത ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരായത്.
റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് പുതിയൊരു പ്രോജക്ടിന്റെ പേരില്‍ ബിജു രാധാകൃഷ്ണനും സരിതാ നായരും ചേര്‍ന്ന് തന്റെ കൈയില്‍ നിന്നും 75,000 രൂപ തട്ടിയെടുത്തുവെന്നാരോപിച്ചാണ് എന്‍.പി തോമസ് 2006 ജൂണില്‍ ഏറ്റുമാനൂര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സരിത ജയിലില്‍ കിടന്ന സമയത്തുള്‍പ്പെടെ എട്ടോളം തവണ കേസ് കോടതിയുടെ പരിഗണനയില്‍ എത്തിയെങ്കിലും അവധിക്ക് വയ്ക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിന്റെ അവധി. തിങ്കളാഴ്ച സരിത ഹാജരായിരുന്നുവെങ്കിലും കേസ് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഇന്നലെ എടുത്ത കേസ് വീണ്ടും അടുത്ത പതിനാറാം തീയതിയിലേക്ക് മാറ്റി. തമിഴ്‌നാട്ടിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന സരിത തിരുവനന്തപുരത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെനിന്നും സഹോദരന്‍ വിനുവിനോടൊത്താണ് സരിത ഏറ്റുമാനൂരിലെത്തിയത്. രാവിലെ അഭിഭാഷകനുമായി കേസിനെക്കുറിച്ച് ചര്‍ച്ച ചെയ്തശേഷം കോടതിയിലെത്തി.
ഇല്ലിക്കലില്‍ ഒരു റിസോര്‍ട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് തന്റെ നാഗര്‍കോവിലിലുള്ള സുഹൃത്ത് മുഖേനയാണ് ബിജുവിനെയും സരിതയെയും താന്‍ പരിചയപ്പെട്ടതെന്ന് കേസിലെ വാദി എന്‍.പി.തോമസ് പറയുന്നു. അതേസമയം വാദിയായ എന്‍.പി.തോമസിനെ ജീവിതത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലെന്നാണ് സരിത പറയുന്നത്. തോമസ് പണം വാങ്ങിയെന്നാരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ കോഴഞ്ചേരിയിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും അത് തനിക്ക് തെളിയിക്കാനാകുമെന്നും അവര്‍ പറഞ്ഞു.
കോടതിയില്‍ വന്നുപോകുന്ന ചെലവ് പരിഗണിച്ചുകൊണ്ട് താന്‍ വാങ്ങിയതല്ലെങ്കിലും 75,000 രൂപ പല തവണയായി കൊടുക്കാമെന്ന് സരിത വക്കീല്‍ മുഖേന തോമസിനെ അറിയിച്ചിരുന്നു. എന്നാല്‍ പലിശയും കോടതി ചെലവുകളും മറ്റും സഹിതം 4.8 ലക്ഷം രൂപ വേണമെന്ന നിലപാടില്‍ തോമസ് ഉറച്ചുനിന്നതിനെ തുടര്‍ന്ന്‌കേസ് മുന്നോട്ട് നടത്തുവാന്‍ താന്‍ തീരുമാനിക്കുകയാണെന്നും സരിത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."