തബല മാന്ത്രികന്‍ സാക്കിര്‍ ഹുസയ്‌നും ഗസല്‍ രാജാവ് ഹരിഹരനും ഇന്ന് ഖത്തറില്‍
ദോഹ: ഇന്ത്യന്‍ സംഗീത രംഗത്തെ അതികായരായ രണ്ടു പേര്‍ ഇന്ന് ഖത്തറില്‍ ഗസല്‍ സന്ധ്യയൊരുക്കാനെത്തും. തബല മാന്ത്രികന്‍ സാക്കിര്‍ ഹുസയ്ന്‍, ഗസല്‍ രാജാവ് ഹരിഹരന്‍ എന്നിവരാണ് ഖത്തറിലെ സംഗീത ആസ്വാദകര്‍ക്ക് വിരുന്നൊരുക്കാനെത്തുന്നത്. കലാ, സംഗീത പഠന കേന്ദ്രമായ മ്യൂസിക് ലോഞ്ച് സംഘടിപ്പിക്കുന്ന പരിപാടി ഇന്നു വൈകീട്ട് 7.30ന് ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ്(ക്യു.എന്‍.സി.സി) നടക്കുക.
ഹാസിര്‍ 2 ലോക പര്യടനത്തിന്റെ ഭാഗമായാണ് ഇരുവരും ഖത്തറിലെത്തുന്നത്. ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്‌കോ, സിഡ്്‌നി, ലണ്ടന്‍ തുടങ്ങിയ നഗരങ്ങളോടൊപ്പമാണ് ഹാസിര്‍ പരിപാടിക്ക് ഇക്കുറിയും ദോഹയും തിരഞ്ഞെടുത്തിരിക്കുന്നത്. ഖത്തറില്‍ ലഭ്യമായതില്‍ ഏറ്റവും മികച്ച സ്റ്റേജാണ് പരിപാടിക്കായി തിരഞ്ഞെടുത്തിട്ടുള്ളതെന്ന്് മ്യൂസിക് ലോഞ്ച് ഡയറക്ടര്‍ സ്റ്റീഫന്‍ ദേവസി പറഞ്ഞു. ഹരിഹരന്റെ സ്വരമാധുരിയും സാക്കിര്‍ ഹുസയ്‌ന്റെ മാന്ത്രിക വിരല്‍ സ്പര്‍ശവും ഒരുമിക്കുമ്പോള്‍ ഖത്തറിലെ സംഗീത പ്രേമികള്‍ക്ക് ഒരു സുന്ദര രാവായിരിക്കും അതു സമ്മാനിക്കുകയെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. 2012ലും 2014ലും ഗസല്‍ പരിപാടികളുമായി താന്‍ ഖത്തറിലെത്തിയിട്ടുണ്ടെന്നും തനിക്ക് ഇഷ്ടപ്പെട്ട പ്രദേശങ്ങളിലൊന്നാണ് ഖത്തറെന്നും ഹരിഹരന്‍ പറഞ്ഞു.
500 റിയാല്‍(പ്ലാറ്റിനം), 250 റിയാല്‍(പ്ലാറ്റിനം), 150 റിയാല്‍(ബാല്‍ക്കണി) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
തബല വിദ്വാന്‍ എന്നതിനു പുറമേ സംഗീത സംവിധായകന്‍, നടന്‍ എന്നീ നിലകളിലും പ്രസിദ്ധനാണ് സാക്കിര്‍ ഹുസയ്ന്‍. 1998ല്‍ പത്്മശ്രീയും 2002ല്‍ പത്്മ ഭൂഷണും നല്‍കി ഇന്ത്യ ആദരിച്ചിരുന്നു. ഈ പുരസ്‌കാരങ്ങള്‍ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കൊട്ടുവാദ്യ വിദഗ്ധനാണ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സംഗീതത്തില്‍ പി.എച്ച്.ഡി നേടിയിട്ടുള്ള സാക്കിര്‍ ഹുസൈയ്ന്‍.
അറിയപ്പെടുന്ന പിന്നണി, ഗസല്‍ ഗായകനായ ഹരിഹരന്‍ മലയാളം ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പാടിയിട്ടുണ്ട്. 2004ല്‍ ഇന്ത്യ പത്്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ച ഹരിഹരന്‍ രണ്ടു തവണ ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. ഇന്ത്യന്‍ അംബസാഡര്‍ പി കുമരന്‍ പരിപാടി ഉദ്്ഘാടനം ചെയ്യും. സ്വാഗത നൃത്തത്തിന് ശേഷം മ്യൂസിക് ലോഞ്ച് ഡയറക്ടര്‍ കൂടിയായ സ്റ്റീഫന്‍ ദേവസിയുടെ ഗ്രാന്‍ഡ് പിയാനോ വാദ്യത്തോട് കൂടിയാണ് സംഗീത രാവിന് തുടക്കമാവുക. തുടര്‍ന്ന് ഒന്നര മണിക്കൂര്‍ നേരം സാക്കിര്‍ ഹുസയ്‌നും ഹരിഹരനും ക്യു.എന്‍.സി.സിയെ സംഗീത സാന്ദ്രമാക്കും. മ്യൂസിക്ക് ലോഞ്ച് ചെയര്‍മാന്‍ ജോണ്‍ തോമസ്, മ്യൂസിക്ക് ലോഞ്ച് എം.ഡി സന്തോഷ് ടി കുരുവിള എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."