അനധികൃത വ്യാപാരത്തിനു തടയിടാന്‍ കൃഷി വകുപ്പ് രംഗത്ത്
എം ഷമീര്‍
കാസര്‍കോട്: രാസവളങ്ങളുടെയും കീടനാശിനികളുടെയും അനധികൃത വിപണനം വ്യാപകമായി നടക്കുന്ന വടക്കന്‍ ജില്ലകളിലെ രാസവള ഡിപ്പോകള്‍ക്കു മുന്നറിയിപ്പുമായി കൃഷി വകുപ്പു രംഗത്ത്. വടക്കന്‍ ജില്ലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ കാര്‍ഷിക വികസന ക്ഷേമ വകുപ്പു ഡയരക്ടറുടെ പ്രത്യേക ഉത്തരവു പ്രകാരം റീജ്യണല്‍ സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ചു.
നിയമപ്രകാരമല്ലാത്ത സ്ഥാപനങ്ങള്‍ വഴി നിരോധിത കീടനാശിനികളുടെ വില്‍പന തകൃതിയായി നടക്കുന്ന സാഹചര്യത്തിലാണു കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ രാസവള കീടനാശിനികള്‍ വിപണനം നടത്തുന്ന സ്ഥാപനങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. ജില്ലയില്‍ രാസവള നിയന്ത്രണ ഉത്തരവിന്റെ പരിധിയില്‍ വരുന്ന എല്ലുപൊടിയുടെ വില്‍പനയും ലൈസന്‍സില്ലാതെ വ്യാപകമായി നടക്കുന്നുണ്ട്.
നിയന്ത്രിത കീടനാശിനികള്‍ കൃഷി ഓഫിസറുടെ കുറിപ്പടിയില്ലാതെ വില്‍ക്കരുതെന്ന നിയമത്തെ കാറ്റില്‍ പറത്തിയാണു പല സ്ഥാപനങ്ങളും ഇത്തരം കീടനാശിനികള്‍ വില്‍ക്കുന്നത്. അതിര്‍ത്തി പ്രദേശമായതിനാല്‍ ഇതിന്റെ വിതരണം കൂടുതലായും കര്‍ണാടക സംസ്ഥാനത്തിലേക്കാണ് എത്തുന്നത്.
ചില്ലറ വില്‍പനക്കുളള ലൈസന്‍സില്‍ മൊത്ത വ്യാപാരം നടത്തുന്നതും കൃഷി വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വയനാട്, കോഴിക്കോട് ജില്ലകളില്‍ ഈ മാസം നടത്തിയ പരിശോധനയില്‍ ഏതാനും ചില സ്ഥാപനങ്ങളില്‍ ക്രമക്കേടു കണ്ടെത്തിയിരുന്നു.
ലൈസന്‍സ് കാലാവധി അവസാനിച്ച ഉല്‍പന്നങ്ങളുടെ വിപണനം, ലൈസന്‍സില്‍ കാണിച്ചിരിക്കുന്ന കെട്ടിട നമ്പറില്‍ കൃത്രിമം കാണിക്കല്‍, വില്‍പന നടക്കുന്ന സാധനങ്ങളുടെ ബില്‍ സൂക്ഷിക്കാതിരിക്കല്‍, സ്റ്റോക്ക് രജിസ്റ്ററിലെ തട്ടിപ്പു തുടങ്ങിയ പിഴവുകള്‍ പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു.
വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതെ കര്‍ഷകരില്‍ നിന്ന് അമിത ലാഭം ഈടാക്കി കച്ചവടം നടത്തുന്നവരും ഈ കൂട്ടത്തിലുണ്ട്. ഇത്തരം തട്ടിപ്പുകള്‍ കണക്കിലെടുത്തു വയനാട്ടിലെയും കോഴിക്കോടെയും നിരോധിത കീടനാശിനികള്‍ അനധികൃതമായി വില്‍പന നടത്തുന്ന ഡിപ്പോകളെ ഒരു മാസത്തേക്കു നിരോധിച്ചുകൊണ്ട് റീജ്യണല്‍ സ്‌ക്വാഡ് ഉത്തരവു പുറപ്പെടുവിച്ചു.
അതിനു ശേഷം വീണ്ടും പരിശോധന നടത്തി ന്യൂനതകള്‍ പരിഹരിച്ചില്ലെങ്കില്‍ ഡിപ്പോകള്‍ സ്ഥിരമായി അടക്കുന്നതുള്‍പ്പെടെയുളള കര്‍ശന പടപടികള്‍ സ്വീകരിക്കുമെന്നും സ്‌ക്വാഡ് മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."