റവന്യു ജില്ലാ സ്കൂള്‍ കലോത്സവം: കോണ്‍ഗ്രസ് അധ്യാപക സംഘടനയെ ഒഴിവാക്കിയെന്ന് ആരോപണം
തൃക്കരിപ്പൂര്‍: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം സംഘാടകസമിതിയുടെ മുഖ്യസബ് കമ്മിറ്റിയുടെ ഭാരവാഹിത്വത്തില്‍ നിന്നു കെ.പി.എസ്.ടി.എയെ ഒഴിവാക്കാന്‍ ഡി.ഡി.ഇ മനഃപൂര്‍വം ശ്രമം നടത്തിയതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സ്ഥാനം കൈകാര്യം ചെയ്ത സി.പി.എം അധ്യാപക സംഘടനയായ കെ.എസ്.ടി.എ ക്ക് ഇത്തവണയും പ്രോഗ്രാം കമ്മിറ്റി ഏല്പിച്ചു കൊടുക്കാന്‍ ഡി.ഡി.ഇ പിടിവാശി കാട്ടുകയായിരുന്നുവെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇത്തവണ കലോത്സവ നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ അനുവദിച്ചതു കാരണം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും അധ്യാപക സംഘടനകളും ഇല്ലെങ്കിലും പരിപാടി നടത്താന്‍ കഴിയുമെന്ന ധാരണയാണു ഇതിനു കാരണം.
ഡി.ഡി.ഇ ഏകപക്ഷീയമായി സബ് കമ്മിറ്റികളുടെ പ്രഖ്യാപനം നടത്തുകയായിരുന്നു. കൂടാതെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ അധിഷേപിക്കുക കൂടി ചെയ്തപ്പോള്‍ കലാമേളയുടെ നടത്തിപ്പുമായി നിസഹകരിക്കാന്‍ കോണ്‍ഗ്രസും അധ്യാപക സംഘടനകളും ഒറ്റക്കെട്ടായി തീരുമാനം കൈക്കൊള്ളുകയായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡി.സി.സി വൈസ് പ്രസിഡന്റുമാരായ അഡ്വ.കെ.കെ രാജേന്ദ്രന്, പി.കെ ഫൈസല്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി കുഞ്ഞിക്കണ്ണന്, തൃക്കരിപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വി മുകുന്ദന്, കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം പി.വി പത്മജ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി രവി, പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സുബൈദ, വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി സരോജിനി, തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."