ക്യാഷ്ലെസ് മലപ്പുറം; സാമ്പത്തിക സാക്ഷരതാ യജ്ഞത്തിന് ഇന്ന് തുടക്കം
മലപ്പുറം: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരതാ യജ്ഞം ക്യാഷ്ലെസ് മലപ്പുറം എന്ന പേരില്‍ ഇന്നു മുതല്‍ ജില്ലയില്‍ ആരംഭിക്കും. അക്ഷയ സി.എസ്.സി സംരംഭക കൂട്ടായ്മയിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി നടപ്പിലായാല്‍ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും പണമുപയോഗിച്ച് ഇടപാട് നടത്തേണ്ടിവരില്ല. പകരം, ഉപഭോക്താക്കളുടെ ഫോണിലുള്ള ആപ്പും വ്യാപാരികളുടെ പക്കലുള്ള ബാര്‍കോഡും ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം. ഇടപാട് നടക്കുന്നതോടെ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്നു പണം വ്യാപാരികളുടെ അക്കൗണ്ടിലേക്കു മാറും.
തുടക്കത്തില്‍ ചെറുകിട വ്യാപാരികള്‍ക്കാണ് ഇതുസംബന്ധിച്ചു പരിശീലനം നല്‍കുന്നത്. തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ക്കു പരിശീലനം നല്‍കും. പദ്ധതിയുടെ ഉദ്ഘാടനം ഇന്നു രാവിലെ പത്തിനു മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തില്‍ നടക്കും. നിലവില്‍ ജില്ലയിലെ വിവിധ അക്ഷയ സി.എസ്.സികള്‍ മുഖേന എ.ടി.എം കാര്‍ഡോ ആധാര്‍ നമ്പറോ ഉപയോഗിച്ച് രണ്ടായിരം രൂപവരെ പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ബാലന്‍സ് അറിയുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ പി.ടി അബ്ദുല്‍ ജലീല്‍, കെ.സി മുഹമ്മദ് ഇഖ്ബാല്‍, സഫീറ കെ.ടി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."