വീണ്ടും നായയുടെ പരാക്രമം; നാലു വിദ്യാര്‍ഥികള്‍ക്ക് കടിയേറ്റു
മലപ്പുറം: മലപ്പുറത്തു വീണ്ടും തെരുവുനായകളുടെ പരാക്രമം. ഇന്നലെ രാവിലെ സ്കൂളിലേക്കു പോകുന്നതിനിടെ നാലു വിദ്യാര്‍ഥികള്‍ക്കു നായയുടെ കടിയേറ്റു. ഇന്നലെ രാവിലെ ഒന്‍പതോടെയാണ് സംഭവം. ഉമ്മത്തൂര്‍ സ്വദേശിനി പി. ഹുസ്ന (18), മേല്‍മുറി 27ലെ ടി. ഫര്‍സാന (17), എം.എസ്.പി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ആകാശ് (17) എന്നിവര്‍ക്കാണ് പരുക്കേറ്റത്. മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്ററി വിദ്യാര്‍ഥികളായ മൂന്നുപേരേയും എം.എസ്.പി കാന്റീനിനു സമീപത്തുവച്ചാണ് നായ കടിച്ചത്. ഉമ്മത്തൂരില്നിന്നു നടന്നുവരുകയായിരുന്ന ഹുസ്നയെ കാന്റീനിനു സമീപത്തുള്ള റോഡില്‍വച്ചാണ് നായ കടിച്ചത്. മലപ്പുറം പമ്പിനു സമീപം ബസിറങ്ങി നടന്നുവരികയായിരുന്ന ഫര്‍സാനയ്ക്കു കാന്റീനിനു സമീപത്തുനിന്നും കടിയേറ്റു. കാലിനാണ് എല്ലാവര്ക്കും പരുക്ക്.
സ്കൂളിലേക്കു വരികയായിരുന്ന മറ്റു കുട്ടികളേയും നായ അക്രമിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഓടിപ്പോയ നായ മുണ്ടുപറമ്പ് ഗസ്റ്റ്ഹൗസിനു സമീപത്തുവച്ചു ഗവ. കോളജ് വിദ്യാര്‍ഥിനി രഞ്ജിത (18) യെയും അക്രമിച്ചു. നായയുടെ കഴുത്തില്‍ ബെല്റ്റുണ്ടായിരുന്നെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. വളര്‍ത്തുനായ ആണെന്നാണ് നിഗമനം.
പരുക്കേറ്റവരെ മലപ്പുറം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ടി.ടി ഇന്ജക്ഷന് നല്കി. പിന്നീട് താലൂക്ക് ആശുപത്രിയില്‍നിന്നു ഫസ്റ്റ് ഡോസ് മരുന്ന് നല്കി മഞ്ചേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."