നെല്ലുസംഭരണം അവസാനഘട്ടത്തില്‍; പ്രതീക്ഷയോടെ ജില്ലയിലെ കര്‍ഷകര്‍
ഒലവക്കോട്: നെല്ല് സംഭരണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ജില്ലയില്‍ ഇതുവരെ സംഭരിച്ചത് 92,515 ടണ്‍ നെല്ല്. സംഭരണതുകയായി 208 കോടി രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കേണ്ടത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നെല്ല് സംഭരണ വിഷയത്തില്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു. കൊയ്ത്തിനു മുമ്പ് സംഭരണവില പ്രഖ്യാപിക്കാത്തതുമൂലം നെല്ല് സംഭരണം ഇഴഞ്ഞുനീങ്ങാന്‍ കാരണമായി. കൊയ്ത്ത് ആരംഭിച്ച് ഒരു മാസത്തിനുശേഷമാണ് പ്രഖ്യാപനം ഇറങ്ങുന്നത്. അപ്പോഴും നെല്ലിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ഒരു കിലോ നെല്ലിന് 60 പൈസയും കേരളസര്‍ക്കാര്‍ 40 പൈസയുമാണ് വര്‍ധിപ്പിച്ചത്. സംസ്ഥാനത്താകെ 1,45,120.108 ടണ്‍ നെല്ലാണ് സംഭരിച്ചത്. അതിന്റെ മുക്കാല്‍ പങ്കും പാലക്കാടു നിന്നാണ്. ചിറ്റൂര്‍ താലൂക്കില്‍ നിന്നാണ് കൂടുതല്‍ നെല്ല് സംഭരിച്ചത്. 35,819.367 ടണ്‍. ആലത്തൂരില്‍ നിന്ന് 31,349.189 ടണ്ണും പാലക്കാടു നിന്ന് 23,803.587 ടണ്ണും ഒറ്റപ്പാലത്തു നിന്ന് 719.186 ടണ്ണും നെല്ല് സംഭരിച്ചു. കഴിഞ്ഞ ഒന്നാംവിളയ്ക്ക് ജില്ലയില്‍ 91,770.117 ടണ്‍ നെല്ലാണ് സംഭരിച്ചത്. ഇത്തവണ രജിസ്‌ട്രേഷനും സംഭരിച്ച നെല്ലിന്റെ അളവിലും വര്‍ധനയുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ സംഭരണവില ഒരു രൂപ കൂടി വര്‍ധിപ്പിച്ചു നല്‍കിയതോടെ 22.50 രൂപയ്ക്കാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. 14.70 രൂപ കേന്ദ്ര വിഹിതവും 7.80 രൂപ സംസ്ഥാന വിഹിതവുമാണ്.
സിവില്‍ സപ്ലൈസ് കോര്‍പറേഷന് നെല്ല് നല്‍കിയ കര്‍ഷകര്‍ക്ക് ഇപ്പോള്‍ കേന്ദ്രത്തിന്റെ വിഹിതം മാത്രമെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിയിട്ടുള്ളൂ. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതത്തെക്കുറിച്ച് ഇതുവരെയും വിവരമൊന്നുമില്ല. അതേസമയം ബാങ്കുകളില്‍ പൈസ എത്തിയാലും അത് കിട്ടാന്‍ കര്‍ഷകര്‍ക്ക് ഇത്തവണ ബുദ്ധിമുട്ടേണ്ടിവരും. നോട്ടു നിരോധനവുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങളാണ് ഇതിനു കാരണം. ആഴ്ചയില്‍ 24,000 രൂപ മാത്രമാണ് ബാങ്കില്‍ നിന്ന് പിന്‍വലിക്കാനാവൂ. ഇതിനാല്‍ വായ്പയെടുത്ത തുക തിരിച്ചു നല്‍കാനും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്ന് പലിശയ്ക്ക് പണമെടുത്ത കര്‍ഷകര്‍ക്ക് തിരിച്ചടയ്ക്കാനും കഴിയാതാവും. കടം വാങ്ങിയാണ് ഭൂരിഭാഗം കര്‍ഷകരും ഒന്നാംവിളയിറക്കിയത്. രണ്ടാംവിള കിട്ടുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. ഈ സാഹചര്യത്തില്‍ കര്‍ഷകരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."