നോട്ട് നിരോധനം: ഹരജികളെല്ലാം ഇന്നു സുപ്രിംകോടതി പരിഗണിക്കും
ന്യൂഡല്‍ഹി: നോട്ട് നിരോധനം സംബന്ധിച്ച എല്ലാ ഹരജികളും സുപ്രിംകോടതി ഇന്നു പരിഗണിക്കും. നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിലെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്നതുള്‍പ്പെടെയുള്ള ഹരജികള്‍ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. കേസ് തിങ്കളാഴ്ച പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ചീഫ് ജസ്റ്റിസ് അവധിയായതിനാലാണ് ഇന്നത്തേക്കു നീട്ടിയത്. അടിയന്തര സ്വഭാവമുള്ള ഈ കേസ് മൂന്നാംതവണയാണ് ഇതിനകം മാറ്റിവച്ചത്. വിവിധ ആവശ്യങ്ങളടങ്ങുന്ന ഹരജികള്‍ എല്ലാ തരംതിരിക്കാനായി ഹരജിക്കാരുടെ അഭിഭാഷകന്‍ കപില്‍സിബലിനോടും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗിയോടും നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു.
കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് ഉള്‍പ്പെടെയുള്ള ഹൈക്കോടതികളിലുള്ള ഹരജികള്‍ സ്‌റ്റേചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം, കേരളം, തമിഴ്‌നാട്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ജില്ലാ സഹകരണബാങ്കുകള്‍ സമര്‍പ്പിച്ച ഹരജി, 100 രൂപയ്ക്കു മുകളിലുള്ള എല്ലാ നോട്ടുകളും നിരോധിക്കണമെന്ന ബി.ജെ.പി നേതാവ് അശ്വനി ഉപാധ്യായയുടെ ഹരജി തുടങ്ങി 17 കേസുകളാണ് സുപ്രിംകോടതി മുമ്പാകെയുള്ളത്.
ഇതിനു പുറമെ വിവിധ ഹൈക്കോടതികളിലായി 70ലേറെ ഹരജികള്‍ വേറെയും ഉണ്ട്. നോട്ട് നിരോധനത്തെതുര്‍ന്നുള്ള ഇടപാടുകളില്‍ നിന്ന് സഹകരണബാങ്കുകളെ മാറ്റിനിര്‍ത്തിയതു ചോദ്യംചെയ്താണ് കേരളത്തിലെ ജില്ലാസഹകരണബാങ്കുകള്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ആരോപണത്തിനു മറുപടിയായി ബുധനാഴ്ച സഹകരണബാങ്കുകള്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സഹകരണബാങ്കുകള്‍ക്കു വേണ്ടിയും കപില്‍ സിബലാണ് ഹാജരാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."