സൗമ്യവധം: കോടതിയലക്ഷ്യ കേസില്‍ ജസ്റ്റിസ് കട്ജു ഖേദം പ്രകടിപ്പിച്ചേക്കും
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സുപ്രിംകോടതി ഉത്തരവിനെ വിമര്‍ശിച്ചതിനു കോടതിയലക്ഷ്യനടപടി നേരിടുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഖേദംപ്രകടിപ്പിച്ചേക്കും. കോടതി അലക്ഷ്യ കേസില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സുപ്രിംകോടതി മുന്‍ ജഡ്ജി കൂടിയായ അദ്ദേഹം സുപ്രിംകോടതി രജിസ്ട്രാര്‍ക്കു കത്തുനല്‍കും.
എന്നാല്‍ ഇതുസംബന്ധിച്ചു പ്രതികരിക്കാന്‍ കട്ജു തയ്യാറായിട്ടില്ല. സൗമ്യവധക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിംകോടതിയുടെ നടപടിയെ ഫേസ്ബുക്കിലിട്ട കുറിപ്പിലായിരുന്നു കട്ജു വിമര്‍ശിച്ചത്. വിധിയില്‍ നിരവധി പാളിച്ചകളുള്ളതായി കട്ജു അഭിപ്രായപ്പെട്ടിരുന്നു.
തുടര്‍ന്നു കേസിന്റെ പുനപരിശോധനാവേളയില്‍ കട്ജുവിനെ കോടതിയില്‍ വരുത്തുകയും അദ്ദേഹത്തിനു പറയാനുള്ളത് കേസ് പരിഗണിച്ച ബഞ്ച് കേള്‍ക്കുകയും ചെയ്തു.
ഇതിനിടെ കട്ജുവും ബെഞ്ചിലെ ജഡ്ജിമാരും തമ്മില്‍ രൂക്ഷമായവാഗ്വാദം നടക്കുകയും അദ്ദേഹത്തിനെതിരേ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുന്നതായി ബെഞ്ചിന്റെ തലവന്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അറിയിക്കുകയുമായിരുന്നു.
കോടതി നടപടികള്‍ നേരിടാന്‍ തയ്യാറാണെന്ന നിലപാടാണ് കട്ജു ആദ്യം സ്വീകരിച്ചത്. കേസില്‍ കട്ജുവിന് വേണ്ടി ചില മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകും എന്ന സൂചനകളുമുണ്ടായിരുന്നു. ഭരണഘടനാ വിദഗ്ധന്‍ ഫാലി എസ്. നരിമാന്‍, സോളി സൊറാബ്ജി എന്നിവരുടെ പേരുകളായിരുന്നു ഉയര്‍ന്നു വന്നത്. ഇതിനിടെയാണ് കേസില്‍ ഖേദംപ്രകടിപ്പിക്കാന്‍ കട്ജു തയ്യാറാവുമെന്ന് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞത്. കേസ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ബെഞ്ച് ഇന്നു പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."