ബ്രിട്ടനിലെ അടിമകേന്ദ്രത്തില് പരിശോധന: മൂന്നുപേര്‍ അറസ്റ്റില്‍
ലണ്ടന്‍: ബ്രിട്ടനിലെ അടിമവ്യാപാര കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്നു പേര് അറസ്റ്റില്‍. ദക്ഷിണ കൗണ്ടിയായ കെന്റില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്.
പ്രതികള്‍ക്ക് രാജ്യത്ത് വലിയ ശൃംഖലയുണ്ടെന്ന് പൊലിസ് വ്യക്തമാക്കി. ഒരേസമയം കാന്ഡര്ബെറിയിലും മെയ്ഡ്സ്റ്റോണിലുമുള്ള ഏഴു വ്യത്യസ്ത ഇടങ്ങളിലാണ് പൊലിസ് പരിശോധന നടത്തിയത്. ബ്രിട്ടന്റെ ആധുനിക അടിമവ്യാപാരമെന്ന അല്‍ജസീറയുടെ ഡോക്യുമെന്ററി പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അറസ്റ്റിലായവരില്‍ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണുള്ളത്. ബ്രിട്ടനില്‍ കാര്‍ കഴുകല്‍ കേന്ദ്രങ്ങള്‍ അടിമവ്യാപാര കേന്ദ്രങ്ങളാവുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാര്‍ വാഷിങ് കേന്ദ്രങ്ങളും വീടുകളും ലക്ഷ്യമിട്ടായിരുന്നു പരിശോധനകള്‍. അതേസമയം, അറസ്റ്റിലായവരെ ചോദ്യംചെയ്തുവരികയാണെന്നും എന്തൊക്കെ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ പങ്കാളിയായിട്ടുണ്ടെന്ന് കണ്ടെത്തണമെന്നും പൊലിസ് പറഞ്ഞു.
നേരത്തെ അല്‍ജസീറ മാസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് അടിമവ്യാപാരത്തെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്. ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ 20ഓളം അടിമകള്‍ സ്വതന്ത്രരായെന്നും ചാനല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."