പാക് വിമാനാപകടം: യന്ത്രത്തകരാറെന്ന് സൂചന
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ കഴിഞ്ഞദിവസം തകര്‍ന്നുവീണ വിമാനത്തിന് യന്ത്രത്തകരാര്‍ ഉണ്ടായിരുന്നതായി സൂചന. പാകിസ്താന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് ചെയര്‍മാന്‍ മുഹമ്മദ് അസം സെയ്‌ഗോള്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 42 യാത്രക്കാരും അഞ്ച് വിമാന ജീവനക്കാരും ഒരു ഗ്രൗണ്ട് എന്‍ജിനീയറും ഉള്‍പ്പെടെ 48 പേരാണ് അപകടത്തില്‍ മരിച്ചത്. ഖൈബര്‍ പ്രവിശ്യയിലെ ഹാവെലിയനിലാണ് വിമാനം തകര്‍ന്നത്. ആരും രക്ഷപ്പെട്ടിരുന്നില്ല. വിമാനം അറ്റകുറ്റപ്പണികള്‍ക്കുശേഷം കഴിഞ്ഞ ഒക്ടോബറിലാണ് വീണ്ടും സര്‍വിസ് തുടങ്ങിയത്. ഓരോ 500 മണിക്കൂര്‍ പറക്കലിനു ശേഷവും വിമാനം അറ്റകുറ്റപ്പണി നടത്താറുണ്ടായിരുന്നു. എന്നാല്‍, സാങ്കേതിക പിഴവോ മാനുഷിക പിഴവോ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണത്തിനു ശേഷം മാത്രമേ ഇത് കണ്ടെത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.
500 സൈനികരും ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരുമാണ് പര്‍വതമേഖലയിലെ അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 40 മൃതദേഹങ്ങള്‍ കണ്ടെടുത്തു. അപകടത്തില്‍ മരിച്ചവരില്‍ മുന്‍ പോപ് സംഗീതജ്ഞനും ഇപ്പോള്‍ മതപ്രബോധകനുമായിരുന്ന ജുനൈദ് ജംഷാദും ഭാര്യയും ഉള്‍പ്പെടും.
31 പുരുഷന്മാരും 9 സ്ത്രീകളും രണ്ടു കുട്ടികളുമാണ് യാത്രക്കാരായി വിമാനത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."