ഒന്നും ശരിയാക്കിയില്ല, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ എല്‍.ഡി.എഫ് സര്‍ക്കാരും കൈയൊഴിയുന്നതായി ആരോപണം. എല്ലാ ശരിയാകുമെന്ന പ്രതീക്ഷ നല്‍കി അധികാരത്തിലെത്തിയെങ്കിലും ഇരകളെ ശരിയാക്കിയ അവസ്ഥയിലാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ നിലപാടുകള്‍ എന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആരോപിക്കുന്നു. കഴിഞ്ഞ ജനുവരി 26ന് അമ്മമാരുടെ നേതൃത്വത്തില്‍ ഇരകള്‍ നടത്തിയ സമരത്തില്‍ കൂടെ നില്‍ക്കാന്‍ വി.എസ് അച്യുതാനന്ദനടക്കമുള്ള സി.പി.എം നേതാക്കള്‍ മുന്‍ നിരയിലുണ്ടായിരുന്നു.
പിണറായി വിജയന്‍ കാസര്‍കോട് നവകേരളയാത്ര ആരംഭിച്ചതും എന്‍ഡോസള്‍ഫാന്‍ രോഗികളുടെ വീട് സന്ദര്‍ശിച്ചുകൊണ്ടായിരുന്നു. എന്നാല്‍ ഇടതുമുന്നണി അധികാരത്തിലെത്തിയതോടെ വാഗ്ദാനങ്ങള്‍ മാത്രമായി ഒതുങ്ങിപ്പോയെന്ന് പീഡിത മുന്നണി കുറ്റപ്പെടുത്തുന്നു.
മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ച നഷ്ടപരിഹാരം മുഴുവന്‍ നല്‍കിയിട്ടില്ല. അഞ്ചുലക്ഷം രൂപ നല്‍കണമെന്ന നിര്‍ദേശത്തില്‍ മുന്‍ സര്‍ക്കാര്‍ മൂന്നുഗഡുക്കളായി കുറച്ച് തുക നല്‍കിയിരുന്നു.
എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ രോഗികളായ 4,000 പേര്‍ക്ക് 1000 രൂപ ബോണസും 600 ഓളം പേരുടെ അമ്പതിനായിരം രൂപയുടെ കടം എഴുതി തള്ളിയതുമാണ് ആകെ ചൂണ്ടിക്കാട്ടാനുള്ളതെന്ന് ഇവര്‍ ആരോപിക്കുന്നു.
കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളിലായി 5837 രോഗികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 2014 ല്‍ നടത്താനിരുന്ന മെഡിക്കല്‍ ക്യാംപ് 2016 അവസാനിക്കാറായിട്ടും നടത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം പലരോഗികളെയും മുന്‍ഗണനേതര പട്ടികയില്‍ പെടുത്തിയതിനാല്‍ റേഷന്‍ ലഭിക്കുന്നത് നഷ്ടമായി.
മരുന്നുകള്‍ സൗജന്യമായി ലഭിക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും അതും വാഗ്ദാനത്തിലൊതുങ്ങി.
മെഡിക്കല്‍ ക്യാംപ് നടത്തുക, കടങ്ങള്‍ എഴുതി തള്ളുക, ഗോഡൗണുകളിലെ എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്യുക, ശാസ്ത്രീയവും പ്രായോഗികവുമായ പുനരധിവാസം നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് ഇന്ന് കാസര്‍കോട് കലക്ടറേറ്റിലേക്ക് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി മാര്‍ച്ച് നടത്തും. സി.പി.എം ഉള്‍പെടെയുള്ള വിവിധ സംഘടനകളും ഇരകള്‍ക്കൊപ്പമുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ തയാറാകുന്നില്ലെങ്കില്‍ വീണ്ടും സെക്രട്ടേറിയറ്റിനുമുന്നില്‍ സമരം നടത്തുമെന്ന് പീഡിത മുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."