യു.ഡി.എഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍: മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് ഈ മാസം
തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് എടുത്ത വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി ഈ മാസം അവസാനം റിപ്പോര്‍ട്ട് മന്ത്രിസഭയ്ക്കു സമര്‍പ്പിക്കും. പരിശോധന ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. പല തീരുമാനങ്ങള്‍ക്കു പിന്നിലും അനധികൃത ഇടപാടുകളും ക്രമക്കേടുകളും നടന്നതായി സമിതി കണ്ടെത്തിയിട്ടുണ്ട്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെയാണ് ഉപസമിതിക്കു രൂപം നല്‍കിയത്. മന്ത്രി എ.കെ ബാലനാണ് സമിതിയുടെ അധ്യക്ഷന്‍. ഈ വര്‍ഷം ജനുവരി മുതല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളാണ് സമിതി പരിശോധിച്ചത്. ഏതാണ്ട് 900ത്തോളം വിഷയങ്ങള്‍ സമിതിയുടെ പരിഗണനയ്ക്കു വരികയുണ്ടായി.
ഇതില്‍ ഭൂമി അനുവദിച്ചുകൊണ്ടുള്ള ചില തീരുമാനങ്ങളാണ് പ്രധാനമായും പരിശോധനയ്ക്കു വിധേയമായത്. ഇതില്‍ പലതിലും വലിയ തോതില്‍ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നിട്ടുണ്ടെന്ന് സമിതി കണ്ടെത്തിയതായി അറിയുന്നു. ഇത്തരം തീരുമാനങ്ങള്‍ റദ്ദാക്കാനുള്ള ശുപാര്‍ശ റിപ്പോര്‍ട്ടിലുണ്ടകും.
ഭൂമി ഇടപാടിനു പുറമെ ചില ക്രമവിരുദ്ധ നിയമനങ്ങള്‍ നടന്നതായും സമിതി കണ്ടെത്തിയിട്ടുണ്ട്. ബന്ധു നിയമന വിവാദത്തിന്റെ പേരില്‍ ഇ.പി ജയരാജന് ഇടതു മന്ത്രിസഭയില്‍ നിന്ന് രാജിവയ്‌ക്കേണ്ടി വന്ന സംഭവം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യമുള്ളതിനാല്‍ നിയമന വിഷയത്തില്‍ മന്ത്രിസഭാ ഉപസമിതി പ്രത്യേക ഊന്നല്‍ നല്‍കാനിടയുണ്ട്.
ചില സ്‌കൂളുകളും കോളജുകളും അനുവദിച്ചതിലും ക്രമക്കേടു നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങളിലും ക്രമക്കേടു കണ്ടെത്തിയതായാണ് സൂചന. ഇതിന്റെയൊക്കെ പേരിലുള്ള നടപടികള്‍ക്കും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടാകും. എന്തൊക്കെ തരത്തിലുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും സമിതി ശുപാര്‍ശ ചെയ്യും.
റിപ്പോര്‍ട്ട് പരിശോധിച്ച് സര്‍ക്കാര്‍ റദ്ദാക്കേണ്ട തീരുമാനങ്ങള്‍ റദ്ദാക്കുകയും ചിലതിന്റെ പേരില്‍ നിയമനടപടിയടക്കം സ്വീകരിക്കുകയും ചെയ്യുമെന്നറിയുന്നു. ഇത്തരം നടപടികള്‍ യു.ഡി.എഫിനെ വലിയ തോതില്‍ പ്രതിരോധത്തിലാക്കാനിടയുണ്ട്. ബാര്‍കോഴക്കേസില്‍ മുന്‍ മന്ത്രി കെ.എം മാണിക്കു വേണ്ടി യു.ഡി.എഫ് സര്‍ക്കാര്‍ ചട്ടവിരുദ്ധമായി പണം ചെലവഴിച്ചതായാണ് മറ്റൊരു പ്രധാന കണ്ടെത്തല്‍.
പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടുവരാന്‍ നിയമ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും എതിര്‍പ്പു മറികടന്നുകൊണ്ടുവരാന്‍ പോലും പൊതുഖജനാവില്‍ നിന്ന് പണം ചെലവഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തോമസ് ഐസക്, വി.എസ് സുനില്‍കുമാര്‍, മാത്യു ടി. തോമസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ ശശീന്ദ്രന്‍ എന്നവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."