ജില്ലയില്‍ ഇനി കോണ്‍ഗ്രസിനെ നയിക്കാന്‍ യുവനേതൃത്വം
കോഴിക്കോട്: ദേശീയ പ്രസ്ഥാനത്തിന് കരുത്തുറ്റ നേതാക്കളെ സമ്മാനിച്ച കോഴിക്കോടിന്റെ മണ്ണില്‍ ഇനി കോണ്‍ഗ്രസിനെ നയിക്കാന്‍ യുവനേതൃത്വം. തലയെടുപ്പുള്ള നേതാക്കള്‍ അലങ്കരിച്ച ഡി.സി.സി പ്രസിഡന്റ് പദവിയിലേക്ക് ചരിത്രനിയോഗം പോലെയാണ് അഡ്വ. ടി. സിദ്ദീഖ് അവരോധിതനാകുന്നത്. യുവാക്കളെ പാര്‍ട്ടി നേതൃത്വത്തിലേക്കു കൊണ്ടുവരാനുള്ള തീരുമാനമാണ് സിദ്ദീഖിന് തുണയായി. ജില്ലയില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും യുവാക്കളെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കാനും കഴിയുമെന്ന ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തലാണ് സിദ്ദീഖിനു നറുക്കുവീഴാന്‍ കാരണം.
ജില്ലയിലെ പാര്‍ട്ടിയുടെ പൂര്‍വപ്രതാപം വീണ്ടെടുക്കുകയെന്ന കടുത്ത വെല്ലുവിളിയാണ് സിദ്ദീഖിന്റെ മുന്‍പിലുള്ളത്. സ്വന്തം ഗ്രൂപ്പിലെയും എതിര്‍ ഗ്രൂപ്പിലെയും പ്രമുഖര്‍ കരുനീക്കിയെങ്കിലും ഇതിനെയെല്ലാം അതിജീവിച്ചാണ് സിദ്ദീഖ് പ്രസിഡന്റായത്. സിദ്ദീഖിനെതിരേ ദേശീയ നേതൃത്വത്തിനു പരാതി നല്‍കിയവരുടെ നീക്കവും ഫലം കണ്ടില്ല. പ്രവര്‍ത്തന മികവിനൊപ്പം ഉമ്മന്‍ ചാണ്ടിയുടെ പിന്തുണയും ഗുണകരമായി. കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ സിദ്ദീഖ് ദുരിത ബാല്യത്തിന്റെ ഓര്‍മകള്‍ നീന്തിക്കടന്നാണ് കേരളം അറിയപ്പെടുന്ന യുവജന നേതാവായി വളര്‍ന്നത്. യുവജന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിലെ പാടവം യൂത്ത് കോണ്‍ഗ്രസ് പെരുവയല്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയില്‍ നിന്ന് സംസ്ഥാന പ്രസിഡന്റായി ഉയരാന്‍ സിദ്ദീഖിനെ പ്രാപ്തനാക്കി.
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ്, ദേവഗിരി കോളജ് യൂനിയന്‍ ചെയര്‍മാന്‍, കോഴിക്കോട് ലോ കോളജ് യൂനിറ്റ് പ്രസിഡന്റ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെനറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷ പദവിയിലെത്തി. 2007 മുതല്‍ 2009 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും പിന്നീട് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ശക്തമായ പോരാട്ടം കാഴ്ചവച്ച് എതിരാളികളെ ഞെട്ടിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുന്ദമംഗലത്ത് നിന്നു ജനവിധി തേടി. ബി.കോം, എല്‍.എല്‍.ബി ബിരുദധാരിയായ സിദ്ദീഖ് ദൃശ്യമാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റെ നാവായും നിറഞ്ഞുനില്‍ക്കുന്നു. നിലവില്‍ പ്രോഗ്രസീവ് ഇന്ത്യ മാസികയുടെ ചീഫ് എഡിറ്ററായ സിദ്ദീഖ് പെരുമണ്ണ പന്നിയൂര്‍ക്കുളം തുവക്കോട്ട് വീട്ടില്‍ പരേതനായ കാസിം-നബീസ ദമ്പതികളുടെ മകനാണ്. ഷറഫുന്നിസയാണ് ഭാര്യ. മക്കള്‍: ആദില്‍, ആഷിഖ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."