രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ മാനേജ്‌മെന്റിനുമിടയില്‍പ്പെട്ട് കുട്ടികള്‍ വലയുന്നു: ബാലാവകാശ കമ്മിഷന്‍
കോഴിക്കോട്: രക്ഷിതാക്കളും സ്‌കൂള്‍ മാനേജ്‌മെന്റും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ഇരുവര്‍ക്കുമിടയില്‍പ്പെട്ട് കുട്ടികള്‍ പ്രയാസപ്പെടുകയാണെന്നും സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ ശോഭാ കോശി. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ നടന്ന ബാലാവകാശ കമ്മിഷന്‍ അദാലത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഇന്നലെ നടന്ന സിറ്റിങ്ങില്‍ കമ്മിഷന്‍ 45 പരാതികള്‍ പരിഗണിച്ചു. നിലവിലുള്ള പതിനേഴ് കേസുകളില്‍ പരാതി ശ്രവിച്ച കമ്മിഷന് മുന്‍പാകെ 28 പുതിയ കേസുകളാണ് ഇന്നലെ പരിഗണനയ്ക്കു വന്നത്. ലൈസന്‍സില്ലാതെ വാഹനമോടിച്ചെന്നാരോപിച്ച് വിദ്യാര്‍ഥിയില്‍ നിന്ന് പിഴ ഈടാക്കിയ സംഭവത്തില്‍ ബേപ്പൂര്‍ സ്റ്റേഷനിലെ മൂന്നു പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കമ്മീഷന് മുന്‍പാകെ പരാതി ലഭിച്ചു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കുന്നതിന് പകരം പിഴയടപ്പിച്ച സംഭവം നിലവിലെ നിയമസംവിധാനത്തിന് എതിരാണെന്നും ശോഭാ കോശി ചൂണ്ടിക്കാട്ടി. വ്യക്തിവൈരാഗ്യം കാരണം ഒരു അധ്യാപകനെതിരേ വിദ്യാര്‍ഥികളെ പീഡിപ്പിച്ചെന്ന് കാണിച്ച് മറ്റൊരു അധ്യാപകന്‍ വ്യാജ പരാതി നല്‍കിയ സംഭവം തുടരന്വേഷണത്തിന് വിട്ടു. സംഭവത്തില്‍ പൊലിസിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തെറ്റായ പരാതി നല്‍കിയ അധ്യാപകനെതിരേ പോക്‌സോ ആക്ട് പ്രകാരം നടപടിയെടുക്കും. തീരദേശ മേഖലയിലെ അങ്കണവാടികളില്‍ കെട്ടിടനമ്പര്‍ ലഭിച്ചില്ലെങ്കിലും വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കണമെന്ന് നിര്‍ദേശം നല്‍കിയതായി കമ്മിഷന്‍ അറിയിച്ചു.
ഇതേ സാഹചര്യമുള്ള സ്‌കൂളുകളില്‍ വെള്ളവും വൈദ്യുതിയും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പരാതികളിലും നടപടിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായുള്ള ഉള്ള്യേരി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹോസ്റ്റലിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് പരാതിയില്‍ 30 കുട്ടികളെ താമസിപ്പിക്കേണ്ട സ്ഥലത്ത് 130 വിദ്യാര്‍ഥികളെ പാര്‍പ്പിച്ചത് മതിയായ സൗകര്യങ്ങളില്ലാതെയാണെന്ന് കമ്മിഷന്‍ കണ്ടെത്തി.
സിറ്റിങ്ങില്‍ ബാലാവകാശ കമ്മിഷന്‍ അംഗം അഡ്വ. നസീര്‍ ചാലിയം, കമ്മിഷന്‍ രജിസ്ട്രാര്‍ എസ്.എച്ച് ജയകേശന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഷീബാ മുംതാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."