ഹരിതകേരളത്തിനായി സമൂഹം ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണം: എം.ടി
കോഴിക്കോട്: ഹരിത കേരളത്തിനായി സമൂഹം ഒരേമനസോടെ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് എം.ടി വാസുദേവന്‍ നായര്‍. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിതകേരള മിഷന്‍ പദ്ധതിയുടെ ജില്ലാതല ശുചീകരണം സരോവരം ബയോ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ നാടിന്റെ പച്ചപ്പ് വീണ്ടും തളിര്‍ക്കണം. മാലിന്യമില്ലാത്ത നഗരമുണ്ടാകണം. കാലംതെറ്റിയാണെങ്കിലും പെയ്യുന്ന മഴവെള്ളവും ജലസ്രോതസുകളും ജലാശയങ്ങളും സംരക്ഷിക്കപ്പെടണം. കുടിവെള്ളം ലഭ്യമല്ലാതാകുമ്പോള്‍ ജലധൂര്‍ത്ത് ഒഴിവാക്കണം. അങ്ങനെയായാല്‍ മാത്രമേ നമ്മുടെ നാടിന്റെ അഭിമാനം നിലനിര്‍ത്താനാവൂ. ഭാവിയെയും ജീവിതത്തെയും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്റെ സജീവ പങ്കാളിത്തമുണ്ടായാല്‍ മാത്രമേ ഉദ്ദേശിച്ച ഫലം ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്ന് ലോറികളില്‍ പച്ചക്കറി എത്തിയില്ലെങ്കില്‍ കേരളത്തില്‍ ഉത്സവങ്ങള്‍ നടക്കില്ലെന്ന അവസ്ഥയാണ്. ഇതു പരിഹരിക്കപ്പെടാന്‍ നാട്ടില്‍ കൃഷി വ്യാപിപ്പിക്കേണ്ടതുണ്ടെന്നും എം.ടി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷനായി. നിലവിലുള്ള കൃഷിയിടങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സംസാരിച്ചു. സബ് ജഡ്ജ് ആര്‍.എല്‍ ബൈജു, പ്രൊഫ. ശോഭീന്ദ്രന്‍, ഡോ. എ. അച്യുതന്‍, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, എ.ഡി.എം ടി. ജനില്‍കുമാര്‍, കോര്‍പറേഷന്‍ സെക്രട്ടറി മൃണ്‍മയ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്,ഡി.ഡി.ഇ ഗിരീഷ് ചോലയില്‍, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ മുക്കം മുഹമ്മദ്, കെ.വി ബാബുരാജ്, ടി.വി ലളിതപ്രഭ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."