വീട്ടമ്മയെ രക്ഷിച്ച ബിനിലിന് ധീരതക്കുള്ള അവാര്‍ഡ്
മാള: കനാലിലെ കുത്തൊഴുക്കില്‍ പെട്ടവരില്‍ ഷൈബിയെന്ന വീട്ടമ്മയെ രക്ഷിച്ച ബിനിലിന് ധീരതക്കുള്ള രാഷ്ട്രത്തിന്റെ അംഗീകാരം. കുഴൂര്‍ മഞ്ഞളി ആന്റണിയുടേയും ഡോ.ബീനയുടേയും മകനായ ബിനിലാണ് ദേശീയാംഗീകാരത്തിനര്ഹനായത്.2017 ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക്ദിന പരേഡില്‍ പ്രധാനമന്ത്രിയില്‍ അവാര്‍ഡ് ഏറ്റുവാങ്ങും.
കഴിഞ്ഞ ഏപ്രില്‍ 17 ന് അര്‍ദ്ധരാത്രിയിലാണ് ബിനിലിന് ദേശീയാംഗീകാരം നേടിക്കൊടുത്ത സംഭവമുണ്ടായത്.മൂവാറ്റുപുഴയില്‍ നിന്നും ബിനിലും കുടുംബവും കാറില്‍ അത്താണിയിലേക്ക് വരുമ്പോള്‍ ഒരു കുട്ടി കാറിന് പിന്നാലെ കരഞ്ഞുകൊണ്ട് ഓടിവരുന്നത് ശ്രദ്ധയില്‍പെട്ടു. കാര്‍നിര്‍ത്തി കുട്ടിയോട് കാര്യമന്യേഷിച്ചപ്പോള്‍ കുട്ടിയുടെ അമ്മയുള്‍പ്പെടെ കനാലില്‍ വീണതായും ഒഴുക്കില്‍ പെട്ടതായുമറിഞ്ഞു. ഉടനെ ബിനില്‍ കനാലിലേക്ക് ചാടി മുങ്ങിത്താണുകൊണ്ടിരുന്ന വാഴപ്പിള്ളി ഷിബുവിന്റെ ഭാര്യ ഷൈബിയെ രക്ഷപ്പെടുത്തി. ബിനിലിന്റെ മാതാപിതാക്കള്‍ നാട്ടുകാരുടെ സഹായത്തോടെ പൊലിസിലും ഫയര്‍ ഫോഴ്സിലും അറിയിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു.വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും കുട്ടിയുടെ അമ്മയുടേയും ബന്ധുവിന്റേയും മൃതദേഹം മാത്രമാണ് കണ്ടെത്താനായത്.കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളിലാണ് ബിനില്‍ പഠിക്കുന്നത്.
നീന്തലില്‍ പ്രത്യേക പരിശീലനം നേടിയതാണ് മറ്റൊന്നുമാലോചിക്കാതെ ബിനിലിനെ കുത്തിയൊഴുകുന്ന കനാലിലേക്ക് പാതിരാത്രിയിലും എടുത്ത് ചാടാന്‍ പ്രാപ്തനാക്കിയത്.ബിനിലിന്റെ പിതാവ് ആന്റണി രാജഗിരി കോളേജിലെ പ്രൊജക്റ്റ് ഡയറക്റ്ററാണ്.മാതാവ് ബീന ഡോക്ടറായി സേവനമനുഷ്ടിക്കുന്നു.ദേശീയാംഗീകാരത്തില് ഏറെ സന്തോഷത്തിലാണ് കുടുംബവും കുഴൂരെന്ന കൊച്ചു ഗ്രാമവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."