ഹരിതകേരളം; പച്ചപ്പിനായി നാടൊന്നിച്ചു
പാങ്ങ്: നവകേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നാടെങ്ങും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പാങ്ങ് ചന്തപ്പറമ്പ് ഫ്രണ്ട്‌സ് റോവേഴ്‌സ് ക്ലബും കുറുവ പഞ്ചായത്ത് ജീവനക്കാരുടെയും ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫിസ് ശുചീകരിച്ചു. പ്രസിഡന്റ് യൂസുഫ് മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്തു.
പാങ്ങ് ചേണ്ടിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനം കുറുവ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ എന്‍.പി ഹംസ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എ.സി കുഞ്ഞയമു അധ്യക്ഷനായി.
എടവണ്ണപ്പാറ: മുതുവല്ലൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും പൊതുസ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, അങ്ങാടികള്‍, പൊതു നിരത്തുകള്‍, തെരെഞ്ഞെടുക്കപ്പെട്ട കുളങ്ങള്‍, തോടുകള്‍ എന്നിവ ശുചീകരിച്ചു. പ്രവര്‍ത്തനങ്ങളുടെ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എ സഗീര്‍ നിര്‍വഹിച്ചു. വിവിധ വാര്‍ഡുകളില്‍ ജനപ്രതിനിധികള്‍ നേതൃത്വം നല്‍കി.
മലപ്പുറം: ഗവ. വനിതാ കോളജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ മലപ്പുറം ഡി.ഡി ഓഫിസ് പരിസരം ശുചീകരിച്ചു. ഡി.ഡി ഓഫിസര്‍ പി. സഫറുള്ള ബോധവല്‍ക്കരണ ക്ലാസും, ശുചിത്വ പ്രതിജ്ഞയും നടത്തി.
മങ്കട: മക്കരപ്പറമ്പ് പഞ്ചായത്തില്‍ ഹരിത കേരളം പദ്ധതി മുഴുവന്‍ വാര്‍ഡുകളിലും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്തല ഹരിത കേരളം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് കരുവള്ളി ഹബീബ കാളാവില്‍ എം.പി.ജി.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ 'മണ്ണിനെ പൊന്നാക്കല്‍' രണ്ടേക്കറില്‍ പയര്‍ കൃഷി പ്രവൃത്തി ആരംഭിച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ലത അധ്യക്ഷയായി. സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ റാലിയും ഹരിത പ്രതിജ്ഞയും നടത്തി. വട്ടപ്പറമ്പ് കുളം പുനരുദ്ധാരണവും പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു.
മലപ്പുറം: ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ കോഡൂര്‍ പഞ്ചായത്തിലെ പത്താംവാര്‍ഡ് വലിയാട് അങ്ങാടിയും സ്‌കൂള്‍ പരിസരവും ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.എം സുബൈര്‍, പഞ്ചായത്ത് സെക്രട്ടറി കെ. പ്രേമാനന്ദന്‍, പ്രിന്‍സിപ്പല്‍ കെ.പി ബീന, അനീസ്, വി.പി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കോഡൂര്‍: പഞ്ചായത്ത് ഒറ്റത്തറയില്‍ ഹരിത കേരളം പദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചായത്തംഗം മച്ചിങ്ങല്‍ മുഹമ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കാവുങ്ങല്‍: കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ ഹരിത കേരളം മിഷന്‍ പദ്ധതിയുടെ ഭാഗമായി ഔഷധ ചെടികളും പച്ചക്കറികളും നട്ടു. ഹെഡ്മിസ്ട്രസ് പി.ടി സലീന, സലീന ടീച്ചര്‍ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.
കോഡൂര്‍: പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ. റീജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പെരിന്തല്‍മണ്ണ: ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ നടന്ന ഹരിത കേരളം പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമണ്ണ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സദക്ക അധ്യക്ഷനായി.
എടവണ്ണപ്പാറ: ഹരിത കേരളം മിഷന്റെ ഭാഗമായി ചീക്കോട് പഞ്ചായത്തിലെ എളങ്കാവില്‍ പതിനഞ്ച് ഏക്കറില്‍ ജൈവ പച്ചക്കറി കൃഷി, സ്‌കൂളുകള്‍, അങ്ങാടികള്‍ തുടങ്ങിയ സ്ഥലങ്ങള്‍ ശുചീകരിക്കല്‍, ജലസംരക്ഷണത്തിനായി കുളങ്ങള്‍ നന്നാക്കല്‍, മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പഞ്ചായത്ത്തല ഉദ്ഘാടനം എളങ്കാവില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സഈദ് നിര്‍വഹിച്ചു. നാരായണന്‍ അധ്യക്ഷനായി. വിവിധ വാര്‍ഡുകളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികള്‍ നേതൃത്വം നല്‍കി.
വലിയാട്: യു.എ.എച്ച്.എം.എല്‍.പി സ്‌കൂളും പരിസരവും ശുചീകരിച്ചു. പി. ഉബൈദുല്ല എം.എല്‍.എ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അങ്ങാടിപ്പുറം: പഞ്ചായത്ത് ഹരിത കേരളം പദ്ധതി പി.ടി.എം.യു.പി സ്‌കൂളില്‍ വാര്‍ഡംഗം ഹാജറാ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. വൈലോങ്ങരയില്‍ വാര്‍ഡംഗം വി.പി ഷരീഫിന്റെ നേതൃത്വത്തില്‍ മേചേരിപറമ്പ് തോട്ടില്‍ തടയണ നിര്‍മിച്ചു.
കൊളത്തൂര്‍: മൂര്‍ക്കനാട് പഞ്ചായത്ത് തൂതപുഴയില്‍ മൂര്‍ക്കനാട് പള്ളിക്കടവിനു സമീപം തടയണ നിര്‍മിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. മൂര്‍ക്കനാട് എ.എം.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സ്‌കൂളിലെ മഴവെള്ള സംഭരണിക്ക് ചുറ്റും പ്രതീകാത്മകമായി മനുഷ്യ മതില്‍ തീര്‍ത്തു.
പുലാമന്തോള്‍: പഞ്ചായത്തില്‍ ഹരിത കേരളം മിഷന്‍ പദ്ധതികളുടെ ഉദ്ഘാടന യോഗം പാലൂര്‍ ടൗണ്‍ മസ്ജിദിന് സമീപം പഞ്ചായത്ത് പ്രസിഡന്റ് വി.പി മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു.
ചട്ടിപ്പറമ്പ: എ.എല്‍.പി സ്‌കൂളിന്റെ നേതൃത്വത്തില്‍ കുളം ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനം പൊന്മള പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി കദീജ സലീം ഉദ്ഘാടനം ചെയ്തു.
കിഴിശ്ശേരി: മുതുവല്ലൂര്‍ പഞ്ചായത്ത് ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന കിണര്‍ നിര്‍മാണത്തിന് തുടക്കം കുറിച്ചു. വാര്‍ഡ് മെമ്പര്‍മാരുടെ സഹായത്തോടെ വാര്‍ഡുകളില്‍ നടത്തപ്പെടുന്ന കമ്പോസ്റ്റ് കുഴി നിര്‍മാണം, തോട്, കുളം എന്നിവ വൃത്തിയാക്കല്‍ പ്രവര്‍ത്തനങ്ങളുടെ വാര്‍ഡ്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എ സഗീര്‍ നിര്‍വഹിച്ചു.
മലപ്പുറം: നഗരസഭ ശുചീകരണ പ്രവൃത്തികള്‍ പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ക്കാണ് തുടക്കമായത്. നഗരസഭയിലെ 40 വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവൃത്തി ആരംഭിക്കും. ഇതോടൊപ്പം തന്നെ വരള്‍ച്ച നേരിടുന്നതിനായി കുടുംബശ്രീയുമായി സഹകരിച്ച് ഓരോ വാര്‍ഡിലും വാട്ടര്‍ കിയോസ്‌കുകളും പദ്ധതി ഭാഗമായി സ്ഥാപിക്കും. ചടങ്ങില്‍ നഗരസഭാധ്യക്ഷ സി.എച്ച് ജമീല, വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈദ്, പ്രതിപക്ഷ നേതാവ് ഒ. സഹദേവന്‍, പാര്‍വതിക്കുട്ടി ടീച്ചര്‍, ഹാരിസ് ആമിയന്‍ പങ്കെടുത്തു.
മങ്കട: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മങ്കട പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 10 കുളങ്ങളും 30 കിണറുകളും നിര്‍മിക്കാന്‍ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് എം.കെ രമണി, എന്‍ജിനീയര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന കുളങ്ങളുടെ ഉദ്ഘാടനം ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ നിര്‍വഹിച്ചു.
മലപ്പുറം: ഈസ്റ്റ് കോഡൂര്‍ കുട്ടശ്ശേരിക്കുളമ്പ ജി.എം.എല്‍.പി സ്‌കൂളില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് മെമ്പര്‍ തേക്കില്‍ ജമീല ഉദ്ഘാടനം ചെയ്തു.
മൊറയൂര്‍: വാലഞ്ചേരി ജി.എല്‍.പി സ്‌കൂളില്‍ ഹരിത കേരളം പരിപാടിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ സി.ടി ഹംസ നിര്‍വഹിച്ചു. സ്‌കൂള്‍ പരിസരം, മുറ്റം, കിണര്‍ തുടങ്ങിയവയുടെ ശുചീകരണ പ്രവൃത്തികള്‍ക്ക് പി.ടി.എ പ്രസിഡന്റ് കെ.സി സാജിദലി, വൈസ് പ്രസിഡന്റ് സൈതലവി, അംഗങ്ങളായ രാംസുനില്‍, മധുസൂദനന്‍, ഉമ്മര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മൊറയൂര്‍: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മൊറയൂര്‍ ജി.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മൊറയൂര്‍ ടൗണില്‍ വിളംബര ജാഥ നടത്തി.
പരിപാടിയുമായി ബന്ധപെട്ട് സ്‌കൂളില്‍ പ്രത്യേക അസംബ്ലി ചേരുകയും സ്‌കൂള്‍ ലീഡര്‍ സുഹൈല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. സ്‌കൂളും പരിസരം വൃത്തിയാക്കി. പദ്ധതിയുടെ ഭാഗമായി ഹരിത ക്ലബിന്റെ കീഴില്‍ വാര്‍ഡിലെ ജല സ്രോതസുകളെ കുറിച്ച് സര്‍വേ നടത്തും.
കൊണ്ടോട്ടി: ഹരിതകേരളം മിഷന്‍പദ്ധതിയുടെ കൊണ്ടോട്ടി ബ്ലോക്ക്തല ഉദ്ഘാടനം ചെറുകാവ് പഞ്ചായത്തിലെ ചേലക്കോട് ചങ്ങനാശ്ശേരിമൂല തോടിന്റെ തടയണ നിര്‍മാണ പ്രവൃത്തിക്ക് തുടക്കംകുറിച്ച് ടി.വി ഇബ്രാഹിം എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ നസീറ അധ്യക്ഷയായി. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എം.എല്‍.എ ചൊല്ലിക്കൊടുത്തു. ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഷെജിനി ഉണ്ണി, ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.അബ്ദുല്‍ കരീം, ചെറുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.എ ജലീല്‍, ജില്ലാപഞ്ചായത്ത് അംഗങ്ങളായ പി.ആര്‍ രോഹില്‍നാഥ്, സെറീന ഹസീബ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. അപ്പുട്ടി, എ. കമ്മദ് , ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ പി.സുരേന്ദ്രന്‍, ജോയിന്റ് ബി.ഡി.ഒ കെ.ഹരി രാജന്‍, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ സംസാരിച്ചു.
വള്ളുവമ്പ്രം: ഹരിത കേരളം പദ്ധതിക്ക് മൊറയൂര്‍ പഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത്തല ഉദ്ഘാടനം 11ാം വാര്‍ഡ് കുമ്മാള്‍തൊടിയില്‍ ബണ്ട് നിര്‍മിച്ച് പ്രസിഡന്റ് കെ.എം സലീം മാസ്റ്റര്‍ നിര്‍വഹിച്ചു.
വാര്‍ഡ് മെമ്പര്‍ സുനീറ പൊറ്റമ്മല്‍, പഞ്ചായത്ത് സെക്രട്ടറി പി.പി ഷുഹൂദ്, എം.കെ ആല്‍ഫ്രഡ്, ജൈസല്‍ ബാബു, എന്‍.ഹംസ, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തോട് ശുചീകരണവും, ബണ്ട് നിര്‍മാണവും നടത്തി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി മഴക്കുഴി, തോട്, മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടന്നു.
ഐക്കരപ്പടി: വെണ്ണായൂര്‍ എ.യു.പി.ബി സ്‌കൂളില്‍ ഹരിത കേരളം പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചെറുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.എ ജലീല്‍ നിര്‍വഹിച്ചു. പ്രധാനധ്യാപിക പി.കെ ശ്രീകല ടീച്ചര്‍ അധ്യക്ഷയായി. പി.ബദറുദ്ദീന്‍, വി.അബ്ദുല്‍ഹമീദ്, കെ.അബീഷ് സംസാരിച്ചു.
പുഴക്കാട്ടിരി: പഞ്ചായത്ത് ഹരിത കേരളം മിഷന്‍ ഒന്നാം വാര്‍ഡില്‍ മഹല്ല് ഖാസി സ്വാലിഹ് ഫൈസി ഉദ്ഘാടനം ചെയ്തു. പി.ടി ബഷീര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
വെട്ടത്തൂര്‍: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹരിതകേരള മിഷന്‍ പദ്ധതി പഞ്ചായത്തംഗം കെ.റുഖ്യ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എം.സൈതാലിക്കുട്ടി അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് എം.എ ആമിനാ ബീവി ബോധവല്‍ക്കരണം നടത്തി.
അധ്യാപകരും തൊഴിലുറപ്പ് തൊഴിലാളികളും വിദ്യാര്‍ഥികളും ചേര്‍ന്ന് മഴക്കുഴികള്‍ നിര്‍മിക്കുകയും സ്‌കൂള്‍ പരിസരം വൃത്തിയാക്കുകയും ചെയ്തു.
വാഴയൂര്‍: പുതുക്കോട് ഗവ.എല്‍.പി സ്‌കൂളില്‍ ക്വിസ് മത്സരം, പോസ്റ്റര്‍ രചന മത്സരം, ചര്‍ച്ച ക്ലാസ്, പ്ലക്കാര്‍ഡ് നിര്‍മാണം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പുതുക്കോട് അങ്ങാടിയില്‍ കുട്ടിച്ചങ്ങല തീര്‍ക്കുകയും ചെയ്തു.തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സ്‌കൂളുകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ശുചീകരണ, സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."