സര്‍ക്കാര്‍ പദ്ധതികള്‍ കടലാസിലൊതുങ്ങുന്നു ജില്ലയിലെ നാണ്യവിള കര്‍ഷകര്‍ പ്രതിസന്ധിയില്‍
കാസര്‍കോട്: ജില്ലയിലെ നാണ്യവിള കര്‍ഷകര്‍ക്കു പ്രഖ്യാപിക്കുന്ന ആശ്വാസ പദ്ധതികളും ക്ഷേമ പ്രഖ്യാപനങ്ങളും കടലാസിലൊതുങ്ങുമ്പോള്‍ നഷ്ടക്കണക്കുമായ് പ്രതിസന്ധിയിലാവുകയാണ് അടയ്ക്കാ, നാളികേര കര്‍ഷകര്‍. വിളകളെ ബാധിക്കുന്ന രോഗങ്ങളെ തടയാന്‍ തുരിശ്(കോപ്പര്‍ സള്‍ഫേറ്റ്) വാങ്ങാനുള്ള സബ്‌സിഡി ലഭിക്കാന്‍ പഞ്ചായത്തിലും കൃഷിഭവനിലുമായി കയറിയിറങ്ങുകയാണ് ജില്ലയിലെ കര്‍ഷകര്‍. രോഗ പ്രതിരോധത്തിനായുള്ള തുരിശു വാങ്ങുന്ന കര്‍ഷകര്‍ക്കു മുഴുവന്‍ തുകയും സബ്‌സിഡിയായി നല്‍കുമെന്നായിരുന്നു ജൂണ്‍ മാസത്തില്‍ പഞ്ചായത്തില്‍ നിന്നും കര്‍ഷകര്‍ക്കു ലഭിച്ച നിര്‍ദേശം. ഇതിനായി വാങ്ങുന്ന തുരിശിന്റെ ബില്ലുമായി കൃഷിഭവനിലേക്ക് എത്തിയാല്‍ സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടിലേക്കെത്തും എന്നായിരുന്നു ഇവരോട് പറഞ്ഞിരുന്നത്.
എന്നാല്‍ ഉത്തരവിറങ്ങി ആറു മാസമായിട്ടും ഈയിനത്തില്‍ നയാപൈസ പോലും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. ഇതിനെപ്പറ്റി പഞ്ചായത്തില്‍ അന്വേഷിച്ചാല്‍ കൃഷിഭവനിലെ നടപടികള്‍ കഴിഞ്ഞിട്ടില്ല കൃഷിഭവനില്‍ പോയി അന്വേഷിക്കാനും കൃഷിഭവനിലെത്തിയാല്‍ ഇവിടന്നു ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും പഞ്ചായത്തില്‍ പോയന്വേഷിക്കാന്‍ പറഞ്ഞ് കര്‍ഷകരെ പന്ത് തട്ടി കളിക്കുകയാണ് ഉദ്യോഗസ്ഥര്‍. ഇതു കൂടാതെ ജില്ലയിലെ നാളികേര സംഭരണം നിലച്ചതോടെ നാളികേര കര്‍ഷകരും അവരുടെ ഉല്‍പ്പന്നങ്ങള്‍ എന്തു ചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുകയാണ്. ഇതിനെതിരേ പരാതിയുമായി കൃഷിഭവനിലെത്തിയാല്‍ ആവശ്യത്തിനു ജീവനക്കാരില്ല എന്നു പറഞ്ഞ് തിരിച്ചയക്കുകയാണുണ്ടായത്. കഴിഞ്ഞ മാസം 17നു ജില്ല സന്ദര്‍ശിച്ച കൃഷി മന്ത്രിക്കു ഇതേക്കുറിച്ചു പരാതി നല്‍കിയപ്പോള്‍ അടുത്ത ദിവസം മുതല്‍ എല്ലാ കൃഷി ഓഫിസിലും നളികേര സംഭരണം പഴയ പോലെ പുനസ്ഥാപിക്കുമെന്നു അറിയിച്ചെങ്കിലും അതും മറ്റു പ്രഖ്യാപനങ്ങളെപ്പോലെ വെറും പ്രഖ്യാപന മാത്രമായി ഒതുങ്ങിപ്പോയി. ഇതിനകം വിറ്റ നാളികേരത്തിന്റെ വില ഏഴു മാസമായിട്ടും ലഭിക്കാത്തതും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഇരട്ടിയാക്കി. 30 ലക്ഷത്തോളം രൂപയാണ് ഈയിനത്തില്‍ ജില്ലയിലെ കര്‍ഷകര്‍ക്കു ലഭിക്കാനുള്ളത്. മഴകുറഞ്ഞ കാരണത്താല്‍ വിളകളുടെ ഉല്‍പ്പാദനം കുറഞ്ഞതും നോട്ടു നിരോധനവും മൂലം ചരക്കു വിറ്റു പോവാത്തതുമായി കഷ്ടപ്പെടുന്ന ഇവര്‍ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുകയാണ് അധികൃതരുടെ ഈ അവഗണന. ഇത്തരം സമീപനങ്ങളുമായ് മുന്നോട്ടു പോകുന്നതിനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികളുമായ് മുന്നോട്ട് പോകാനൊരുങ്ങകയാണ് വിവിധ കര്‍ഷക സംഘടനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."