ആദ്യ എല്‍.ഡി.എഫ് കണ്‍വീനർ പി. വിശ്വംഭരന്‍ അന്തരിച്ചു
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ പ്രമുഖനായ സോഷ്യലിസ്റ്റ് നേതാവ് പി.വിശ്വംഭരന്‍(91) അന്തരിച്ചു.
ക്വിറ്റിയന്ത്യ സമരത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിശ്വംഭരന്‍ തിരുകൊച്ചി നിയമസഭയിലും കേരള നിയമസഭയിലും അംഗമായ അദ്ദേഹം എം.പിയുമായിട്ടുണ്ട്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപികരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചു. 1973 എല്‍.ഡി.എഫ് രൂപികൃതമായപ്പോള്‍ ആദ്യ കണ്‍വീനറുമായി.
1945ല്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാല വിദ്യാര്‍ഥി യൂണിയന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, 1946ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് കേന്ദ്ര ഓഫീസ് സെക്രട്ടറി, 1949ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗം, 1950ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം, 1956ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സംസ്ഥാന ജോയിന്റ് സെക്രട്ടറി, 1964ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി (പി.എസ്.പി) സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
പിന്നീട് പി.എസ്.പിയും ഡോ.റാം മനോഹര്‍ ലോഹ്യയുടെ നേതൃത്വത്തിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയും ലയിച്ച് സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി (എസ്.എസ്.പി) രൂപീകൃതമായപ്പോള്‍ ജനറല്‍ സെക്രട്ടറിയായി. 1971ല്‍ വിവിധ സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ ലയിച്ച് അഖിലേന്ത്യ തലത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയായി മാറിയപ്പോള്‍ സംസ്ഥാന ചെയര്‍മാനായി.
മികച്ച പത്രപ്രവര്‍ത്തകനായിരുന്ന വിശ്വംഭരന്‍ 1946 മുതല്‍ 58 വരെ മലയാളി, മാതൃഭൂമി, സ്വതന്ത്ര കാഹളം, ദേശബന്ധു എന്നീ മലയാള ദിനപത്രങ്ങളുടെയും യു.പി.ഐയുടെയും തിരുവനന്തപുരം ലേഖകനുമായിരുന്നു. തിരുവനന്തപുരം-കൊച്ചി വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ദേശീയ കൗണ്‍സില്‍ അംഗവുമായിരുന്നു. നിരവധി ട്രേഡ് യൂണിയനുകളുടെയും സഹകരണ പ്രസ്ഥാനങ്ങളുടെയും സാരഥ്യം വഹിച്ചിട്ടുണ്ട്.
1975-77 കാലഘട്ടത്തില്‍ അടിയന്തിരാവസ്ഥയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. അടിയന്തിരാവസ്ഥക്കാലത്ത് രൂപീകൃതമായ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ സംസ്ഥാന സെക്രട്ടറിയായി. ഈ കാലയളവില്‍ ദേശീയതലത്തില്‍ നടന്ന ജനതാ പാര്‍ട്ടി രൂപീകരണത്തില്‍ സജീവ പങ്കാളിയുമായിരുന്നു.
1980നു ശേഷം ജനതാ പാര്‍ട്ടിയുടെയും ജനതാദളിന്റെയും സംസ്ഥാന പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചു. 2003ല്‍ സോഷ്യലിസ്റ്റുകളുടെ ഏകീകരണം ലക്ഷ്യമാക്കി അഖിലേന്ത്യാതലത്തില്‍ രൂപീകൃതമായ സോഷ്യലിസ്റ്റ് ഫ്രണ്ട് സംസ്ഥാന കണ്‍വീനര്‍, ദേശീയ സമിതിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
പാര്‍ലമെന്റിലും നിയമസഭയിലും പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി ഉള്‍പ്പെടെ പല സമിതികളിലും അംഗമായിരുന്നു വിശ്വംഭരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."