മനുഷ്യാവകാശം ചര്‍ച്ചകളില്‍ ഒതുങ്ങരുത്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകുമ്പോഴാണ് മനുഷ്യാവകാശം സമൂഹത്തിന് അനുഭവവേദ്യമാവുകയെന്ന് സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
മനുഷ്യാവകാശങ്ങള്‍ ഇന്ന് ചെറിയൊരു വിഭാഗത്തിനുമാത്രമായി പരിമിതപ്പെടുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും പട്ടിണിപ്പാവങ്ങളുമായ മഹാഭൂരിപക്ഷവും മനുഷ്യര്‍ എന്ന പരിഗണനപോലും കിട്ടാതെ മുന്നില്‍ നില്‍ക്കുമ്പോഴാണ് മനുഷ്യാവകാശങ്ങളെക്കുറിച്ച ചര്‍ച്ചകള്‍ നാം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ആരംഭിക്കുന്ന മനുഷ്യാവകാശ പരിശീലന ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനം കുളത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മനുഷ്യാവകാശം കേവല ചര്‍ച്ചകളിലും സംവാദങ്ങളിലും ഒതുങ്ങേണ്ട കാര്യമല്ല. മനുഷ്യനായി ജനിച്ചവന് മനുഷ്യനായി ജീവിക്കാനുള്ള സാമൂഹികാന്തരീക്ഷം ഉയര്‍ത്തിക്കൊണ്ടുവരുകയാണ് വേണ്ടത്. അതിന് ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. ഭാവിതലമുറ എന്ന നിലയില്‍ കുട്ടികള്‍ക്കിടയില്‍ മനുഷ്യാവകാശ വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ടെന്നും അതിന് ഇത്തരം ക്ലബ്ബുകളുടെ പ്രവര്‍ത്തനം ഏറെ ഗുണകരമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും തെരഞ്ഞെടുത്ത സ്‌കൂളുകളിലാണ് മനുഷ്യാവകാശ ക്ലബ്ബുകള്‍ തുടങ്ങുക. ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ പി.ജെ കുര്യന്‍, കേരള യൂണിവേഴ്‌സിറ്റി നിയമവിഭാഗം മേധാവി ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഡോ. എസ്. സുധ, ഹെഡ്മിസ്ട്രസ് അംബിക, പി.ടി.എ പ്രസിഡന്റ് രാജീവ് വി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."