ലഹരിമരുന്നു; നിരോധനമല്ല പോംവഴി, വിമുക്തിയെന്ന് ആന്‍സലന്‍ എം.എല്‍.എ
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മദ്യമയക്കുമരുന്ന് ദുരുപയോഗത്തിനെതിരേ ബഹുജന പങ്കാളിത്തത്തോടെ സംസ്ഥാന ലഹരിവര്‍ജ്ജനമിഷന്‍ നടപ്പാക്കുന്ന 'വിമുക്തി' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.
നിരോധനമല്ല ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരെ അതില്‍ നിന്ന് മുക്തരാക്കുകയാണ് ശരിയായ പോംവഴിയെന്ന് കെ. ആന്‍സലന്‍ എം.എല്‍.എ പറഞ്ഞു. ബോധവല്‍ക്കരണവും വിവിധ വകുപ്പുകളുടെയും സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനവും ഇതിന് ആവശ്യമാണ്. അത് ലക്ഷ്യമാക്കിയാണ് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിമുക്തിക്ക് സര്‍ക്കാര്‍ തുടക്കമിട്ടതെന്ന് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നെയ്യാറ്റിന്‍കര ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കവെ അദ്ദേഹം പറഞ്ഞു.
സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് സംസ്ഥാനത്ത് മയക്കുമരുന്നു റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും കുട്ടികള്‍ ഇതിനെതിരേ ജാഗരൂഗരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിമരുന്ന് ഉപയോഗത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് നമ്മുടെ സംസ്ഥാനമെന്നത് അപമാനകരമാണെന്നും സ്‌കൂള്‍ പഠനകാലത്ത് തന്നെ ഇതിന്റെ ദൂഷ്യഫലങ്ങള്‍ തിരിച്ചറിയുന്നതിലൂടെ മാത്രമേ ഈ നാണക്കേടില്‍നിന്ന് നാടിനെ രക്ഷിക്കാനാകൂവെന്നും ചടങ്ങില്‍ സംബന്ധിച്ച സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ലഹരി വസ്തുക്കളിലേക്കുള്ള പ്രലോഭനങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയും അതിന്റെ ദൂഷ്യഫലങ്ങള്‍ മനസിലാക്കി പ്രചാരണപരിപാടികളില്‍ പങ്കുകൊള്ളുകയും ചെയ്യേണ്ട വലിയ ചുമതല കുട്ടികള്‍ക്കുണ്ടെന്ന് അദ്ധ്യക്ഷനായിരുന്ന ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി പറഞ്ഞു.
വിമുക്തി പദ്ധതിയുടെ ഭാഗമായി എല്ലാ സ്‌കൂളുകളിലും എക്‌സൈസിന്റെ പരാതിപ്പെട്ടി സ്ഥാപിക്കും. പരാതിപ്പെട്ടി വിതരണത്തിന്റെ ഉദ്ഘാടനം സ്‌കൂള്‍ പ്രിന്‍സിപ്പലിന് പരാതിപ്പെട്ടി കൈമാറി സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.
നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യൂ.ആര്‍ ഹീബ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. കൗണ്‍സിലര്‍ എന്‍. ഉഷാകുമാരി, കേരള പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി രാമചന്ദ്രന്‍. കെ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. രാജ്‌മോഹന്‍, ദക്ഷിണ മേഖലാ ജോയന്റ് എക്‌സൈസ് കമ്മിഷണര്‍ വി.ജെ മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."