വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിക്കെതിരേ പൊലിസ് കേസെടുത്തു
മെഡിക്കല്‍ കോളജ്: സ്‌കൂള്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിക്കെതിരേ കേസെടുത്തതായി മെഡിക്കല്‍ കോളജ് പൊലിസ് അറിയിച്ചു.
കഴിഞ്ഞദിവസം വൈകുന്നേരം പട്ടത്തിനു സമീപം പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സ്‌കൂള്‍വിട്ട് വീട്ടിലേക്കു പോകുന്നതിനിടെയാണ് വിദ്യാര്‍ഥികളോട് ചങ്ങാത്തം കൂടുകയും കുട്ടികളും വിലാസവും മറ്റും ശേഖരിക്കുകയും ചെയ്തശേഷം വാഹനത്തില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നു പറയപ്പെടുന്നു. തുടര്‍ന്ന് കുട്ടികള്‍ ബഹളം വയ്ക്കുകയും യാത്രക്കാര്‍ സംഭവത്തില്‍ ഇടപെട്ട് പൊലിസ് എത്തി സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു.
വാട്ടര്‍അതോറിറ്റിയില്‍ ജീവനക്കാരിയായ ഈ സ്ത്രീക്ക് മാനസികപ്രശ്‌നങ്ങളുള്ളതിനാല്‍ പൊലിസ് താക്കീതു നല്‍കി വിട്ടുവെങ്കിലും വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ സംഭവത്തില്‍ ഇടപെടുകയും ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍കോളജ് സി.ഐക്കും ഉന്നതങ്ങളില്‍ക്കു നിര്‍ദ്ദേശം ലഭിച്ചതിനാല്‍ ഇവരെ വീണ്ടും പൊലിസ് സ്റ്റേഷനിലെത്തിക്കാന്‍ പിങ്ക് പൊലിസ് വിഭാഗത്തിലെ വനിതാ പൊലിസുകാര്‍ പട്ടത്തിനു സമീപത്തെ വീട്ടിലെത്തിയെങ്കിലും പൊലിസിനെ ആക്രമിച്ച് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു.
ആക്രമണത്തില്‍ വനിതാ എസ്.ഐക്കും പൊലിസുകാരിക്കും പരുക്കേറ്റു. ഇവര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലിസിനെ ആക്രമിച്ച് കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് ഇവര്‍ക്കെതിരേ കേസെടുത്തിട്ടുള്ളതെന്നു മെഡിക്കല്‍ കോളജ് പൊലിസ് അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനുമുമ്പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് നഗരത്തിലെ എല്ലാ സ്‌കൂളുകളിലും പൊലിസിന്റെ നിരീക്ഷണം ശക്തമാക്കിയതായി ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംശയകരമായ സാഹചര്യത്തില്‍ സ്‌കൂള്‍പരിസരത്ത് നില്‍ക്കുന്നവരെ കണ്ടാല്‍ വിവരമറിയിക്കണമെന്നു മെഡിക്കല്‍ കോളജ് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."