വാട്ടര്‍ അതോറിറ്റി നെയ്യാറ്റിന്‍കര ഡിവിഷന്‍ റണ്ണിങ് കോണ്‍ട്രാക്ട് ഇ-ടെന്‍ഡര്‍ നടത്തിയതില്‍ കോടികളുടെ അഴിമതിയെന്ന് ആക്ഷേപം
നെയ്യാറ്റിന്‍കര: വാട്ടര്‍ അതോറിറ്റിയില്‍ നെയ്യാറ്റിന്‍കര ഡിവിഷനു കീഴില്‍ വരുന്ന പൈപ്പ് ലൈനുകളുടെ വര്‍ക്കുകള്‍ റണ്ണിങ് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സാധാരണയായി ഒരു വര്‍ഷത്തേയ്ക്ക് ഇ-ടെന്‍ഡര്‍ നടപടികളിലൂടെയാണ് എല്ലാ വര്‍ഷവും നല്‍കുന്നത്.
2016-2017 കാലയളവിലേയ്ക്കുളള ടെന്‍ഡര്‍ നടപടികള്‍ നടന്നു വരികയാണ്. ഇ-ടെന്‍ഡര്‍ നടപടികളിലൂടെ കോണ്‍ട്രാക്ടര്‍മാര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലൂടെ കൂടിയ തുകയ്ക്ക് ടെന്‍ഡര്‍ നടപടികള്‍ പറഞ്ഞൊതുക്കുന്നത് അവസാനിപ്പിക്കാന്‍ കഴിഞ്ഞ കാലങ്ങളില്‍ സാധിച്ചിരുന്നതായി പറയുന്നു.
2015-2016 വരെയുള്ള ഇ-ടെന്‍ഡറില്‍ എല്ലാ വര്‍ക്കുകളും മത്സരസ്വഭാവമുള്ള ടെന്‍ഡറിലൂടെ 40 ശതമാനം കുറഞ്ഞ തുകയ്ക്കാണ് കോണ്‍ട്രാക്ടര്‍മാര്‍ എടുത്തിരുന്നത്. ഇതിലൂടെ വാട്ടര്‍ അതോറിറ്റിയ്ക്ക് കോടികളുടെ ലാഭവും അഴിമതി തടയാനും കഴിഞ്ഞിരുന്നതായി പറയുന്നു. എന്നാല്‍ 2016-2017 വര്‍ഷത്തെ ടെന്‍ഡര്‍ നടപടികള്‍ വാട്ടര്‍ അതോറിറ്റിയില്‍ തന്നെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അട്ടിമറിക്കുകയായിരുന്നുവെന്ന് കരാറില്‍ ഏര്‍പ്പെട്ടിരുന്നവര്‍ പറയുന്നു. 28 സ്‌കീമുകളാണ് നെയ്യാറ്റിന്‍കര ഡിവിഷനുകീഴില്‍ വരുന്നത്. 28 സ്‌കീമുകളും പരസ്പരം മത്സരിക്കാതെ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടന്ന രഹസ്യ ചര്‍ച്ചയില്‍ 28 കോണ്‍ട്രാക്ടര്‍മാര്‍ക്കായി വീതിച്ച് നല്‍കിയതായും ആക്ഷേപമുണ്ട്. എല്ലാ സ്‌കീമുകളിലും രണ്ടോ മൂന്നോ പേര്‍ പരസ്പരം ഉറപ്പിച്ച തുകയ്ക്ക് ടെന്‍ഡറില്‍ പങ്കെടുത്തു.
ഏറ്റവും കുറഞ്ഞ തുക പോലും എസ്റ്റിമേറ്റ് തുകയ്ക്ക് തുല്ല്യമോ അല്‍പ്പം കൂടുതലോ ആയി ടെന്‍ഡര്‍ വിളിപ്പിച്ചതായും പറയുന്നു. എന്നാല്‍ കാട്ടാക്കട സെക്ഷന്റെ രണ്ടു സ്‌കീമുകളില്‍ മാത്രം തിരുവനന്തപുരത്തുള്ള ഒരു കോണ്‍ട്രാക്ടറും കൂടെ പങ്കെടുത്തതിനാല്‍ കുറഞ്ഞ തുകയ്ക്കാണ് ടെന്‍ഡര്‍ നടന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ആകെ 2,73,26,180 രൂപയ്ക്കാണ് 28 സ്‌കീമുകളും ടെന്‍ഡര്‍ വിളിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ 40 ശതമാനം കുറഞ്ഞ തുകയ്ക്ക് ടെന്‍ഡര്‍ നടന്നതിലൂടെ വാട്ടര്‍ അതോറിറ്റിക്ക് ഒരു വര്‍ഷം 1,08,50472 രൂപയുടെ ലാഭമുണ്ടായതായി പറയുന്നു. എന്നാല്‍ ഡിസംബര്‍ ഏഴിന് നടന്ന ടെന്‍ഡറില്‍ ഉന്നത ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നടത്തിയ ഗൂഡാലോചന നിമിത്തം 26 സ്‌കീമുകളും ഉയര്‍ന്ന തുകയ്ക്കാണ് ടെന്‍ഡര്‍ നടന്നത്.
വാട്ടര്‍ അതോറിറ്റിയ്ക്ക് കോടികള്‍ നഷ്ടമുണ്ടാക്കിയ ഈ ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കാനും അടിയന്തിരമായി കഴിഞ്ഞ ആറ് മാസമായി ഈ ഡിവിഷനു കീഴില്‍ നടന്ന അഴിമതികള്‍ അന്വേഷിക്കണമെന്നും നാട്ടുകാര്‍ക്കിടയിലും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കൂടാതെ കാളിപ്പാറ പദ്ധതിയുടെ കമ്മിഷനിങ് നടത്തിയപ്പോള്‍ ഉണ്ടായ ലീക്കുകളുടെ മറവിലും കോടികളുടെ കൊട്ടേഷനുകള്‍ കഴിഞ്ഞ ആറ് മാസം കൊണ്ട് നടന്നതായും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."