കോണ്‍ഗ്രസ് ജാഥക്ക് നേരെ ആക്രമണം
വടക്കാഞ്ചേരി: പീഡന കേസില്‍ ആരോപണ വിധേയനായ നഗരസഭ കൗണ്‍സിലര്‍ പി.എന്‍ ജയന്തന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ ഗ്രസ് മുണ്ടത്തിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിണാലൂരില്‍ നടന്ന പ്രകടനത്തിലേക്ക് ഇരച്ച് കയറിയ സാമൂഹ്യ വിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ ഡി.സി.സി ഭാരവാഹികളടക്കം പത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്ക്. ഡി.സി.സി സെക്രട്ടറി കെ. അജിത് കുമാര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്‍.ആര് രാധാകൃഷ്ണന്, ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഹരിദാസ്,കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.ജി ജയദീപ് എന്നിവരെ സാരമായ പരുക്കുകളോടെ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. കുറാഞ്ചേരി സെന്ററില്‍ നിന്ന് ആരംഭിച്ച പ്രകടനം പഴയ മിണാലൂര്‍ റോഡിലൂടെ കടന്ന് പോകുന്നതിനിടെയായിരുന്നു ആക്രമണം ജയന്തന്റെ ബന്ധുക്കളുടേയും സി.പി.എം പ്രവര്‍ത്തകരുടേയും നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്, പി.എ മാധവന്, ജോസ് വെള്ളൂര്‍, രാജേന്ദ്രന് അരങ്ങത്ത്, ജിജോ കുരിയന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. സി.പി.എമ്മിന്റെ ജനാധിപത്യ ധ്വംസനം കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും പൊലിസ് കാഴ്ചകാരായി നോക്കി നില്‍ക്കുമ്പോഴാണ് അക്രമം നടന്നതെന്നും ടി.എന്‍ പ്രതാപന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."