ഭാവി പ്രവചിക്കാനാവാതെ തമിഴ് രാഷ്ട്രീയം
തമിഴ്‌നാട് രാഷ്ട്രീയം പ്രധാന വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്. ജയലളിത ഇത്രവേഗം കടന്നുപോകുമെന്ന് അണ്ണാ ഡി.എം.കെയോ അവരുടെ രാഷ്ട്രീയ എതിരാളികളോ വിചാരിച്ചിട്ടുണ്ടാവില്ല. ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും മരണം ആകസ്മികമായിരുന്നു. തമിഴ്‌രാഷ്ട്രീയത്തിന്റെ പ്രധാന പ്രത്യേകത അവിടെ ദേശീയപ്പാര്‍ട്ടികള്‍ക്കു വേരോട്ടമില്ലെന്നതാണ്.
1935 മുതല്‍ 1967 വരെ തമിഴ്‌രാഷ്ട്രീയത്തെ അടക്കി ഭരിച്ചിരുന്നതു കോണ്‍ഗ്രസായിരുന്നു. ആദ്യകാലത്ത് സി. രാജഗോപാലാചാരിയുടെയും പിന്നീട് കെ. കാമരാജിന്റെയും നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസ് നിലനിന്നത്. 62ല്‍ രാജഗോപാലാചാരി കോണ്‍ഗ്രസ് ബദല്‍സംഘടനയുണ്ടാക്കുകയും അതു പിന്നീട് സ്വതന്ത്രപാര്‍ട്ടിയായി മാറുകയും ചെയ്തു.
അതേസമയം, ടി.എന്‍ അണ്ണാദുരൈയുടെ നേതൃത്വത്തില്‍ ദ്രാവിഡ മുന്നേറ്റ കഴകം(ഡി.എം.കെ) വലിയ ശക്തിയായി വളര്‍ന്നുവന്നു. തുടര്‍ന്നുള്ള നാലഞ്ചുവര്‍ഷത്തിനിടയ്ക്കു പല പ്രധാനസംഭവങ്ങളും തമിഴ്‌രാഷ്ട്രീയത്തിലുണ്ടായി. കാമരാജ് എ.ഐ.സി.സി പ്രസിഡന്റായി ഡല്‍ഹിയിലേയ്ക്കുപോയി. പകരം അത്ര പ്രശസ്തനല്ലാത്ത എം. ഭക്തവത്സലം തമിഴ്‌നാട് മുഖ്യമന്ത്രിയായി.
1965ല്‍ അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി രാജ്യത്ത് ഹിന്ദി നിര്‍ബന്ധമാക്കി. തമിഴ്‌നാട്ടുകാര്‍ക്കു ഹിന്ദിയോട് പണ്ടുമുതലേ താല്‍പര്യമുണ്ടായിരുന്നില്ല. ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരേ വലിയ പ്രതിഷേധമാണു തമിഴ്‌നാട്ടിലുണ്ടായത്. അവസരം മുതലെടുത്ത്, 'ഹിന്ദി ഒഴികൈ തമിഴ് വാഴ്‌കൈ' എന്ന മുദ്രാവാക്യവുമായി ഡി.എം.കെ തമിഴ്‌നാട്ടിലുടനീളം വന്‍പ്രക്ഷോഭം സംഘടിപ്പിച്ചു.
അണ്ണാദുരൈ ശക്തനായ നേതാവായിരുന്നു. സിനിമയുടെ സ്വാധീനം ഏറെയുണ്ടായിരുന്ന തമിഴ്‌നാട്ടില്‍ സിനിമാരംഗത്തുള്ള രണ്ട് പ്രഗല്ഭമതികള്‍ അണ്ണാദുരൈയുടെ വലംകൈയായും ഉണ്ടായിരുന്നു, തിരക്കഥാകൃത്ത് കരുണാനിധിയും ജനപ്രിയനടന്‍ എം.ജി.ആറും. സിനിമയില്‍ കരുണാനിധിയുടെ തീപാറുന്ന ഡയലോഗുകളും എം.ജി.ആറിന്റെ പ്രകടനവും രാഷ്ട്രീയത്തില്‍ അണ്ണാദുരൈയുടെ നേതൃപാടവവും ചേര്‍ന്നതോടെ ഡി.എം.കെ 1967 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്‍തള്ളി ഭരണത്തിലെത്തി.
പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടു. ഏറ്റവും വലിയ തിരിച്ചടി തമിഴ്‌നാട്ടിലായിരുന്നു. അന്ന് അധികാരത്തില്‍നിന്നു പുറത്തുപോയ കോണ്‍ഗ്രസിന് പിന്നീടൊരിക്കലും തമിഴ്‌നാട്ടില്‍ തിരിച്ചുവരാന്‍ സാധിച്ചില്ല. സമീപ ഭാവിയില്‍ അതിനുള്ള സാധ്യതയും കാണുന്നില്ല. 67ല്‍ മുഖ്യമന്ത്രിയായ അണ്ണാദുരൈ 69 ല്‍ മരിച്ചു. അണ്ണാദുരൈക്കു പകരക്കാരനായി വരുമെന്നു പ്രതീക്ഷിച്ചിരുന്നത് ആഭ്യന്തരമന്ത്രി വി.ആര്‍ നെടുംചെഴിയനായിരുന്നു. എന്നാല്‍, അട്ടിമറിയിലൂടെ വ്യവസായമന്ത്രി കരുണാനിധി മുഖ്യമന്ത്രിയായി. കരുണാനിധി സൂത്രശാലിയും അഴിമതിക്കാരനുമായ ഭരണാധികാരിയായിരുന്നു. അഴിമതിയുടെ കൂത്തരങ്ങായി മാറിയ കരുണാനിധിയുടെ ഭരണം 72 ല്‍ അവസാനിക്കേണ്ടതായിരുന്നു.
സാധാരണ ഗതിയില്‍ അഴിമതിക്കാരനായ ഒരു ഭരണാധികാരിക്ക് അഞ്ചോ പത്തോ വര്‍ഷത്തില്‍ കൂടുതല്‍ തുടരാന്‍ സാധിക്കില്ല. ജനം പ്രതിപക്ഷത്തെ അധികാരത്തിലേറ്റും. എന്നാല്‍, അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പ് കരുണാനിധിക്കു തുണയായി. കോണ്‍ഗ്രസ് പിളര്‍പ്പില്‍ കാമരാജ് സംഘടനാ പക്ഷത്തും ഇന്ദിരാഗാന്ധി ഭരണപക്ഷത്തുമായിരുന്നു. തമിഴ്‌നാട്ടില്‍ സി. സുബ്രഹ്മണ്യം, ആര്‍. വെങ്കിട്ടരാമന്‍, കറുപ്പനയ്യ മൂപ്പനാര്‍ എന്നിവര്‍ ഇന്ദിരാപക്ഷത്തുചേര്‍ന്നു.
71ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കാമരാജിനെ പരാജയപ്പെടുത്താന്‍ ഇന്ദിരാഗാന്ധി ഡി.എം.കെയുമായി ചേര്‍ന്നു. കാമരാജിനെ തോല്‍പ്പിക്കാനായെങ്കിലും കോണ്‍ഗ്രസ് അതോടെ ഡി.എം.കെയുടെ ബി ടീമായി. 72 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിസാരമായ സീറ്റാണു കോണ്‍ഗ്രസിനു മത്സരിക്കാന്‍ ലഭിച്ചത്. ഡി.എം.കെ വീണ്ടും ഭരണത്തിലെത്തി.
അധികം കഴിയുന്നതിനു മുന്‍പ് ഡി.എം.കെയില്‍ പിളര്‍പ്പുണ്ടായി. കരുണാനിധിയുമായി കലഹിച്ച് എം.ജി.ആര്‍ അണ്ണാ ഡി.എം.കെ എന്ന പാര്‍ട്ടിയുണ്ടാക്കി. ഇതേസമയം ഇന്ദിരാഗാന്ധിയും കരുണാനിധിയും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായി. 1975ല്‍ അടിയന്തരാവസ്ഥനിലവില്‍വന്ന് അധികം വൈകാതെ കരുണാനിധി മന്ത്രിസഭ പിരിച്ചുവിടപ്പെട്ടു. തമിഴ്‌നാട് രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായി. 77 ല്‍ ഇന്ദിരാകോണ്‍ഗ്രസ് അണ്ണാ ഡി.എം.കെയുമായി സഖ്യമുണ്ടാക്കി. നിയമസഭയിലേയ്ക്കു ഭൂരിപക്ഷം സീറ്റുകളും എ.ഡി.എം.കെയ്ക്കു ലഭിച്ചു. എ.ഡി.എം.കെ അധികാരത്തിലെത്തി. 1980ല്‍ എ.ഡി.എം.കെ ഒറ്റയ്ക്കു മത്സരിച്ചു വിജയിച്ചു.
85ല്‍ കോണ്‍ഗ്രസ് എ.ഡി.എം.കെയുമായി ചേര്‍ന്നു മത്സരിച്ചു. എ.ഡി.എം.കെ സഖ്യം അധികാരത്തിലെത്തി. 87 ല്‍ എം.ജി.ആര്‍ മരിച്ചതോടെ എ.ഡി.എം.കെ പിളര്‍ന്നു. മരിക്കുന്നതിനു വളരെക്കാലം മുന്‍പുതന്നെ എം.ജി.ആര്‍ തന്റെ രാഷ്ട്രീയ അനന്തരാവകാശിയായി ജയലളിതയെ ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. എന്നാല്‍, പലര്‍ക്കും അത് ഇഷ്ടമായില്ല. എം.ജി.ആറിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ജാനകി രാമചന്ദ്രനെ മുഖ്യമന്ത്രിയാക്കി ജയലളിതയെ ഒഴിവാക്കി. തുടക്കത്തില്‍ ജാനകിയെ പിന്തുണച്ച കോണ്‍ഗ്രസ് പിന്നീടു മനസ്സുമാറ്റി. അങ്ങനെ ജാനകി മന്ത്രിസഭ താഴെ വീണു.
1988 ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിച്ചാണു മത്സരിച്ചത്. ചതുഷ്‌കോണമത്സരത്തില്‍ ഗുണം തങ്ങള്‍ക്കായിരിക്കുമെന്നു കോണ്‍ഗ്രസ് കണക്കുകൂട്ടി. നേട്ടം ഡി.എം.കെ കൊയ്തു. കരുണാനിധി മുഖ്യമന്ത്രിയായി. ജയലളിതയുടെ എ.ഡി.എം.കെ രണ്ടാംസ്ഥാനത്തെത്തി. ജാനകിയുടെ പാര്‍ട്ടി നാമാവശേഷമായി. ജയലളിത തമിഴ് രാഷ്ട്രീയത്തിലെ പ്രബല ശക്തിയായി.
ഇതു തിരിച്ചറിഞ്ഞ രാജീവ്ഗാന്ധി ജയയുമായി സഖ്യമുണ്ടാക്കി. ഇതോടെ ഡി.എം.കെ കോണ്‍ഗ്രസ് വിരുദ്ധവിശാല സഖ്യത്തില്‍ അംഗമായി. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അടിപതറി. വി.പി സിങ് പ്രധാനമന്ത്രിയായി. ഈ മന്ത്രിസഭ തകര്‍ന്നതോടെ കോണ്‍ഗ്രസ് പിന്തുണയോടെ എസ്. ചന്ദ്രശേഖരന്‍ പ്രധാനമന്ത്രിയായപ്പോള്‍ ജയലളിത സ്വാധീനമുപയോഗിച്ച് കേന്ദ്രത്തെക്കൊണ്ടു കരുണാധി മന്ത്രിസഭയെ പിരിച്ചുവിടുവിച്ചു.
1991 ല്‍ രാജീവ്ഗാന്ധി ബോംബ് സ്‌ഫോടനത്തില്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ സഹതാപതരംഗത്തില്‍ ജയലളിത വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എന്നാല്‍, ഇന്ത്യ കണ്ടതില്‍വച്ച് ഏറ്റവും വലിയ അഴിമതിയുടെ കാലമായിരുന്നു ജയയുടെ ഭരണകാലം. ഇതു തമിഴ്‌നാട്ടുകാര്‍ക്ക് ജയയോടുള്ള വെറുപ്പിനു കാരണമായി. ഇതുകാരണം 96 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എ.ഡി.എം.കെയുമായി കൂട്ടുചേരരുതെന്നു തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ വാശിപിടിച്ചു.
ഇത് അവഗണിച്ച് നരസിംഹറാവു ജയയുമായി സഖ്യമുണ്ടാക്കി. ഇതോടെ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പിളര്‍ന്നു. വിമതപക്ഷം ഡി.എം.കെയുമായി ചേര്‍ന്നു മത്സരിച്ചു. ഡി.എം.കെ സഖ്യം വിജയിച്ചു. 98ല്‍ നടന്ന പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പില്‍ ജയലളിത കോണ്‍ഗ്രസിനെ കൈവിട്ടു ബി.ജെ.പിയുമായി കൂട്ടുകൂടുകയും നേട്ടമുണ്ടാക്കുകയും ചെയ്തു. വാജ്‌പേയി സര്‍ക്കാരിനെ എ.ഡി.എം.കെ പുറത്തുനിന്നു പിന്തുണച്ചു. അടുത്തവര്‍ഷം പിന്തുണ പിന്‍വലിച്ചു ബി.ജെ.പി സര്‍ക്കാരിനെ വീഴ്ത്തി. 99 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ഗ്രസിനൊപ്പം ഡി.എം.കെയ്ക്ക് വിജയം.
2001 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ എ.ഡി.എം.കെ വിജയിച്ചുവെങ്കിലും അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജയലളിതയ്ക്കു മത്സരിക്കാനായില്ല. എങ്കിലും, നിയമസഭയില്‍ അംഗമല്ലാത്തയാള്‍ക്ക് ആറുമാസം മുഖ്യമന്ത്രിയാകാമെന്ന വകുപ്പുപയോഗിച്ചു ജയ മുഖ്യമന്ത്രിക്കസേരയിലെത്തി. എന്നാല്‍, സുപ്രിംകോടതി ഇടപെടലിനെത്തുടര്‍ന്നു മുഖ്യമന്ത്രിസ്ഥാനം പനീര്‍ശെല്‍വത്തിനു നല്‍കി മാറിനില്‍ക്കേണ്ടിവന്നു.
ശിക്ഷ റദ്ദാക്കിയതിനെത്തുടര്‍ന്നു വീണ്ടും അധികാരത്തിലെത്തിയെങ്കിലും 2006 ലെ തെരഞ്ഞെടുപ്പില്‍ ജയലളിതയെ പരാജയപ്പെടുത്തി കരുണാനിധി അധികാരത്തില്‍ വന്നു. കരുണാനിധിയുടെ അഴിമതിഭരണം മടുത്ത തമിഴ്ജനത 2011 ല്‍ വീണ്ടും ജയലളിതയെ അധികാരത്തിലെത്തിച്ചു. 2016 ലും ജയലളിത വിജയിച്ചു. ഇതോടെ ജനപ്രിയനടപടികളുമായി ജയ ജനങ്ങളെ കൈയിലെടുത്തു.
ജയയുടെ മരണത്തോടെ നിലവില്‍ തമിഴ് രാഷ്ട്രീയം പ്രതിസന്ധിയിലാണ്. എ.ഡി.എം.കെ നേതാവില്ലാത്ത ആള്‍ക്കൂട്ടപ്പാര്‍ട്ടിയാണ്. നേതാവിന്റെ വ്യക്തിപ്രഭാവമില്ലാതെ അതിനു മുന്നോട്ടുപോവുക അസാധ്യം. പനീര്‍ ശെല്‍വത്തിനോ ശശികലാ നടരാജനോ ജനങ്ങളെ ആകര്‍ഷിക്കാന്‍ സാധിക്കില്ല. സിനിമാതാരത്തെ ഇറക്കി മാത്രമേ ഇവര്‍ക്കു പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ. നിലവിലെ സാഹചര്യത്തില്‍ ഒരു സിനിമാതാരത്തിനു പെട്ടെന്ന് ഉയര്‍ന്നുവരാന്‍ സാധിക്കില്ല. താരങ്ങള്‍ക്കു പഴയ വ്യക്തിപ്രഭാവവുമില്ല.
കരുണാനിധിയുടെ പ്രായവും അനാരോഗ്യവും കാരണം നാഥനില്ലാത്ത അവസ്ഥയിലാണു ഡി.എം.കെ. കരുണാനിധിയുടെ മക്കളായ സ്റ്റാലിന്‍ ചെന്നൈ കേന്ദ്രീകരിച്ചും അഴഗിരി മധുരൈ കേന്ദ്രീകരിച്ചും സാമ്രാജ്യങ്ങളുണ്ടാക്കി ഇഷ്ടക്കാരെ വച്ചു ഭരിക്കുകയാണ്. മക്കള്‍പ്പോര് ആ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിക്കഴിഞ്ഞു. കഥയും തിരക്കഥയും സംഭാഷണവുമില്ലാത്ത അവസ്ഥയിലാണ് കരുണാനിധി. സ്റ്റാലിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ചു ചില നേതാക്കള്‍ ഡി.എം.കെ വിട്ടു.
വൈകോ എം.ഡി.എം.കെ യുണ്ടാക്കി. വിജയകാന്ത് ഡി.എം.ഡി.കെയും രൂപീകരിച്ചു. ഈ പാര്‍ട്ടികള്‍ക്ക് സാമാന്യമായ ജനപിന്‍തുണയുണ്ടെങ്കിലും ഡി.എം.കെ, അണ്ണാ ഡി.എം.കെ എന്നിവയെ വെല്ലുവിളിക്കാനുള്ള വ്യക്തി പ്രഭാവമോ സംഘടനാ സംവിധാനമോയില്ല. വണ്ണിയര്‍ സമുദായത്തിന്റെ പട്ടാളിമക്കള്‍ കക്ഷി പ്രദേശികപാര്‍ട്ടിയാണ്. ചില ദലിത്പാര്‍ട്ടികളുണ്ടെങ്കിലും ഇവയ്‌ക്കൊന്നും മുന്‍നിരയിലേയ്ക്കു വരാന്‍ സാധിക്കുന്നില്ല.
കോണ്‍ഗ്രസിന്റെ അവസ്ഥ പരമദയനീയമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 39 സീറ്റില്‍ 38 ലും കെട്ടിവച്ച കാശുപോലും നേടാനായില്ല. ബി.ജെ.പിക്ക് കഴിഞ്ഞ പാര്‍ലമന്റ് തിരഞ്ഞെടുപ്പില്‍ കന്യാകുമാരിയില്‍ ഒരു സീറ്റ് ലഭിച്ചിരുന്നു. എങ്കിലും തമിഴ്ഹൃദയഭൂമിയില്‍ ബി.ജെ.പിക്കു സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ല. ഇതാണ് നിലവിലെ തമിഴ് രാഷ്ട്രീയം.
മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന് ആകെയുള്ള ഗുണം രാഷ്ട്രീയക്കാരനാണെന്നതാണ്. ജനസ്വാധീനമില്ലെങ്കിലും രാഷ്ട്രീയത്തിലെ അടിയും തടയും പഠിച്ചുവളര്‍ന്നയാളാണ്. കൂറുമാറ്റനിരോധനത്തിന്റെ പരിരക്ഷയിലും ശശികലയുടെ കനിവിലും 2021 വരെ ഭരണം തുടരാന്‍ പനീര്‍ ശെല്‍വത്തിനു സാധിക്കും.
2021 ല്‍ എന്തു സംഭവിക്കുമെന്നു തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ആടിയുലയുന്ന പാരമ്പര്യംവച്ചു പ്രവചിക്കുക അസാധ്യമാണ്. അന്നത്തേയ്ക്കു ഡി.എം.കെ ഉണ്ടാകുമോ ഉണ്ടെങ്കില്‍ത്തന്നെ എത്ര പാര്‍ട്ടിയായി പിളരും ഒന്നിച്ചുനിന്നാല്‍ ആരു ഭരിക്കും എന്നതൊക്കെ കണ്ടറിയേണ്ട കാര്യങ്ങളാണ്. പിന്നീടുള്ള സാധ്യത ചെറുകിട പാര്‍ട്ടികളില്‍ ഏതെങ്കിലും വളര്‍ന്നു വരികയെന്നതാണ്. പട്ടാളിമക്കള്‍ കക്ഷിക്ക് ജാതി പാര്‍ട്ടിയെന്ന പേര് ദോഷം ചെയ്യും. വൈകോയുടെ എം.ഡി.എം.കെയ്ക്കും വിജയകാന്തിന്റെ എം.ഡി.എം.കെയ്ക്കും ശ്രമിച്ചാല്‍ ഉയര്‍ന്നുവരാം.
പിന്നെ സാധ്യതയുള്ളതു ബി.ജെ.പിക്കാണ്. ഡി.എം.കെയോ അണ്ണാ ഡി.എം.കെയോ ആയി ചേര്‍ന്നോ ചെറുപാര്‍ട്ടികളെ ഒന്നിച്ചുചേര്‍ത്തോ ബി.ജെ.പി ശക്തമായ അടിത്തറയണ്ടാക്കിയെടുക്കാന്‍ സാധ്യതയുണ്ട്. അമിത് ഷായുടെ ചാണക്യ തന്ത്രങ്ങള്‍ ഫലിച്ചാല്‍ ഇത് അവര്‍ക്കു ബുദ്ധിമുട്ടുള്ള കാര്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."