ചെമ്പന്‍ കൊലുമ്പന്‍ സ്മാരക നിര്‍മാണത്തിന് തുടക്കമാകുന്നു
ചെറുതോണി : ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് സ്ഥലം കാണിച്ചു നല്‍കിയ ആദിവാസി ഗോത്രത്തലവന്‍ ചെമ്പന്‍ കൊലുമ്പന്‍ സ്മാരക നിര്‍മാണോദ്ഘാടനം ചൊവ്വാഴ്ച രാവിലെ ഒന്‍പതു മണിക്ക് റോഷി അഗസ്റ്റിന്‍ എം.എല്‍.എ നിര്‍വഹിക്കും.
ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, സാമൂഹിക - സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. 70 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് അനുമതി. സാംസ്‌കാരിക വകുപ്പ് മുഖേന ഏറ്റെടുത്ത് നടപ്പിലാക്കുന്ന ജില്ലയിലെ തന്നെ ആദ്യത്തെ നിര്‍മാണ പ്രവര്‍ത്തനമാണിത്.
ചെമ്പന്‍ കൊലുമ്പന്റെ പൂര്‍ണ്ണകായ പ്രതിമ സ്ഥാപിക്കുന്നതിനും സമാധി സ്ഥലത്ത് കുടീരം നിര്‍മിക്കുന്നതിനും പരമ്പരാഗതമായി നിലനിര്‍ത്തി വരുന്ന വിളക്ക് സ്ഥാപിച്ചിരിക്കുന്നിടം നവീകരിക്കുന്നതിനുമുള്ള പദ്ധതികളാണ് ഉള്‍പ്പെടുന്നത്.
2012-13 സംസ്ഥാന ബജറ്റിലാണ് ചെമ്പന്‍കൊലുമ്പന്‍ സമാധി സ്ഥലം സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്തുകൊണ്ട് പ്രഖ്യാപനമുണ്ടായത്. തുടര്‍ന്ന് ഇതിന്റെ നടത്തിപ്പിനായി എം.എല്‍.എ. ചെയര്‍മാനും എ.ഡി.എം. സെക്രട്ടറിയും പുരാവസ്തു വകുപ്പ് ഡയറക്ടര്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍, കോട്ടയം ഡി.എഫ്.ഒ., ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ്, ത്രിതല പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍മാര്‍, ഇടുക്കി വില്ലേജ് ഓഫീസര്‍, ആദിവാസി കാണി എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റി രൂപീകരിച്ചു. തുടര്‍ന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പദ്ധതിക്കാവശ്യമായ രൂപരേഖ തയ്യാറാക്കുകയും ചെയ്തു.
1922 ല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടും സുഹൃത്തായ തോമസും കൂടി നായാട്ടിനായി കുയിലിമല ഭാഗത്ത് എത്തിച്ചേര്‍ന്നപ്പോള്‍ വന്യജീവികളുടെ അക്രമം തടയുന്നതിനായി ആദിവാസി ഊരാളി വിഭാഗം തലവനായ ചെമ്പന്‍ കൊലുമ്പനെ സംഘത്തില്‍ ചേര്‍ക്കുകയായിരുന്നു. വനത്തിലൂടെ സഞ്ചരിക്കവേ കുറവന്‍-കുറത്തി മലകളെക്കുറിച്ചും അതുവഴിയുള്ള ഒഴുക്കുവെള്ളത്തെക്കുറിച്ചും സംസാരിച്ചു.
തുടര്‍ന്ന് കുറവന്‍-കുറത്തി മലകളെ ബന്ധിപ്പിച്ച് വെള്ളം തടഞ്ഞു നിര്‍ത്തിയാല്‍ താഴ്ന്ന പ്രദേശമായ മൂലമറ്റം - മലങ്കരഭാഗത്ത് എത്തിക്കാനായാല്‍ വൈദ്യുതി ഉത്പാദനം സാധ്യമാക്കാനാകുമെന്ന ആശയം ഉരുത്തിരിഞ്ഞത്.
ഇടുക്കി ആര്‍ച്ച് ഡാമിന്റെ കമ്മിഷനോടനുബന്ധിച്ച് ഡാമിനോടു ചേര്‍ന്ന് കൊലുമ്പന്റെ പൂര്‍ണ്ണകായ പ്രതിമ സ്ഥാപിച്ചു. അന്ന് പ്രതിമ കൊത്തിയ ശില്പി കുന്നുവിള മുരളി തന്നെയാണ് കൊലുമ്പന്‍ സമാധി സ്ഥലത്തെ പുതിയ പ്രതിമയും നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കി സമാധി സ്ഥലം സാംസ്‌കാരിക വകുപ്പിന് ടൂറിസം വകുപ്പ് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."