യു.ഡി.എഫിന്റെ 62,744 വോട്ടുകള്‍ ചോര്‍ന്നു; തിരിച്ചടി നേട്ടമായത് എന്‍.ഡി.എയ്ക്ക്
വോട്ടു വിഹിതം വര്‍ധിപ്പിച്ച് എല്‍.ഡി.എഫ്
ആലപ്പുഴ: ഹരിപ്പാട് മാത്രം നേടി കനത്ത തിരിച്ചടി നേരിട്ട യു.ഡി.എഫിന് ജില്ലയില്‍ വന്‍തോതില്‍ വോട്ടു ചോര്‍ച്ച. യു.ഡി.എഫ് വോട്ടുകള്‍ ചോര്‍ന്നതിന്റെ ഗുണം എന്‍.ഡി.എ നേടിയപ്പോള്‍ എല്‍.ഡി.എഫും നേട്ടം കൊയ്തു. ഒന്‍പതില്‍ എട്ടിടത്തും ഇടതിനോട് അടിയറവ് പറഞ്ഞ യു.ഡി.എഫ് കണക്കുകള്‍ പുറത്തു വന്നതോടെ വോട്ടു ചോര്‍ച്ചയില്‍ ഞെട്ടി നില്‍ക്കുകയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജില്ലയിലെ പോളിങ് ശതമാനത്തില്‍ നേരിയ വര്‍ധനവുണ്ടായപ്പോള്‍ വോട്ടുകളുടെ കണക്കില്‍ യു.ഡി.എഫ് വന്‍ തകര്‍ച്ചയാണ് നേരിട്ടത്. 79.11 ശതമാനം പോളിങ് നന്ന 2011ല്‍ യു.ഡി.എഫിനു ഒമ്പതുമണ്ഡലങ്ങളില്‍ നിന്നുമായി 5,45,785 വോട്ടുകള്‍ (45.01 ശതമാനം) ലഭിച്ചിരുന്നു. അത് ഇക്കുറി 4,83,041 ആയി(35.17 ശതമാനം) കുറഞ്ഞു. അറുപതിനായിരത്തില്‍ പരം വോട്ടുകളാണ് കുറഞ്ഞത്. എന്‍.ഡി.എയുടെ വോട്ടുകളില്‍ കാര്യമായ വര്‍ധനവുണ്ടായപ്പോള്‍ വോട്ടുനഷ്ടം ഉണ്ടായത് യു.ഡി.എഫിനാണെന്നു മാത്രം. എല്‍.ഡി.എഫിനും വോട്ടുകളില്‍ വര്‍ധനയുണ്ടായി. 62,744 വോട്ടുകളാണ് 2011 നെ അപേക്ഷിച്ചു യു.ഡി.എഫിനു കുറഞ്ഞത്.
ഇക്കുറി ചേര്‍ത്തലയിലും ഹരിപ്പാടും ഒഴികെയുള്ള ഇടങ്ങളില്‍ വോട്ടുകള്‍ നന്നായി കുറഞ്ഞു. അരൂരില്‍ 59,823ല്‍ നിന്നും 46201 ആയാണ് താഴ്ന്നത്. ആലപ്പുഴയില്‍ 59515ല്‍ നിന്നും 52179 ആയി. അമ്പലപ്പുഴയിലാകട്ടെ 47148 എന്നതു 40448 എന്ന നിലയിലായി. കുട്ടനാട്ടില്‍ 52039 എന്നത് 45223 എന്നായി. കായംകുളത്തു 66094 വോട്ടുണ്ടായിരുന്നതു 61099 എന്ന നിലയിലെത്തി. മാവേലിക്കരയില്‍ 60754 എന്നതില്‍ 44,897ലേക്കു പോയപ്പോള്‍ ചെങ്ങന്നൂരില്‍ 65,156 വോട്ടുണ്ടായിരുന്നത് 44,897 ആയി കുറഞ്ഞു.
ചേര്‍ത്തലയില്‍ കഴിഞ്ഞ തവണ 67,878 74,001 ആയി ഉയര്‍ന്നെങ്കിലും സ്ഥാനാര്‍ഥി ശരത് പരാജയപ്പെട്ടു. ഹരിപ്പാട് 67,378 വോട്ടുണ്ടായിരുന്നത് 75,980 ആയി ഉയര്‍ന്നപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമേശ് ചെന്നിത്തല വിജയിച്ചു. എല്‍.ഡി.എഫ് നേട്ടമുണ്ടാക്കിയെങ്കിലും ശതമാനക്കണക്കില്‍ കുറവുണ്ടായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ 6,10,289 എന്ന വോട്ടിംഗ് നില 2016 ആയപ്പോള്‍ 6,20,061 ആയി ഉയര്‍ന്നു. ശതമാനം 50.33 ല്‍ നിന്നും 45.84 ആയെന്നു മാത്രം. 2011നെ അപേക്ഷിച്ചു നേരിയ വര്‍ധനവ് മാത്രമായിരുന്നു(.77 ശതമാനം) ഇക്കുറി പോളിംഗ് ശതമാനത്തിലുണ്ടായിരുന്നത്.
എല്‍ഡിഎഫിനു ചേര്‍ത്തലയിലും അമ്പലപ്പുഴയിലും ഹരിപ്പാടും കുട്ടനാട്ടിലും ഒഴികെയുള്ള ഇടങ്ങളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വോട്ടുകള്‍ ലഭിച്ചു. അരൂര്‍84,720(76,675), ചേര്‍ത്തല81,197(86,193), ആലപ്പുഴ83,211(75,857), അമ്പലപ്പുഴ63,069(63,728), കുട്ടനാട്50,114(60,010), ഹരിപ്പാട്57,359(61,858), കായംകുളം72,956(67,409), മാവേലിക്കര74,555(65,903), ചെങ്ങന്നൂര്‍52,880(44,897) എന്നിങ്ങനെയാണ് ഇടതുപക്ഷത്തിന്റെ നില. 2011നെ അപേക്ഷിച്ച് 9,772 വോട്ടുകളാണ് എല്‍.ഡി.എഫിനു കൂടുതല്‍ ലഭിച്ചത്. ഇടതുവിജയത്തിനു ക്ഷതമുണ്ടാക്കിയില്ലെങ്കിലും ബി.ജെ.പി - ബി.ഡി.ജെ.എസ് സഖ്യമാണ് ജില്ലയില്‍ വോട്ടിംഗ് നിലയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കിയത്.
ഇവരുടെ വോട്ടിംഗ് വര്‍ധന കാര്യമായി ബാധിച്ചത് യു.ഡി.എഫിനെയുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെ 41,296 വോട്ടായിരുന്നു ഇവര്‍ നേടിയത്. വെറും 3.40 ശതമാനം മാത്രമായിരുന്നു ഇത്.
ഇക്കുറി അത് 16.85 ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ ഇവര്‍ക്കായി. മുന്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നാലക്കം കടക്കാതിരുന്ന ഇവര്‍ ഇക്കുറി മത്സരിച്ചവരെല്ലാം അഞ്ചക്കം പിന്നിട്ടുവെന്ന പ്രത്യേകതയുമുണ്ട്. 2,27,951 വോട്ടുകളാണ് ഇവര്‍ ഇക്കുറി ഒമ്പതുമണ്ഡലങ്ങളില്‍ നിന്നായി നേടിയത്. ചെങ്ങന്നൂരില്‍ നിന്നും മത്സരിച്ച അഡ്വ. പി.എസ് ശ്രീധരന്‍പിള്ള നേടിയ 42,682 വോട്ടുകളാണ് ഇതില്‍ ഒന്നാമത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്കു മൊത്തം ലഭിച്ച വോട്ടിലും(41,296) കൂടുതലാണിത്. എന്‍.ഡി.എ സഖ്യത്തില്‍ കുറവ് ഹരിപ്പാട്ടെ സ്ഥാനാര്‍ഥി നേടിയ 12,985 വോട്ടാണ്.
ജില്ലയിലെ ത്രികോണ മത്സരങ്ങളില്‍ എല്‍.ഡി.എഫും എന്‍.ഡി.എയും നേട്ടം കൊയ്തപ്പോള്‍ പ്രത്യക്ഷത്തില്‍ വോട്ടുകളുടെ നഷ്ടം യു.ഡി.എഫിനാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."