കവര്‍ച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ മുഖ്യപ്രതി പിടിയില്‍
കൊച്ചി: ആലപ്പുഴ സ്വദേശിയില്‍ നിന്നും മൊബൈല്‍ ഫോണും പണമടങ്ങിയ പേഴ്‌സും ദേഹോപദ്രവം ഏല്‍പ്പിച്ച് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പൊലിസിന്റെ പിടിയിലായി.
എറണാകുളം മൊണാസ്ട്രി റോഡില്‍ മേട്ടേക്കാട്ട് പറമ്പില്‍ അജിത് (29) ആണ്് എറണാകുളം സെന്‍ട്രല്‍ പൊലിസിന്റെ പിടിയിലായത്. നവംബര്‍ 13ന് രാത്രി 11.30നാണ് കേസിനാസ്പദമായ സംഭവം.
എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലേക്ക് പോവുകയായിരുന്ന കുത്തിയതോട് സ്വദേശി ആന്റണിയെ മഹാരാജാസ് കോളജ് ഗ്രൗണ്ടിന് സമീപം വച്ച് അജിത്തും കൂട്ടാളികളും ചേര്‍ന്ന് ദേഹോപദ്രവം ഏല്‍പിച്ച് മൊബൈല്‍ ഫോണും പണമടങ്ങിയ പേഴ്‌സും തട്ടിയെടുക്കുകയായിരുന്നു. ആന്റണിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച സെന്‍ട്രല്‍ പൊലിസ് കേസിലുള്‍പ്പെട്ട കളമശേരി ഗ്ലാസ് ഫാക്ടറി ചാമപ്പറമ്പില്‍ വീട്ടില്‍ അജി, ആലപ്പുഴ, കാസര്‍ഗോഡ് സ്വദേശികളായ രണ്ട് കൗമാരക്കാരേയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു.
കൂട്ടാളികള്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് മുങ്ങിയ ഒന്നാം പ്രതി അജിത്ത് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് എത്തിയെന്ന് രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
കമ്മിഷണര്‍ എം.പി ദിനേശിന്റെ നിര്‍ദേശ പ്രകാരം ഡെപ്യൂട്ടി കമ്മിഷണര്‍ അരുള്‍ ബി നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എറണാകുളം അസി. കമ്മിഷണര്‍ കെ ലാല്‍ജി, സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ അനന്തലാല്‍, സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എസ് വിജയകുമാര്‍, അഡീഷനല്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ഡി ദീപു, ആര്‍ മധു, ടി.വി ധരണീധരന്‍, സീനിയര്‍ സി.പി.ഒ ഷാജി, സി.പി.ഒമാരായ സുധീര്‍ ബാബു, രാജേഷ്, സുരേഷ്, സജീവന്‍ എന്നിരുള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."