ജയലളിതയുടെ മരണശേഷം ആദ്യമായി തമിഴ്‌നാട് മന്ത്രിസഭ ഇന്നു ചേരും
ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത അന്തരിച്ചതിനു പിറകെ കഴിഞ്ഞ അഞ്ചിനു പുലര്‍ച്ചെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ തമിഴ്‌നാട് മന്ത്രിസഭ ഇന്നു ചേരും. മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ ഇന്നു രാവിലെ 11.30ന് സെക്രട്ടേറിയേറ്റിലാണു യോഗം ചേരുന്നത്.
ജയലളിതക്ക് ആദരാഞ്ജലി അര്‍പ്പിച്ചായിരിക്കും യോഗം ആരംഭിക്കുക. യോഗത്തിനു ശേഷം മന്ത്രിമാര്‍ വിവിധ വകുപ്പുകളുടെ ചുമതല ഏറ്റെടുക്കുമെന്നാണ് അറിയുന്നത്.
അതിനിടെ, ജയലളിതയുടെ ഉറ്റതോഴിയും പുതിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുമെന്നു പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്ന ശശികല നടരാജനുമായി പനീര്‍ശെല്‍വം ഇന്നലെ വീണ്ടും പോയസ് ഗാര്‍ഡനിലെത്തി ചര്‍ച്ച നടത്തി. ഏതാനും മുതിര്‍ന്ന മന്ത്രിമാരും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു.
എന്നാല്‍, കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ജയലളിത 27 വര്‍ഷമായി കൈയടക്കിവച്ചിരുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകളാണു നടക്കുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്. ഏറെ കാലമായി ജയലളിതയുടെ നിഴലായി കഴിഞ്ഞിരുന്ന ശശികല ഏതാനും വര്‍ഷങ്ങളായി പാര്‍ട്ടി, അധികാരരംഗങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ടിരുന്നെങ്കിലും അവരുടെ മരണത്തോടെ വീണ്ടും പാര്‍ട്ടിയുടെ കേന്ദ്രസ്ഥാനത്തേക്കെത്തിയിരിക്കുകയാണ്.
ശശികല തന്നെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുമെന്നാണു പ്രധാനമായും പ്രചാരണങ്ങളുള്ളത്. ജയലളിതയുടെ മരണാനന്തര ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയിരുന്ന ശശികലയെ പ്രധാനമന്ത്രി നരേന്ദ്രമോദി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."